ന്യൂഡൽഹി: ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF). 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി (GDP) വളർച്ചാ നിരക്ക് 7 ശതമാനമായി ഉയരുമെന്ന് ഐ.എം.എഫ് തങ്ങളുടെ പുതിയ 'വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്' റിപ്പോർട്ടിൽ വ്യക്തമാക്കി.
മുൻപ് ജൂലൈ മാസത്തിൽ കണക്കാക്കിയ 6.4 ശതമാനത്തിൽ നിന്നാണ് ഈ വലിയ വർധനവ് വരുത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നടപ്പു വർഷത്തെ ജി.ഡി.പി വളർച്ചാ നിരക്ക് 7.1 ശതമാനമായി ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ഐ.എം.എഫിന്റെയും പുതിയ പ്രഖ്യാപനം.
ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യകതയും സർവീസ് മേഖലയിലെ മികച്ച പ്രകടനവുമാണ് ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിന് കരുത്തേകുന്നത്. 2027-28 സാമ്പത്തിക വർഷത്തിലും ഇന്ത്യ 7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫ് പ്രവചിക്കുന്നത്. റഷ്യ-ഉക്രൈൻ, യു.എസ്-ഇറാൻ യുദ്ധങ്ങളെ തുടർന്നുള്ള ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വിലക്കയറ്റവും നിലനിൽക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിൽ തുടരുമ്പോഴാണ് ഇന്ത്യ മികച്ച കുതിപ്പ് നടത്തുന്നത്. 2026-ൽ ആഗോള വളർച്ചാ നിരക്ക് 3.1 ശതമാനം മാത്രമായിരിക്കും. അമേരിക്ക, ജർമ്മനി, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ചെറിയ തോതിൽ സാമ്പത്തിക ഉണർവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ വളർച്ച മന്ദഗതിയിലാകുമെന്ന് ഐ.എം.എഫ് ചൂണ്ടിക്കാണിക്കുന്നു.
ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB), എസ്.ആൻഡ്.പി (S&P), ഫിച്ച് (Fitch) തുടങ്ങിയ പ്രമുഖ സാമ്പത്തിക റേറ്റിംഗ് ഏജൻസികളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം നേരത്തെ 7 ശതമാനമായി ഉയർത്തിയിരുന്നു. വർദ്ധിച്ചുവരുന്ന യുവജനശേഷിയും വിപുലമാകുന്ന വിപണിയും, കേന്ദ്രസർക്കാറിന്റെ സാമ്പത്തിക പരിഷ്കാരങ്ങളും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക ശക്തിയായി നിലനിർത്താൻ സഹായിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
