ആഗോള സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സ്, ലോകത്തിലെ പ്രമുഖ സിനിമാ സ്റ്റുഡിയോകളിലൊന്നായ വാർണർ ബ്രോസ് ഡിസ്കവറിയുടെ (WBD) ഫിലിം സ്റ്റുഡിയോകളും, അതിന്റെ പ്രധാന സ്ട്രീമിംഗ് സർവീസായ എച്ച്ബിഒ മാക്സും (HBO Max) ഏറ്റെടുക്കുന്നതിനുള്ള എക്സ്ക്ലൂസീവ് ചർച്ചകളിലാണെന്ന് റിപ്പോർട്ട്. ഈ വൻകിട ഇടപാട് സംബന്ധിച്ച് ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഈ നീക്കം യാഥാർത്ഥ്യമാവുകയാണെങ്കിൽ ഹോളിവുഡിന്റെയും ആഗോള വിനോദ വ്യവസായത്തിന്റെയും ഭാവി അടിമുടി മാറ്റിമറിക്കും.
വിപണിയിലെ പ്രമുഖ എതിരാളികളായ കോംകാസ്റ്റ്, പാരാമൗണ്ട് സ്കൈഡാൻസ് എന്നിവരുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് നെറ്റ്ഫ്ലിക്സ് മുന്നിലെത്തിയത്. ഏകദേശം 70 മുതൽ 75 ബില്യൺ ഡോളർ വരെയാണ് (ഏകദേശം 6.25 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) ഈ ഏറ്റെടുക്കലിന് നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തിരിക്കുന്ന മൂല്യം.
ഈ ഇടപാടിലൂടെ ബാറ്റ്‌മാൻ, ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ഫ്രണ്ട്‌സ്, ദി സോപ്രാനോസ് തുടങ്ങിയ ലോകോത്തര സിനിമ, ടിവി ഫ്രാഞ്ചൈസികളുടെയെല്ലാം ഉടമസ്ഥാവകാശം നെറ്റ്ഫ്ലിക്സിന് ലഭിക്കും. വാർണർ ബ്രോസിന്റെ പ്രധാന കേബിൾ ചാനലുകളായ സിഎൻഎൻ, ടിബിഎസ്, ടിഎൻടി എന്നിവയെ വിൽപ്പനയ്ക്ക് മുൻപായി കമ്പനിയിൽ നിന്നും വേർതിരിക്കുന്നതിനാൽ ഈ ആസ്തികൾ ഇടപാടിൽ ഉൾപ്പെടില്ല.
റെഗുലേറ്ററി തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ, ഇടപാട് മുന്നോട്ട് പോയില്ലെങ്കിൽ 5 ബില്യൺ ഡോളർ (ഏകദേശം 41,700 കോടി രൂപ) ബ്രേക്കപ്പ് ഫീസായി നൽകാനുള്ള നെറ്റ്ഫ്ലിക്സിന്റെ വാഗ്ദാനമാണ് മത്സരത്തിൽ അവർക്ക് മുൻതൂക്കം നൽകിയത്. എങ്കിലും, ഈ വമ്പൻ ലയനം നിയമപരമായി അംഗീകാരം നേടുന്നതിനും വിനോദ വ്യവസായത്തിലെ മറ്റ് സ്ഥാപനങ്ങളുടെ എതിർപ്പുകൾ മറികടക്കുന്നതിനും കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
