ഏറ്റവും ചൂടേറിയ വര്‍ഷം 2024 സാണെന്ന് ലോക കാലാവസ്ഥാ സംഘടനാ (WMO)യുടെ റിപ്പോര്‍ട്ട്. വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5°C ചൂട് ആണ് 2024 ല്‍ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അന്തരീക്ഷത്തില്‍ +3.5 പാര്‍ട്സ് പെര്‍ മില്യണ്‍ (ppm) നിരക്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് പുതിയ ഉയരങ്ങളിലെത്തി.
1957 ല്‍ അന്തരീക്ഷ നിരീക്ഷണം ആരംഭിച്ചതിനുശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത ഉയര്‍ന്ന നിരക്കാണിത്. ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന് WMO യുടെ 21-ാം മത് വാര്‍ഷിക ഗ്രീന്‍ഹൗസ് ഗ്യാസ് ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച പഠനവും വ്യക്തമാക്കുന്നു. ഇത്തരം വാതകങ്ങളെ പുറന്തള്ളാനുള്ള ഗ്രഹത്തിന്റെ സ്വാഭാവിക ശേഷി ദുര്‍ബലമാവുകയാണ്. ഇത് ഉയര്‍ന്ന താപത്തിനും പ്രതികൂല കാലാവസ്ഥക്കും കാരണമാകുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ CO2
2024 ല്‍ CO2 ന്റെ ആഗോള ശരാശരി സാന്ദ്രത 423.9 ± 0.2 ppm ആയിരുന്നു. 2023 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 3.5 ppm ആണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ 3.5 ppm ല്‍ നിന്നുള്ള വര്‍ധനവ് ഏകദേശം 70 വര്‍ഷത്തിനിടയിലെ CO2 വിന്റെ ഏറ്റവും വേഗതയേറിയ വര്‍ധനവിനെയാണ് സൂചിപ്പിക്കുന്നത്.
ഫോസില്‍ ഇന്ധന ജ്വലനത്തിലെ വര്‍ധനവ്, എല്‍ നിനോ മൂലമുണ്ടായ വര്‍ധിച്ച വരള്‍ച്ച, കാര്‍ബണ്‍ സിങ്കുകളെ നശിപ്പിക്കുകയും സംഭരിച്ച കാര്‍ബണ്‍ വീണ്ടും വായുവിലേക്ക് വിടുകയും ചെയ്തതുമൂലം ഉണ്ടായ വന്‍ കാട്ടുതീ എന്നിവയാണ് ഈ വര്‍ധനവിന് കാരണമെന്ന് WMO ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ആമസോണ്‍ തടത്തിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും ഉണ്ടായ തീപിടുത്തങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഭീകരമായ ഒന്നായിരുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും മൂലമുണ്ടാകുന്ന ചൂട് കാലാവസ്ഥയെ ടര്‍ബോ-ചാര്‍ജ് ചെയ്യുകയും കൂടുതല്‍ തീവ്രമായ കാലാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് WMO ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കോ ബാരറ്റ് പറയുന്നു.
റെക്കോര്‍ഡ് തകര്‍ത്ത് മീഥെയ്നും നൈട്രസ് ഓക്‌സൈഡും
ദീര്‍ഘകാലം നിലനില്‍ക്കുന്ന മറ്റ് രണ്ട് പ്രധാന ഹരിതഗൃഹ വാതകങ്ങളാണ് മീഥെയ്നും (CH4) നൈട്രസ് ഓക്‌സൈഡും (N2O). ഇവയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. മീഥെയ്ന്‍ 1,942 പാര്‍ട്സ് പെര്‍ ബില്യണ്‍ (ppb) രേഖപ്പെടുത്തി. ഇത് മുന്‍പുള്ള നിലവാരത്തില്‍ നിന്നും 166% കൂടുതലാണ്. നൈട്രസ് ഓക്‌സൈഡ് മാത്രം 338 ppb ആണ് ഉയര്‍ന്നത്.
മുന്‍പുള്ള നിലവാരത്തില്‍ നിന്നും 125% കൂടുതലാണിത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന എല്ലാ ഹരിതഗൃഹ വാതകങ്ങളുടെയും താപന ഫലത്തിന്റെ ഏകദേശം 98 ശതമാനവും ഈ മൂന്ന് വാതകങ്ങളാണ് നല്‍കുന്നത്. മൊത്തം താപന ആഘാതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും CO2 മാത്രമാണ് സംഭാവന ചെയ്യുന്നത്.
ജനീവയില്‍ നടന്ന ഒരു ബ്രീഫിംഗില്‍, WMO യുടെ സീനിയര്‍ സയന്റിഫിക് ഓഫിസറും ബുള്ളറ്റിനിന്റെ മുഖ്യ രചയിതാവുമായ ഒക്സാന താരസോവ ഇപ്പോള്‍ രൂപപ്പെടുന്ന ഭയാനകമായ ഫീഡ്ബാക്ക് ലൂപ്പിനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അഭിപ്രായത്തില്‍ CO2 അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്നു. ഇതിന് വളരെ നീണ്ട ആയുസുണ്ട്. പുറത്തുവിടുന്ന ഓരോ തന്മാത്രയും ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുന്നു. മനുഷ്യന്‍ പുറത്തുവിടുന്ന CO2 ന്റെ പകുതിയും വനങ്ങള്‍, കര, സമുദ്രങ്ങള്‍ എന്നിവയാല്‍ ആഗിരണം ചെയ്യപ്പെടുന്നു എന്നും അവര്‍ വ്യക്തമാക്കുന്നു.
എല്‍ നിനോ, കാട്ടുതീ, കാര്‍ബണ്‍ സിങ്കുകളുടെ ദുര്‍ബലപ്പെടുത്തല്‍
2024 ലെ CO2 വര്‍ധനവിന്റെ ഭൂരിഭാഗവും കരയിലെ ആവാസവ്യവസ്ഥയുടെ കാര്‍ബണ്‍ ആഗിരണം കുറയുന്നതും റെക്കോര്‍ഡ് ഭേദിക്കുന്ന കാട്ടുതീയും മൂലമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ 2023-2024 എല്‍ നിനോ മഴയെയും താപനിലയെയും മാറ്റിമറിച്ചു. ദക്ഷിണ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ വനങ്ങള്‍ CO2 ആഗിരണം ചെയ്യാനുള്ള കഴിവ് കുറഞ്ഞതുമൂലം വരണ്ടുപോയി. ദക്ഷിണാഫ്രിക്കയിലും വടക്കന്‍ ബ്രസീലിലും വരള്‍ച്ച രൂക്ഷമായി. അതേസമയം ദക്ഷിണേഷ്യയിലും യൂറോപ്പിലും ഉഷ്ണതരംഗങ്ങള്‍ പടര്‍ന്നു. കൂടാതെ കോടിക്കണക്കിന് ടണ്‍ CO2 വായുവിലേക്ക് പുറന്തള്ളപ്പെട്ടതുമൂലം കാട്ടുതീ പടര്‍ന്നു.
വിദഗ്ധര്‍ പറയുന്നതെന്ത്?
WMO യുടെ കണ്ടെത്തലുകളെ ഇന്ത്യയിലെ കാലാവസ്ഥാ വിദഗ്ധര്‍ വലിയ ഭീഷണി ആയാണ് വിലയിരുത്തുന്നത്. ആഗോള പ്രതിസന്ധി എത്രത്തോളം ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിതെന്ന് അവര്‍ പറഞ്ഞു. 1.4 ബില്യണ്‍ ജനസംഖ്യ രാജ്യത്തുണ്ട്. സുസ്ഥിര വികസനം നേടലാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
'ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണം, നഗര വികസനം, വര്‍ധിച്ചുവരുന്ന ഊര്‍ജ ഉപഭോഗം എന്നിവ ഉദ്വമനത്തിന്റെ (വാതകങ്ങളുടെ പുറന്തള്ളല്‍) പ്രധാന ചാലകശക്തികളാണ്. ഉദ്വമനം കുറയ്ക്കുന്നതിന് കല്‍ക്കരിയില്‍ നിന്നുള്ള പരിവര്‍ത്തനം ഇന്ത്യ അടിയന്തിരമായി ത്വരിതപ്പെടുത്തേണ്ടതുണ്ട്. വ്യവസായത്തിന്റെ കാര്യക്ഷമത നോക്കേണ്ടതുണ്ട്', എന്ന് പരിസ്ഥിതി പ്രവര്‍ത്തകനും എക്സല്‍ ജിയോമാറ്റിക്സിന്റെ സിഇഒയുമായ രാജേഷ് സോളമന്‍ പോള്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരുകളും വ്യവസായങ്ങളും പ്രാദേശിക കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നഗര ഹരിതവല്‍ക്കരണം, മാലിന്യത്തില്‍ നിന്ന് ഊര്‍ജം നേടല്‍, സുസ്ഥിര വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചു. ആഗോളതാപനത്തിന് പ്രധാനമായും കാരണം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്വമനമാണ്. എന്നാല്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്