ബഗ്ദാദ്: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇറാഖില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ്. യുദ്ധത്തിന് മുന്‍പ് പ്രതിമാസം 93 മില്യണ്‍ ബാരല്‍ എണ്ണ കയറ്റി അയച്ചിരുന്ന സ്ഥാനത്ത്, കഴിഞ്ഞ ഏപ്രിലില്‍ കേവലം 10 മില്യണ്‍ ബാരല്‍ എണ്ണ മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് വഴി ഇറാഖിന് വിതരണം ചെയ്യാനായതെന്ന് മന്ത്രി ബാസിം മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍ഷുറന്‍സ് പ്രതിസന്ധികള്‍ കാരണം എണ്ണക്കപ്പലുകള്‍ എത്താതായതാണ് കയറ്റുമതിയെ ഇത്രത്തോളം ദോഷകരമായി ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിദിനം 1.4 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇറാഖ് ഉത്പാദിപ്പിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ രാജ്യം സജീവമാക്കുകയാണ്. ഇതിന്റെ ഭാഗമായി തുര്‍ക്കിയിലെ ജെയ്ഹാന്‍ തുറമുഖം വഴിയുള്ള കയറ്റുമതി പ്രതിദിനം രണ്ട് ലക്ഷം ബാരലില്‍ നിന്ന് അഞ്ച് ലക്ഷം ബാരലായി ഉയര്‍ത്താന്‍ ഇറാഖ് പദ്ധതിയിടുന്നുണ്ട്.
വിദേശ നിക്ഷേപവും ഒപെക് നിലപാടും
എണ്ണ-വാതക മേഖലകളുടെ ആധുനികവല്‍ക്കരണത്തിനും വികസനത്തിനുമായി പ്രമുഖ അമേരിക്കന്‍ കമ്പനികളായ ചെവ്‌റോണ്‍, എക്‌സണ്‍മൊബീല്‍, ഹാലിബര്‍ട്ടന്‍ എന്നിവയുമായി ഇറാഖ് ചര്‍ച്ച നടത്തി വരികയാണ്. ഉത്പാദന ശേഷി പ്രതിദിനം 5 മില്യണ്‍ ബാരലായി ഉയര്‍ത്തുന്നതിനായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ 'ഒപെകുമായി' ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. യു.എ.ഇ സംഘടന വിട്ട പശ്ചാത്തലത്തിലും, ഒപെകില്‍ നിന്ന് പുറത്തുപോകാന്‍ ഇറാഖിന് നിലവില്‍ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധി ഇറാഖിനെ മാത്രമല്ല, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആഗോള എണ്ണ വിതരണത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
