ജറുസലേം: 2023 ലെ ഒക്ടോബര്‍ 7 ആക്രമണത്തിന് ശേഷം തങ്ങളുമായി ആദ്യമായി ബന്ധപ്പെട്ട വിദേശ രാഷ്ട്ര നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇസ്രായേല്‍ സാമ്പത്തിക, വ്യവസായ മന്ത്രി നിര്‍ ബര്‍കത്ത്. തീവ്രവാദം ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
'ഒക്ടോബര്‍ 7 ആക്രമണത്തിന് ശേഷം നെതന്യാഹുവിനെ ആദ്യമായി വിളിക്കുകയും ഇസ്രായേലിന് പിന്തുണ നല്‍കുകയും ചെയ്തതിന് എനിക്ക് മോദിയോട് നന്ദി പറയണം. ഞങ്ങള്‍ അത് ഒരിക്കലും മറക്കില്ല. ഇസ്രായേലിന് നല്ല ഓര്‍മ്മയുണ്ട്. ബുദ്ധിമുട്ടേറിയ സമയത്തെ ആ ഫോണ്‍വിളിക്ക് ഞങ്ങള്‍ ഏറെ നന്ദിയുള്ളവരാണ്' നിര്‍ ബര്‍കത്ത് പറഞ്ഞു.
ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) യോഗത്തില്‍ പങ്കെടുക്കാനെത്തിയ നിര്‍ ബര്‍കത്ത് എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് ഭീകരമായ ആക്രമാണ് നടത്തിയത്. അതിര്‍ത്തി കടന്നെത്തിയ ഹമാസ് തീവ്രവാദികള്‍ ആളുകളെ കൊല്ലുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. നിരവധിയാളുകളെ അവര്‍ തട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ഒരു കരാറിന്റെ ഭാഗമായിട്ടാണെങ്കിലും അവരില്‍ ചിലരെ തങ്ങള്‍ക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
ബന്ദികളെ കൈമാറിയതിന് ശേഷം ഹമാസിന് അതിജീവിക്കാന്‍ സാധിക്കില്ല. ഇസ്രായേലിനെ അംഗീകരിക്കുന്നവരും സമാധാനം ആഗ്രഹിക്കുന്നവരും അവിടെ ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ ഹമാസ് തുനിയും. മറ്റൊരു ഒക്ടോബര്‍ 7 സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുക എന്നതാണ്. അവര്‍ ജിഹാദികളാണെന്നും ഇസ്രായേല്‍ മന്ത്രി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ഭീകരതയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് എന്നാണ് ഇസ്രായേല്‍ മന്ത്രി ഇറാനെയും ഖത്തറിനെയും വിശേഷിപ്പിച്ചത്. ഇറാനും ഖത്തറും ഹിസ്ബുള്ളയ്ക്കും ഹമാസിനും ധനസഹായം നല്‍കുന്നുണ്ട്. ഇറാന്‍ ആണവശക്തിയായി മാറുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതുവഴി സൗദി, ഇന്തോനേഷ്യ, മറ്റ് മിതവാദി അറബ് രാജ്യങ്ങള്‍ എന്നിവയുമായുള്ള അബ്രഹാം ഉടമ്പടി യഥാര്‍ത്ഥത്തില്‍ വിപുലീകരിക്കാന്‍ കഴിയും. ഇത് നമുക്ക് മുമ്പില്‍ ഒരു പൊതു ലക്ഷ്യമാണ്. ഇന്ത്യയും ഭീകരതയുടെ വെല്ലുവിളി വലിയ തോതില്‍ നേരിടുന്നുവെന്ന് അറിയാം.
സഹകരണം വിപുലീകരിക്കാന്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ വലിയ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ സാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റം കാഴ്ചവെകുന്നു. ഇന്ത്യ വ്യാപ്തിയിലും വലുപ്പത്തിലും ഏറെ മുന്നിലാണ്. ഇത് ഒരു നല്ല കോംമ്പോയാണ്. ഹൈടെക്, ഹെല്‍ത്ത് ടെക്, അഗ്രോ ടെക്, ഫുഡ് ടെക്, ഡെസേര്‍ട്ട് ടെക്, അക്വാ ടെക്, എന്നിവയില്‍ കൂടുതല്‍ ബിസിനസ്സ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയേയും ഇസ്രായേലിനെയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലൂടെയുള്ള സാമ്പത്തിക ഇടനാഴിയേയും ഇസ്രായാല്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഹൈഫ തുറമുഖം വഴിയുള്ള കോറിഡോറിനായി ഞങ്ങളും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. സൗദിയും ജോര്‍ദാനുമൊക്കെ ഇടനാഴി സംബന്ധിച്ച് അനുകൂലമായ നിലപാട് എടുക്കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്