ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരായ മിങ്കി ശർമ (25) ആണ് സഹപ്രവർത്തകന്റെ ക്രൂരതയ്ക്ക് ഇരയായത്.
കൊലപാതകത്തിന് ശേഷം യുവതിയുടെ തന്നെ സ്കൂട്ടറിലെത്തിയാണ് പ്രതി മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ സഹപ്രവർത്തകനായ വിനയ് രജ്പുതിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23-ന് ജോലിക്ക് പോയ മിങ്കി ശർമ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ ആഗ്ര പോലീസ് നഗരത്തിലുടനീളം വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ അന്വേഷണം ഒരു ദിവസം പിന്നിടുമ്പോൾ പുറത്തുവന്നത് അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ്.
ജനുവരി 24ന് പുലർച്ചെ ഒരു മണിയോടെയാണ് പാർവതി വിഹാർ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചാക്ക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചാക്ക് തുറന്നു പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് ശിരസ്സറ്റ നിലയിലുള്ള മിങ്കി ശർമയുടെ മൃതദേഹമാണ്. പരിസരത്തെ നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിന് പിന്നാലെയാണ് കൊലയാളിയെ പോലീസ് കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിനയ് രജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായാണ് പ്രതി തലയറുത്ത് മാറ്റിയത്.
അതേസമയം മിങ്കി ശർമയുടെ കൊലപാതകത്തിന് പിന്നിൽ പ്രണയപ്പകയെന്നാണ് പ്രതിയുടെ മൊഴി. മിങ്കിയുമായി താൻ അടുത്ത ബന്ധത്തിലായിരുന്നുവെന്നും എന്നാൽ അടുത്തിടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നും പ്രതി വിനയ് രജ്പുത് പോലീസിന് മൊഴി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
