അങ്കാറ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് പിന്തുണ നല്‍കിയതോടെ വന്‍ തിരിച്ചടിയാണ് തുര്‍ക്കിയ്ക്ക് നേരിടേണ്ടി വരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷം പാകിസ്ഥാന് നല്‍കിയ പിന്തുണയാണ് രാജ്യത്തിന്റെ ഡെസ്റ്റിനേഷന്‍ വെഡിങ് വ്യവസായത്തെ അടക്കം ബാധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വെഡിങ് പ്ലാനര്‍മാരുടെ വ്യാപക ബഹിഷ്‌കരണത്തെ തുടര്‍ന്ന് ആഡംബര ടൂറിസത്തിന്റെ പ്രധാന ഘടകമായിരുന്ന ഈ മേഖല തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 'ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രങ്ങളില്‍ വര്‍ഷം തോറും നടക്കുന്ന ഇന്ത്യന്‍ വിവാഹങ്ങള്‍ തുര്‍ക്കിയുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയിലേക്ക് 140 മില്യണ്‍ ഡോളറിലധികം ( ഏകദേശം 1198 കോടിരൂപ) സംഭാവന ചെയ്യുന്നുണ്ട്.
ഇസ്താംബൂളിലെ കൊട്ടാരങ്ങള്‍ മുതല്‍ ബോഡ്രമിലെ തീരദേശ റിട്രീറ്റുകള്‍ വരെ വിവാഹതരാകാനൊരുങ്ങുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. 2024-ല്‍ മാത്രം 50 ഓളം ആഡംബര ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് തുര്‍ക്കി ആതിഥേയത്വം വഹിച്ചു. ഓരോ വിവാഹത്തിന്റെയും ശരാശരി ചെലവ് മൂന്ന് മില്യണ്‍ ഡോളറായിരുന്നു. എട്ട് മില്യണ്‍ ഡോളര്‍ വരെ ചെലവ് വന്ന വിവാഹങ്ങളുമുണ്ടായിരുന്നു. പലപ്പോഴും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ പ്രാദേശിക കച്ചവടക്കാര്‍ക്കും ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും വലിയ ഉത്തേജനം നല്‍കി.
100 പേര്‍ പങ്കെടുക്കുന്ന സാധാരണ തുര്‍ക്കി വിവാഹങ്ങള്‍ക്ക് 1,600 ഡോളറിനും 5,400 ഡോളറിനും ഇടയിലാണ് ചെലവുവരുന്നത്. അതേസമയം 100 അതിഥികള്‍ പങ്കെടുക്കുന്ന സാധാരണ ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് 385,000 ഡോളറിലാണ് പാക്കേജുകള്‍ ആരംഭിക്കുന്നത്. 2018 ല്‍ 13 ഡെസ്റ്റിനേഷന്‍ വിവാഹങ്ങളാണ് തുര്‍ക്കിയില്‍ നടന്നത്. 2024 ആയപ്പോള്‍ 300% വര്‍ധനവുണ്ടാകുകയും 50 ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ നടക്കുകയും ചെയ്തു.
എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുര്‍ക്കിയിലെ ഡെസ്റ്റിനേഷന്‍ വിവാഹങ്ങളെ ബാധിച്ചു. 2000ത്തോളം ടൂറിസ്റ്റ് ബുക്കിങുകളാണ് ഇതുവരെ റദ്ദാക്കിയത്. 2025-ല്‍ നിശ്ചയിച്ചിരുന്ന 50 ഇന്ത്യന്‍ വിവാഹങ്ങളില്‍ 30 വിവാഹങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്