ടെഹ്‌റാന്‍: അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പെട്ടെന്നുള്ള സൈനിക നടപടികള്‍ക്കും വ്യോമാക്രമണങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിച്ച സാഹചര്യത്തില്‍, രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ക്ക് സമീപം വസിക്കുന്ന പൗരന്മാര്‍ക്ക് മുന്‍കരുതലായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്ത് ഇറാന്‍ ആരോഗ്യ മന്ത്രാലയം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാന്‍ ഭരണകൂടം ഈ അടിയന്തര നീക്കം നടത്തിയത്.
പ്രധാന ആണവ ഇന്‍സ്റ്റലേഷനുകളുടെ രണ്ടു മുതല്‍ മൂന്ന് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും പൊട്ടാസ്യം അയഡിന്‍ ഗുളികകള്‍ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ആണവനിലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന അണുവികിരണ ഭീഷണികളില്‍ നിന്ന് ജനങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആണവ മേഖലകളിലെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുന്‍കാല സംഘര്‍ഷ വേളകളിലും ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, മേഖലയില്‍ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പാരമ്യത്തിലെത്തിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
