കൊൽക്കത്ത: ബംഗാളിലെ ഭക്ഷണരീതികളെ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കം ശക്തമായിരിക്കെ, മാംസാഹാരം പ്രസാദമായി അര്‍പ്പിക്കുന്ന തന്തോനിയ കാളിബാരി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി. ഏപ്രില്‍ 29ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന നഗരത്തില്‍ റോഡ് ഷോയ്ക്ക് ഇറങ്ങുന്നതിന് മുന്‍പാണ് ഞായറാഴ്ച മോദി ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.
300 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ കാളിദേവിയെ ‘മാ സിദ്ധേശ്വരി’ എന്ന പേരിലാണ് ആരാധിക്കുന്നത്. ഇന്ത്യയില്‍ മാംസാഹാരം പ്രസാദമായി നല്‍കുന്ന അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ഈ ആചാരത്തിന് പിന്നില്‍ ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ട ചരിത്രമുണ്ടെന്നാണ് വിശ്വാസം. ബ്രഹ്മാനന്ദ കേശവ് ചന്ദ്ര സെന്നിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനിടെ ശ്രീരാമകൃഷ്ണന്‍ ‘ദാബ്-ചിംഗ്‌രി’ സമര്‍പ്പിച്ചതായും അതുമുതല്‍ ഈ ആചാരം തുടരുന്നതായും പറയപ്പെടുന്നു.
പശ്ചിമബംഗാളില്‍ നോണ്‍-വെജ് ഭക്ഷണരീതികളെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ശ്രദ്ധ നേടുന്നത്. അധികാരത്തിലെത്തിയാല്‍ ബിജെപി സംസ്ഥാനത്തിന്റെ ഭക്ഷ്യസംസ്‌കാരത്തില്‍ ഇടപെടുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്.
ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്സവസമയത്ത് മാംസ-മത്സ്യ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണങ്ങള്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ ബിജെപി തള്ളിക്കളഞ്ഞു. നോണ്‍-വെജ് ഭക്ഷണം നിരോധിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്നും ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യം മാനിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയും കേന്ദ്രമന്ത്രി സുകാന്ത മജുംദാറും വ്യക്തമാക്കി.
ഇതിനിടെ ബിജെപി നേതാവ് തെംജന്‍ ഇംന അലോംഗ് താന്‍ മാംസം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് മമത ബാനര്‍ജിക്ക് മറുപടി നല്‍കി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രചാരണത്തിനിടെ മീന്‍ ഉള്‍പ്പെട്ട ഭക്ഷണം കഴിച്ച് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
