എല്ലാ കണ്ണുകളും വത്തിക്കാനിലേയ്ക്ക്: സിസ്റ്റൈന്‍ ചാപ്പലില്‍ ഫോണുകള്‍ നിശ്ചലമാകും; പേപ്പല്‍ കോണ്‍ക്ലേവിന് നാളെ തുടക്കം

MAY 6, 2025, 11:03 AM

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പിന്‍ഗാമി ആരെന്നതിന് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നാളെ തുടങ്ങുന്ന കോണ്‍ക്ലേവില്‍  ഉത്തരമാകും. അതീവ രഹസ്യ സ്വഭാവത്തിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ സുരക്ഷാ മുന്‍കരുതലുകളും നിര്‍ബന്ധമാണ്. വോട്ടെടുപ്പ് വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് വത്തിക്കാന്‍.

133 കര്‍ദിനാള്‍മാര്‍ക്കാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയിട്ടുള്ളത്. ഇവര്‍ക്ക് താമസിക്കുന്നതിനായി വത്തിക്കാനിലെ അതിഥി മന്ദിരമായ സാന്താ മാര്‍ത്തയില്‍ മുറികള്‍ സജ്ജമായിട്ടുണ്ട്. പുറം ലോകവുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തരുതെന്ന് കര്‍ദിനാള്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍ കെവിന്‍ ഫാരലിനാണ് ഇതിന്റെ ചുമതല. കര്‍ദിനാള്‍മാര്‍ താമസിക്കുന്ന സാന്താ മാര്‍ത്തയില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. ഇവിടെ നിന്ന് കോണ്‍ ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലിലേക്ക് നടന്ന് പോകാനുള്ള ദൂരമേയുള്ളൂ.

മാത്രമല്ല സിസ്റ്റൈന്‍ ചാപ്പലിന് ചുറ്റും മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇവിടെയെത്തുന്ന ആര്‍ക്കും ഫോണ്‍ സിഗ്‌നലുകള്‍ ലഭിക്കില്ല. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് മാത്രമല്ല ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്ന് രഹസ്യങ്ങള്‍ ചോരരുതെന്ന് കരുതിയാണ് ഈ മുന്നൊരുക്കങ്ങള്‍. എന്നാല്‍ വത്തിക്കാന് പുറത്തുള്ളവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. കര്‍ദിനാള്‍മാര്‍ക്ക് ഡിജിറ്റല്‍ ആശയവിനിമയത്തിനുള്ള എല്ലാ സാധ്യതകളും തടയും. ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണി മുതല്‍ ജാമറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. എന്നാല്‍ സെന്റ പീറ്റേഴ്സ് ചത്വരത്തില്‍ എത്തുന്നവരെ ജാമറുകള്‍ ബാധിക്കില്ല.

വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ തങ്ങളുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന് വത്തിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത ശേഷം മാത്രമേ ഇത് ഇവര്‍ക്ക് തിരികെ നല്‍കുകയുള്ളൂ. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായി എല്ലാ കര്‍ദിനാള്‍മാരും റോമില്‍ എത്തിയിട്ടുണ്ട്. 80 വയസ് കഴിഞ്ഞ കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശം ഇല്ല. വോട്ടവകാശം ഇല്ലെങ്കിലും മിക്ക കര്‍ദിനാള്‍മാരും വത്തിക്കാനിലുണ്ട്. കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് 80 വയസ് തികഞ്ഞതിനാല്‍ ഇത്തവണ വോട്ടെടപ്പില്‍ പങ്കെടുക്കാനാവില്ല. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് ബാവ, സിറോ മലബാര്‍ സഭയിലെ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് എന്നിവര്‍ക്ക് വോട്ടവകാശം ഉണ്ട്.

കൂടാതെ വേറെയും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ വിവിധ പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണുകള്‍ തടയാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പേപ്പല്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലിലേക്ക് അടക്കം ഡ്രോണുകള്‍ പറത്തി ദൃശ്യങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ലോക്ഡൗണിന് തുല്യമായ സാഹചര്യമായിരിക്കും വത്തിക്കാനിലെ ഓഫീസുകളില്‍.

അതോടൊപ്പം വത്തിക്കാന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരോട് കോണ്‍ക്ലേവ് കഴിയും വരെ വീട്ടില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വത്തിക്കാറിലെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നവര്‍. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്ത് പങ്കുവയ്ക്കില്ലെന്ന് ഇവരെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്താല്‍ സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ നിന്ന് വെളുത്ത പുക ഉയരും. ആഗോള കത്തോലിക്കാ സഭയുടെ പുതിയ അധ്യക്ഷനെ കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് തിരഞ്ഞെടുത്തു എന്നാണ് ഇതിന്റെ അര്‍ത്ഥം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam