എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങും ചൈനീസ് 'ചാരവനിത' ആലിസ് ഹുവാങ്ങും തമ്മിലുള്ള ബന്ധം പുറത്ത്

NOVEMBER 9, 2026, 5:05 AM

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ മേധാവി ജെന്‍സന്‍ ഹുവാങ്ങും ചൈനീസ് പൗരയായ ആലിസ് ഹുവാങ്ങും തമ്മിലുള്ള ബന്ധം ആഗോള സാങ്കേതിക രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. കേവലമൊരു വിവാഹേതര ബന്ധത്തിനപ്പുറം ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടലുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയങ്ങള്‍ ഉയര്‍ന്നുവന്നതോടെ വിഷയം അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ഗൗരവകരമായ സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിവാദം ശക്തമായതിനെ തുടര്‍ന്ന് എന്‍വിഡിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ജീവനക്കാര്‍ക്ക അയച്ച  ഇമെയില്‍ സന്ദേശത്തിലൂടെ ജെന്‍സന്‍ ഹുവാങ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.


ഹുവാങ് ലെ എന്നുകൂടി പേരുള്ള ആലിസ് ഹുവാങ്, സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്നു. സര്‍നെയിം ഒന്നാണെങ്കിലും 63-കാരനായ ജെന്‍സന്‍ ഹുവാങ്ങുമായി ഇവര്‍ക്ക് യാതൊരുവിധ കുടുംബബന്ധവുമില്ല. 2024 ജൂണില്‍ തായ്വാനിലെ ഒരു ബാറില്‍ ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടുകൂടിയാണ് ഇവര്‍ തമ്മിലുള്ള ബന്ധം ആദ്യമായി പുറത്തറിഞ്ഞത്. ഗിഗാബൈറ്റ്, നെറ്റ്തണ്ടര്‍ തുടങ്ങിയ കമ്പനികളിലെ ഉന്നതരും ആ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ കാലയളവില്‍ത്തന്നെയാണ് മെഗാസ്പീഡ് കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക എന്‍വിഡിയ ചിപ്പുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. തുടര്‍ന്ന് 2025 മേയിലും തായ്വാനിലെ ഒരു റെസ്റ്ററന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്ന ജെന്‍സന്‍ ഹുവാങ്ങിന് പിന്നിലായി ആലിസ് നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

vachakam
vachakam
vachakam


അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആലിസ് ഹുവാങ് പ്രവര്‍ത്തിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. എന്‍വിഡിയ മേധാവിയില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താനും, അമേരിക്കയുടെ കര്‍ശന നിയന്ത്രണങ്ങള്‍ മറികടന്ന് ചൈനയിലേക്ക് അത്യാധുനിക എഐ ചിപ്പുകള്‍ കയറ്റി അയക്കുന്നതിനുള്ള നീക്കങ്ങളെ സ്വാധീനിക്കാനുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് രഹസ്യ മെമ്മോകളില്‍ വ്യക്തമാക്കുന്നത്. ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെയും ചൈനയിലേക്കുള്ള ചിപ്പ് വില്‍പ്പനയില്‍ ഇളവുകള്‍ വേണമെന്നും ജെന്‍സന്‍ ഹുവാങ് പരസ്യമായി വാദിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചാരവൃത്തി ആരോപണങ്ങള്‍ എന്‍വിഡിയയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.


vachakam
vachakam
vachakam

അതേസമയം, ആലിസ് ഹുവാങിന്റെ മുന്‍കാല ഔദ്യോഗിക പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങളിലും വലിയ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ചൈനയിലെ ഹുനാന്‍ ടിവി, സിസിടിവി എന്നീ ഔദ്യോഗിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സ്വകാര്യ ഫണ്ട് ഡാറ്റാബേസിലെ പ്രൊഫൈലുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ളൊരു വ്യക്തി ജോലി ചെയ്തിരുന്നില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എച്ച്എസ്ബിസി, സിഐടിഐസി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലും ഷാങ്ഹായ് ഹെക്സി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിലും ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ടെന്നും രേഖകളില്‍ പറയുന്നുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഗാസ്പീഡ് കമ്പനി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 480 കോടി ഡോളറിലധികം വിലമതിക്കുന്ന എന്‍വിഡിയ ചിപ്പുകളാണ് വാങ്ങിയത്. ഏഷ്യന്‍ വിപണിയിലെ എന്‍വിഡിയയുടെ ഏറ്റവും വലിയ ഇടപാടുകാരില്‍ ഒരാളായ ഈ കമ്പനിയുമായി ആലിസ് ഹുവാങിനുള്ള ബന്ധം സാങ്കേതിക രംഗത്ത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam