യുകെയില്‍ നിന്ന് സമ്പന്നരുടെ പടയിറക്കം: നികുതി വര്‍ധനവിനിടയിലും മാതൃരാജ്യത്ത് ഉറച്ചുനില്‍ക്കാന്‍ ഫിന്‍ടെക് സിഇഒയുടെ ആഹ്വാനം

JULY 29, 2026, 9:00 PM

ലണ്ടന്‍: സര്‍ക്കാരിന്റെ നികുതി നയങ്ങളിലും ഉയര്‍ന്ന പണപ്പെരുപ്പത്തിലും പ്രതിഷേധിച്ച് ബ്രിട്ടനില്‍ നിന്നും കോടീശ്വരന്മാര്‍ വന്‍തോതില്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്. ലേബര്‍ സര്‍ക്കാരിന്റെ നയങ്ങളും നികുതി വര്‍ധനവിനുള്ള നീക്കങ്ങളുമാണ് ഈ വിടവാങ്ങലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു കോടി പൗണ്ടിലധികം (ഏകദേശം 1.33 കോടി ഡോളര്‍) ആസ്തിയുള്ള സമ്പന്നര്‍ക്ക് രണ്ട് ശതമാനം പ്രത്യേക നികുതി ഏര്‍പ്പെടുത്താന്‍ ഭരണകൂടം ആലോചിക്കുന്ന പശ്ചാത്തലത്തില്‍, പണക്കാരുടെ ഈ രാജ്യംവിടല്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

എന്നാല്‍ സാമ്പത്തിക നേട്ടത്തിനായി മാതൃരാജ്യം ഉപേക്ഷിക്കുന്നത് ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനമാണെന്നും, രാജ്യത്തെ വ്യവസായ ആവാസ വ്യവസ്ഥ തകരാതെ സംരക്ഷിക്കേണ്ടത് വലിയ സംരംഭകരുടെ സാമൂഹിക ഉത്തരവാദിത്തമാണെന്നും പ്രമുഖ ബെര്‍ലിന്‍ കേന്ദ്രീകൃത ഫിന്‍ടെക് പ്ലാറ്റ്ഫോമായ ടാക്‌സ്ഫിക്‌സ് സിഇഒ മാര്‍ട്ടിന്‍ ഓട്ട് വ്യക്തമാക്കി. ഉയര്‍ന്ന വരുമാനക്കാരായ പല ഉപഭോക്താക്കളും യുകെ വിടാന്‍ ആലോചിക്കുന്നുണ്ടെങ്കിലും അവരോട് രാജ്യത്ത് തന്നെ തുടരാനാണ് താന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് മുന്‍ മെറ്റാ എക്‌സിക്യൂട്ടീവ് കൂടിയായ ഓട്ട് അഭിപ്രായപ്പെട്ടു.

ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ ഉപേക്ഷിച്ചുപോയ രാജ്യമായി ബ്രിട്ടന്‍ മാറിയിരിക്കുകയാണ്. ഒറ്റവര്‍ഷത്തിനിടെ പതിനാറായിരത്തോളം കോടീശ്വരന്മാരാണ് രാജ്യത്തുനിന്നും കുടിയേറിയത്. ഇതിലൂടെ ഏകദേശം 9,180 കോടി ഡോളറിന്റെ നിക്ഷേപമാണ് യുകെയ്ക്ക് നഷ്ടമായത്. ബ്രെക്‌സിറ്റ്, രാഷ്ട്രീയ അസ്ഥിരത, തുടര്‍ച്ചയായ നികുതി പരിഷ്‌കാരങ്ങള്‍ എന്നിവ കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ യുകെയിലെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

രാജ്യത്തെ വന്‍കിട സംരംഭകരും നിക്ഷേപകരും വിദേശത്തേക്ക് മാറിയാല്‍ അത് വരുംതലമുറയിലെ വളര്‍ന്നുവരുന്ന ബിസിനസുകാരെയും തൊഴില്‍ മേഖലയെയും ദോഷകരമായി ബാധിക്കും. നികുതി പണം ലാഭിക്കുന്നത് മാത്രമല്ല, തങ്ങള്‍ വളര്‍ന്നുവന്ന അന്തരീക്ഷത്തിലേക്ക് തിരിച്ചുനല്‍കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് ഓരോ വ്യവസായിയുടെയും ചുമതലയാണ്. അനാവശ്യ ഭീതി കാരണം കഴിവുള്ളവര്‍ രാജ്യം വിടുന്ന ബ്രെയിന്‍ ഡ്രെയിന്‍ തടയാന്‍ സംരംഭകര്‍ ഒന്നിച്ച് നില്‍ക്കണം. ആഗോള സാമ്പത്തിക പ്രതിസന്ധികളും തകര്‍ച്ചകളും താത്കാലിക പ്രതിഭാസങ്ങള്‍ മാത്രമാണെന്ന് ലണ്ടനിലെ മുന്‍കാല സാമ്പത്തിക അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തളര്‍ച്ചകളെയും തിരിച്ചടികളെയും അതിജീവിച്ച് ദീര്‍ഘകാല കാഴ്ചപ്പാടോടെ മാതൃരാജ്യത്ത് ഉറച്ചുനില്‍ക്കുകയാണ് ബിസിനസ് ലോകം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam