ബോളിവുഡിന് പിന്നാലെ തെന്നിന്ത്യൻ സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്താനൊരുങ്ങി യുവനടി ജാൻവി കപൂർ. ജൂനിയർ എൻടിആർ ചിത്രം 'ദേവര', രാം ചരൺ ചിത്രം 'പെദ്ദി' എന്നിവയിലൂടെ തെലുങ്കിൽ സാന്നിധ്യമറിയിച്ച താരം ഇനി തമിഴിലേക്കും ചുവടുവെക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
പ്രമുഖ തമിഴ് സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് നിർമ്മിച്ച്, സർഗുണം സംവിധാനം ചെയ്യുന്ന 'കുരത്തി' എന്ന വെബ് സീരീസിലൂടെയാണ് ജാൻവി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് സിനിമാ ലോകത്തെ പുതിയ ചർച്ചകൾ. എന്നാൽ ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ ഇതുവരെ നടത്തിയിട്ടില്ല.
മറാഠി ഹിറ്റ് ചിത്രം 'സൈറാത്തിന്റെ' റീമേക്കായ 'ധടക്' എന്ന സിനിമയിലൂടെ 2018-ലാണ് ജാൻവി കപൂർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ബോളിവുഡിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം 2024-ൽ പുറത്തിറങ്ങിയ 'ദേവര: പാർട്ട് 1' എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിലേക്ക് എത്തിയത്.
ചിത്രത്തിന്റെ തമിഴ്‌നാട് പ്രൊമോഷനിടെ ജാൻവി തമിഴിൽ സംസാരിച്ചത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം താരം തമിഴിലേക്ക് എത്തുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് അതിനൊരു സൂചന ലഭിക്കുന്നത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ രാം ചരണിന്റെ സ്പോർട്സ് ഡ്രാമ ചിത്രം 'പെദ്ദി'യിൽ ജാൻവി അവതരിപ്പിച്ച 'അച്ചിയമ്മ' എന്ന കഥാപാത്രം വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു.
ചിത്രത്തിൽ സ്ത്രീ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയർന്നപ്പോൾ, ജാൻവിയെ മാത്രം ഇതിന്റെ പേരിൽ കുറ്റപ്പെടുത്തരുതെന്ന് നടൻ ജഗപതി ബാബു അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ 'കുരത്തി' എന്ന പ്രോജക്റ്റ് ജാൻവിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായേക്കാം എന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.
യഥാർത്ഥ ജീവിതത്തോട് അടുത്തുകടന്നു നിൽക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകൾ പറയുന്നതിൽ പ്രശസ്തരാണ് സംവിധായകൻ സർഗുണവും നിർമ്മാതാവ് പാ രഞ്ജിത്തും. സർഗുണം സംവിധാനം ചെയ്ത 'വാകൈ സൂടാ വാ' എന്ന ചിത്രം 2012-ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഒന്നാണ്. അതുകൊണ്ടുതന്നെ അത്തരമൊരു ശക്തമായ കഥയുമായാണ് ജാൻവി തമിഴിലേക്ക് എത്തുന്നതെങ്കിൽ താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇത് മാറിയേക്കും. ഇത് കൂടാതെ ടൈഗർ ഷ്രോഫ്, ലക്ഷ്യ എന്നിവർക്കൊപ്പം രാജ് മേത്ത സംവിധാനം ചെയ്യുന്ന 'ലഗ് ജാ ഗലേ' എന്ന ബോളിവുഡ് ആക്ഷൻ ചിത്രവും ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
