പുതിയ ഗാസ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കല്‍ കരാറിനുമുള്ള യുഎസ് നിര്‍ദ്ദേശം പാലസ്തീന്‍ സായുധ സംഘമായ ഹമാസ് നിരസിക്കുമെന്ന് ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പദ്ധതിയില്‍ ഇസ്രായേല്‍ ഒപ്പുവെച്ചതായും ഹമാസിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
60 ദിവസത്തെ വെടിനിര്‍ത്തലിനും ഇസ്രായേല്‍ ജയിലുകളിലെ പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ഹമാസ് രണ്ട് ഘട്ടങ്ങളിലായി 10 ബന്ദികളെ കൈമാറുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുക എന്നതുള്‍പ്പെടെയുള്ള പ്രധാന ആവശ്യങ്ങള്‍ ഈ നിര്‍ദ്ദേശം നിറവേറ്റുന്നില്ലെന്നും തക്കസമയത്ത് പ്രതികരിക്കുമെന്നുമായിരുന്നു ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇസ്രായേല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാല്‍ വിറ്റ്‌കോഫിന്റെ പദ്ധതി താന്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച ബന്ദികളുടെ കുടുംബങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച് 18 ന് ഇസ്രായേല്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയും ഹമാസിനെതിരായ സൈനിക ആക്രമണം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥതയില്‍ രണ്ട് മാസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നു. ഇപ്പോഴും ഹമാസിന്റെ തടവില്‍ കഴിയുന്ന 58 ബന്ദികളെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു, അവരില്‍ കുറഞ്ഞത് 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്.
മെയ് 19 നാണ് ഇസ്രായേല്‍ സൈന്യം വിപുലമായ ആക്രമണം ആരംഭിച്ചു, ഗാസയുടെ എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസം ഇസ്രായേല്‍ ഉപരോധം ലഘൂകരിക്കുമെന്നും ക്ഷാമം തടയാന്‍ ഗാസയിലേക്ക് ഭക്ഷണം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ 10 ആഴ്ചയ്ക്കിടെ ഗാസയില്‍ ഏകദേശം 4,000 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ കര നടപടികളും കുടിയൊഴിപ്പിക്കല്‍ ഉത്തരവുകളും കാരണം വീണ്ടും 600,000 പേര്‍ കുടിയിറക്കപ്പെട്ടതായി യുഎന്‍ പറയുന്നു. വരും മാസങ്ങളില്‍ ഏകദേശം 500,000 ആളുകള്‍ മാരകമായ രീതിയില്‍ പട്ടിണി നേരിടേണ്ടിവരുമെന്ന് യുഎന്‍ പിന്തുണയുള്ള ഐപിസിയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
