അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിൽ താൻ 007 ആയി എത്തുമെന്ന വർഷങ്ങളായുള്ള അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി പ്രമുഖ ഹോളിവുഡ് താരം ഇദ്രിസ് എൽബ.
തന്റെ പുതിയ ചിത്രമായ 'മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സി'ന്റെ (Masters of the Universe) ലോസ് ഏഞ്ചൽസ് പ്രീമിയർ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് എൽബ ബോണ്ട് വാർത്തകളോട് പ്രതികരിച്ചത്. "എന്റെ പേര് ഈ സ്ഥാനത്തേക്ക് ഒരിക്കലും വരാൻ പോകുന്നില്ല, അതിന് യാതൊരു സാധ്യതയുമില്ല. അവർ പ്രായം കുറഞ്ഞ നടന്മാരെയാണ് ഈ വേഷത്തിലേക്ക് തിരയുന്നത്. പുതിയ ചിത്രത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. ജെയിംസ് ബോണ്ടിന്റെ പുതിയ പതിപ്പ് കാണാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്," എൽബ പറഞ്ഞു. താൻ ഒരിക്കലും ആ മത്സരത്തിൽ ഉണ്ടായിരുന്നില്ലെന്നും വാർത്തകൾ തുടക്കം മുതലേ അതിശയോക്തി കലർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാനിയൽ ക്രേഗ് 2021-ൽ 'നോ ടൈം ടു ഡൈ' (No Time To Die) എന്ന ചിത്രത്തോടെ ബോണ്ട് വേഷം ഒഴിഞ്ഞതിന് പിന്നാലെയാണ് ഇദ്രിസ് എൽബയുടെ പേര് ആരാധകർക്കിടയിൽ ശക്തമായി ഉയർന്നുവന്നത്. സീൻ കോണറി, റോജർ മൂർ, പിയേഴ്സ് ബ്രോസ്നൻ, തിമോത്തി ഡാൽട്ടൻ തുടങ്ങിയ ഇതിഹാസങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രമായതിനാൽ ഹോളിവുഡ് വലിയ പ്രാധാന്യത്തോടെയാണ് പുതിയ നടനായുള്ള തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ, ബോണ്ട് ചർച്ചകൾ തന്നെ സന്തോഷിപ്പിച്ചെങ്കിലും പിന്നീട് വംശീയമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറിയപ്പോൾ അത് കടുത്ത മാനസികവിഷമം ഉണ്ടാക്കിയതായി എൽബ തുറന്നുപറഞ്ഞിരുന്നു. ചിലർ ഈ വിഷയത്തെ വംശീയതയുമായി കൂട്ടിക്കലർത്തിയതോടെ ചർച്ചകൾ മുഴുവൻ അരോചകവും അനാവശ്യവുമായി മാറിയെന്നാണ് താരം അന്ന് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
