ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കൃഷിയിലെ നവീകരണം, ആരോഗ്യം, കാലാവസ്ഥാ, ഇന്ത്യയില്‍ നിന്ന് ലോകത്തിന് നല്‍കാനുള്ള പാഠങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി.
നരേന്ദ്ര മോദിയെ കാണുന്നത് എപ്പോഴും പ്രചോദനം നല്‍കുന്ന കാര്യമാണെന്നും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടായിരുന്നുവെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയെ 'അത്ഭുതകരം' എന്നാണ് വിശേഷിപ്പിച്ചത്. 'നമ്മുടെ ഗ്രഹത്തെ മികച്ചതാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്.'- എക്സിലെ പോസ്റ്റില്‍ മോദി പറഞ്ഞു.
വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബില്‍ ഗേറ്റ്സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ചൊവ്വാഴ്ച രാത്രി ഒഡീഷയിലെത്തിയ അദ്ദേഹം ബുധനാഴ്ച മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കണ്ടു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഭുവനേശ്വറിലെ ഒരു ചേരി സന്ദര്‍ശിക്കുകയും അവിടത്തെ താമസക്കാരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു. സംസ്ഥാനത്തെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായും അദ്ദേഹം സംവദിച്ചു.ഗുജറാത്തിലെ ജാംനഗറില്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള പരിപാടികളിലും ബില്‍ ഗേറ്റ്സ് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബില്‍ ഗേറ്റ്സും അദ്ദേഹത്തിന്റെ മുന്‍ ഭാര്യ മെലിന്‍ഡയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് 1,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ ആഗോള വ്യക്തിത്വങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിഥി പട്ടികയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കും. ഫെബ്രുവരി 16ന് ജാംനഗറില്‍ നടന്ന 'ലഗാന്‍ ലഖ്വാനു' ചടങ്ങോടെയാണ് അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്