മുംബൈ : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ ഇരിപ്പിടത്തെച്ചൊല്ലി വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം.നാഗ്പുരില്‍ സംഘടിപ്പിച്ച തൊഴില്‍മേളയിലാണ് തപാല്‍ വകുപ്പിലെ രണ്ട് മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.കൈമുട്ട് കൊണ്ട് കുത്തിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥര്‍ വേദിയിലിരുന്ന് പോരടിക്കുന്ന വീഡിയോയും ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സന്നിഹിതനായ വേദിയിലായിരുന്നു സംഭവം.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍മാരായ(പിഎംജി) ശോഭ മധാലെയും, സുചിത ജോഷിയും തമ്മിലാണ് വേദിയില്‍വെച്ച് തര്‍ക്കമുണ്ടായത്. അടുത്തിടെ നടന്ന ട്രാന്‍സ്ഫറിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വേദിയിലേക്കും നീണ്ടതെന്നാണ് റിപ്പോര്‍ട്ട്.
നാഗ്പുർ മേഖല പോസ്റ്റ് മാസ്റ്റർ ജനറലായി സേവനം അനുഷ്ഠിച്ചിരുന്ന വനിതാ ഓഫിസർ ശോഭ മധാലെയെ കർണാടകയിലേക്കു സ്ഥലം മാറ്റിയിരുന്നു.തുടര്‍ന്ന് നവിമുംബൈ പോസ്റ്റ്മാസ്റ്റര്‍ ജനറലായ സുചിത ജോഷിക്ക് നാഗ്പുരിലെ താത്കാലിക ചുമതല കൂടി നല്‍കി.എന്നാൽ, തന്റെ സ്ഥലംമാറ്റ ഉത്തരവ് ചോദ്യംചെയ്ത ശോഭ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വാങ്ങിയെടുത്തിരുന്നു.ഇതോടെ ആ തസ്തികയുടെ ഔദ്യോഗിക ചുമതല ആർക്കാണെന്നതിൽ ആശയക്കുഴപ്പമുണ്ടായി.ഇത് വനിതാ ഉദ്യോഗസ്ഥർക്കിടയിൽ വലിയ സംഘർഷമുണ്ടാക്കിയിരുന്നു.ഇതാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പങ്കെടുത്ത വേദിയിലേക്കും നീണ്ടത്.
മന്ത്രി പങ്കെടുത്ത വേദിയില്‍ രണ്ട് ഉദ്യോഗസ്ഥരും ഒരേ സോഫയിലാണ് ഇരുന്നിരുന്നത്. തുടര്‍ന്ന് ശോഭ മധാലെ സുചിത ജോഷിയോട് മാറിയിരിക്കാന്‍ ആവശ്യപ്പെടുന്നതും ഇവർ ഇതിന് കൂട്ടാക്കാതിരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ശോഭ കൈമുട്ടുകൊണ്ട് സുചിത ജോഷിയെ തള്ളുന്നതും നുള്ളുന്നതുമെല്ലാം ഉണ്ടായത്. മാറിയിരിക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും സഹപ്രവര്‍ത്തകയെ തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്.ബഹളം കേട്ട് ഗഡ്കരി ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയോടെ ഇരുവരെയും നോക്കുന്നതും വിഡിയോയിൽനിന്നു വ്യക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
