സ്റ്റോര്‍മോണ്ട്: വടക്കേ അയര്‍ലണ്ടിലുടനീളമുള്ള 160-ഓളം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ പരിഭ്രാന്തി. രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നും സ്‌കൂളുകളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ 'അല്ലാഹു അക്ബര്‍' എന്ന് ഒപ്പിട്ടാണ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് അടിയന്തര അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തനമവസാനിപ്പിച്ച് അടച്ചുപൂട്ടി. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പും പൊലീസും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
നടന്നത് വ്യാജ ഭീഷണിയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്റ്റോര്‍മോണ്ട് വിദ്യാഭ്യാസ മന്ത്രി പോള്‍ ഗിവന്‍ വ്യക്തമാക്കി. ലഭിച്ച ഭീഷണി സന്ദേശം യഥാര്‍ത്ഥത്തിലുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്ന രീതിയില്‍ ഇത്രയും വലിയ തടസ്സവും ആശങ്കയും സൃഷ്ടിച്ച സംഭവം തികച്ചും അപലപനീയമാണെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളില്‍ സംശയാസ്പദമായ രീതിയില്‍ പ്രത്യേക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക പൊലീസ് കമാന്‍ഡുകളുമായി ചേര്‍ന്ന് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസ അതോറിറ്റിയും പൊലീസും ചേര്‍ന്ന് നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും, രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാജ ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
