മീററ്റ്: ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്ന് കൊലപ്പെടുത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിന്റെ കൊലപാതകത്തെ കുറിച്ച് ദമ്പതികളുടെ ആറുവയസ്സുകാരിയായ മകള്‍ക്ക് അറിയാമായിരുന്നെന്ന് സൂചന. അയല്‍ക്കാരോട് 'പപ്പാ ഡ്രം മേം ഹേ' (അച്ഛന്‍ വീപ്പയ്ക്കകത്തുണ്ട്) എന്ന് കുട്ടി പറഞ്ഞുകൊണ്ടിരുന്നുവെന്ന് സൗരഭിന്റെ അമ്മ രേണു ദേവി പറഞ്ഞു. കൊലപാതകത്തിനും പിന്നീട് സൗരഭിന്റെ മൃതദേഹം വെട്ടിമുറിച്ച് വീപ്പയിലാക്കിയതിനും കുട്ടി സാക്ഷിയായിരുന്നെന്ന് ഇത് സൂചിപ്പിക്കുന്നു.
ലണ്ടനില്‍ ജോലി ചെയ്തിരുന്ന സൗരഭ് രജ്പുത്, മകളുടെ ആറാം ജന്മദിനം ആഘോഷിക്കാനാണ് മീററ്റിലെത്തിയത്. മാര്‍ച്ച് 4 ന് അദ്ദേഹം കൊല്ലപ്പെട്ടു. ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി ഒരു ഡ്രമ്മിലിട്ട് സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു.
'മാര്‍ച്ച് 4 ന് അവര്‍ (മുസ്‌കാനും സാഹിലും) എന്റെ മകനെ കൊലപ്പെടുത്തി ഒരു യാത്ര പോയി. വീട്ടുടമസ്ഥന്‍ നേരത്തെ അവളോട് വീട് പുതുക്കിപ്പണിയാന്‍ വേണ്ടി ഒഴിയാന്‍ പറഞ്ഞിരുന്നു. അവര്‍ തിരിച്ചെത്തിയപ്പോള്‍ വീട് ഒഴിയാന്‍ അയാള്‍ തൊഴിലാളികളെ അയച്ചു. അവര്‍ക്ക് ഡ്രം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അതില്‍ എന്താണെന്ന് അവര്‍ അവളോട് (മുസ്‌കാനോട്) ചോദിച്ചപ്പോള്‍, അത് മാലിന്യമാണെന്ന് അവള്‍ മറുപടി നല്‍കി.' സൗരഭിന്റെ മാതാവ് രേണു ദേവി പറഞ്ഞു.
തൊഴിലാളികള്‍ ഡ്രമ്മിന്റെ മൂടി തുറന്നപ്പോള്‍ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധം നിറഞ്ഞതായി രേണു ദേവി പറഞ്ഞു. 'അവര്‍ പോലീസിനെ വിളിച്ചു. പോലീസുകാര്‍ എത്തിയപ്പോഴേക്കും അവള്‍ (മുസ്‌കാന്‍) മാതാപിതാക്കളുടെ അടുത്ത് എത്തിയിരുന്നു.'
സൗരഭിനെ കൊലപ്പെടുത്തിയെന്ന് മുസ്‌കാന്‍ സമ്മതിച്ചതായും അവര്‍ ഉടന്‍ തന്നെ അവളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും മുസ്‌കാന്റെ അമ്മ കവിത റസ്തോഗി പറഞ്ഞിരുന്നു.
എന്നാല്‍ മുസ്‌കാന്റെ മാതാപിതാക്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റകൃത്യത്തെക്കുറിച്ച് മുസ്‌കാന്റെ അമ്മയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും രേണു ദേവി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്