ബോളിവുഡില്‍ ഇപ്പോഴത്തെ ഹോട്ട് ടോപിക് 'ഛാവ' ആണ്. ലക്ഷ്മണ്‍ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഹിസ്റ്റോറിക്കല്‍ ആക്ഷൻ ചിത്രം ഛാവ ബോളിവുഡില്‍ ഒന്നാകെ തരംഗം തീർക്കുകയാണ്.
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനിടെ 150 കോടി കടന്നുകൊണ്ട് ഈ വർഷത്തെ റെക്കോർഡ് അടിച്ചിരിക്കുകയാണ് .165.75 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ സിനിമ നേടിയതായാണ് സാക്നില്‍ക്കിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയില്‍ 139.75 കോടിയും വിദേശത്ത് 25 കോടിയിലേറെ കളക്ഷനായും നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
130 കോടി ബജറ്റില്‍ നിർമിച്ച ചിത്രം ഒരാഴ്ചക്കുള്ളില്‍ മുതല്‍മുടക്ക് തിരിച്ചു പിടിച്ചത് ബോളിവുഡിനും ആശ്വാസമായിരിക്കുകയാണ്. കാരണം അത്ര നല്ല തുടക്കമായിരുന്നില്ല 2025ല്‍ ബോളിവുഡിന് ലഭിച്ചത്.
ആസാദ്, എമർജൻസി, സ്കൈ ഫോഴ്സ്, ദേവ, ലവ്യാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ മിക്കതിനും മുതല്‍ മുടക്ക് പോലും തിരിച്ചു പിടിക്കാൻ സാധിച്ചിട്ടില്ല. 140 കോടി നേടിയ അക്ഷയ് കുമാർ ചിത്രം സ്കൈഫോഴ്സിനെയും പിന്നിലാക്കിയാണ് ഛാവ മുന്നേറുന്നത്.
'ഛാവ'എന്ന പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ഇന്ത്യയിലെ ഏറ്റവും മഹാനായ യോദ്ധാക്കളില്‍ ഒരാളായ ഛത്രപതി സംഭാജി മഹാരാജിന്റെ കഥയാണ് പറയുന്നത്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ മുഴുവൻ ജീവിതകഥയും സിനിമയില്‍ വിശദമായി പറയുന്നില്ല, മറിച്ച് പ്രധാന നിമിഷങ്ങള്‍ മാത്രമാണ് സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്.
വിക്കി കൗശല്‍, രശ്മിക മന്ദാന എന്നിവരെ കൂടാതെ, അക്ഷയ് ഖന്നയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശലും ഭാര്യ യേശുബായിയായി രശ്മിക മന്ദാനയും അഭിനയിക്കുന്നു. മുഗള്‍ രാജാവ് ഔറംഗസേബിന്റെ പ്രധാന പ്രതിനായകനായാണ് അക്ഷയ് ഖന്ന അഭിനയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്