മസ്‌കറ്റ്: ആണവ പദ്ധതിയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇറാന്‍-യുഎസ് ഉന്നത തല ചര്‍ച്ചകള്‍ ഞായറാഴ്ച പുനരാരംഭിക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് മുന്നോടിയായി വാഷിംഗ്ടണ്‍ നിലപാട് കര്‍ശനമാക്കുന്നതിനാല്‍, പുരോഗതി കൈവരിക്കാനുള്ള ശ്രമമാണിത്.
ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഒമാനി മധ്യസ്ഥര്‍ വഴി മസ്‌കറ്റില്‍ നാലാം ഘട്ട ചര്‍ച്ചകള്‍ നടത്തും.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് നയതന്ത്രമാണ് ഇഷ്ടപ്പെടുന്നതെന്ന് ടെഹ്റാനും വാഷിംഗ്ടണും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ ആണവ കരാറിലേക്കുള്ള മാര്‍ഗത്തില്‍ ആഴത്തിലുള്ള ഭിന്നിപ്പിലാണ് ഇരുകൂട്ടരും.
'വ്യക്തമായ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിയപ്പെടുന്ന നിലപാടുകളുണ്ട് ഇറാന്... ഞായറാഴ്ചത്തെ യോഗത്തില്‍ നിര്‍ണായകമായ ഒരു നിലപാടിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' മസ്‌കറ്റിലേക്ക് പോകുന്നതിനുമുമ്പ് അരാഖ്ചി ഇറാനിയന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
ഇറാന്റെ നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റേണ്ടതുണ്ടെന്ന് വ്യാഴാഴ്ച ബ്രൈറ്റ്ബാര്‍ട്ട് ന്യൂസിനോട് വിറ്റ്‌കോഫ് പറഞ്ഞു.
നയതന്ത്രം പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ് മെയ് 13-16 തിയതികളില്‍ സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.