സ്പൈഡർമാൻ എക്സ്റ്റെൻഡഡ് യൂണിവേഴ്സിലെ തുടർച്ചയായ പരാജയങ്ങൾക്ക് പിന്നാലെ ഫ്രാഞ്ചൈസിയിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി സോണി പിക്ചേഴ്സ്. നിലവിലെ സിനിമാ യൂണിവേഴ്‌സ് അവസാനിപ്പിച്ച് പുതിയ താരങ്ങളെയും അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി ഒരു ഫ്രഷ് റീബൂട്ടിന് പദ്ധതിയിടുന്നതായി സോണി പിക്ചേഴ്സ് ചെയർമാനും സി.ഇ.ഒയുമായ ടോം റോത്ത്മാൻ സ്ഥിരീകരിച്ചു. ദ ടൗൺ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.
വെനം (Venom) പരമ്പര ഒഴികെ സ്പൈഡർമാൻ യൂണിവേഴ്‌സ് ൽ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. മോർബിയസ് (Morbius), മാഡം വെബ് (Madame Web), ക്രാവൻ ദ ഹണ്ടർ (Kraven the Hunter) എന്നീ ചിത്രങ്ങളുടെ പരാജയമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ സോണിയെ പ്രേരിപ്പിച്ചത്.
"പ്രേക്ഷകർക്ക് നമ്മെ മിസ്സ് ചെയ്യുന്ന സാഹചര്യം ഉണ്ടാകണം," എന്ന് പറഞ്ഞ റോത്ത്മാൻ, സ്പൈഡർമാൻ പ്രപഞ്ചം അവസാനിച്ചിട്ടില്ലെന്നും എന്നാൽ പുതിയ രൂപത്തിലായിരിക്കും തിരിച്ചുവരവെന്നും വ്യക്തമാക്കി.
സ്പൈഡർമാൻ: നോ വേ ഹോം (Spider-Man: No Way Home) എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ചൈനയിൽ നിരോധിച്ചതിന്റെ യഥാർത്ഥ കാരണവും റോത്ത്മാൻ ആദ്യമായി വെളിപ്പെടുത്തി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ അമേരിക്കയുടെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതായിരുന്നു ചൈനയെ ചൊടിപ്പിച്ചത്.
ആ രംഗങ്ങൾ വെട്ടിമാറ്റാൻ ചൈനീസ് അധികൃതർ ആവശ്യപ്പെട്ടെങ്കിലും സോണി അതിന് തയ്യാറായില്ല. "ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യപ്രകാരം സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രംഗങ്ങൾ ഒഴിവാക്കിയെന്ന് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ പോയി പറയാൻ എനിക്ക് താല്പര്യമില്ലായിരുന്നു," അദ്ദേഹം തുറന്നടിച്ചു.
ചൈനയിൽ റിലീസ് ചെയ്യാതിരുന്നിട്ടും 1.9 ബില്യൺ ഡോളർ ആഗോളതലത്തിൽ ചിത്രം നേടിയിരുന്നു. ചൈനയിൽ കൂടി പ്രദർശിപ്പിച്ചിരുന്നെങ്കിൽ ചിത്രം 2 ബില്യൺ ഡോളർ കടക്കുമായിരുന്നുവെന്നും റോത്ത്മാൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
