ചരിത്രം കുറിച്ച് ജെന്നിഫര്‍ ബാരെറ്റോ; പുതിയ മിസ് യൂണിവേഴ്സിന്റെ വിജയം ആഘോഷമാക്കി ജന്മനാടായ സാന്‍ സെബാസ്റ്റ്യന്‍

NOVEMBER 25, 2026, 6:39 PM

സാന്‍ ജുവാന്‍: മിസ് യൂണിവേഴ്സ് 2026 കിരീടം ചൂടി ചരിത്രം കുറിച്ച ജെന്നിഫര്‍ ബാരെറ്റോയുടെ വിജയം ആഘോഷമാക്കി ജന്മനാടായ പ്യൂര്‍ട്ടോ റിക്കയിലെ സാന്‍ സെബാസ്റ്റ്യന്‍. മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയും ആദ്യ വിവാഹിതയുമായ വനിത എന്ന അപൂര്‍വ്വ നേട്ടമാണ് 27-കാരിയായ ജെന്നിഫര്‍ സ്വന്തമാക്കിയത്. 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ പ്യൂര്‍ട്ടോ റിക്കന്‍ വനിത കൂടിയാണ് ഇവര്‍.

പ്യൂര്‍ട്ടോ റിക്കയിലെ ജോസ് മിഗ്വല്‍ അഗ്രെലോട്ട് കൊളീസിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ജെന്നിഫര്‍ ബാരെറ്റോയെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. പ്രഖ്യാപനം കേട്ട നിമിഷം ഞെട്ടലോടെ മുഖം പൊത്തിയ ജെന്നിഫര്‍, തുടര്‍ന്ന് അബ്ബയുടെ 'ഡാന്‍സിംഗ് ക്വീന്‍' എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്താണ് തന്റെ വിജയം ആഘോഷിച്ചത്.

ഗവേഷണ മനശാസ്ത്രത്തിലും ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കിലും ഇരട്ട ബിരുദാനന്തര ബിരുദധാരിയായ ജെന്നിഫര്‍, നിലവില്‍ യു.എസ് പ്രതിരോധ വകുപ്പില്‍ പ്രിവന്‍ഷന്‍ സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ്. ദോഷകരമായ പെരുമാറ്റങ്ങളെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുന്ന ചുമതലയാണ് ഇവര്‍ക്കുള്ളത്. ഒരു മകളുടെ അമ്മ കൂടിയായ ജെന്നിഫറിന്റെ നേട്ടം സൗന്ദര്യമത്സര വേദികളില്‍ പുതുചരിത്രമാണ് എഴുതിച്ചേര്‍ത്തത്.

വെള്ളരിക്കയുടെ ആകൃതിയിലുള്ള പാറക്കെട്ടുകള്‍ കാരണം വെള്ളരിക്കകള്‍ എന്ന പേരിലറിയപ്പെടുന്ന സാന്‍ സെബാസ്റ്റ്യന്‍ പട്ടണത്തിലെ 39,000-ത്തോളം വരുന്ന നിവാസികള്‍ വലിയ ആവേശത്തിലാണ്. ലാ ബാരെറ്റോ എന്ന് നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ജെന്നിഫറിന്റെ മത്സരം കാണാന്‍ പൊതു ചത്വരത്തില്‍ വലിയ സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു. വിജയപ്രഖ്യാപനത്തിന് പിന്നാലെ രാത്രി വൈകിയും ഹോണ്‍ മുഴക്കി വാഹനജാഥ നടത്തിയാണ് നാട്ടുകാര്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.

ഇതൊരു ചരിത്രപുസ്തകത്തില്‍ ഇടംനേടേണ്ട ദിവസമാണെന്ന് സാന്‍ സെബാസ്റ്റ്യന്‍ മേയര്‍ എലാഡിയോ കാര്‍ഡോണ ക്വിലസ് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരികളായ വനിതകള്‍ക്കിടയില്‍ നിന്ന് ശ്രദ്ധ പിടിച്ചുപറ്റാനും തങ്ങളുടെ നാടിനെ പ്രതിനിധീകരിക്കാനും ജെന്നിഫറിന് സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam