മുംബൈ: മുതിര്‍ന്ന നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ദേശസ്നേഹ സിനിമകളിലൂടെ പ്രശസ്തനായിരുന്നു മനോജ് കുമാര്‍. 'പുരബ് ഔര്‍ പശ്ചിമ്, 'ക്രാന്തി', 'റോട്ടി, കപട ഔര്‍ മകാന്‍' എന്നിവ അദ്ദേഹത്തിന്റെ ചില ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്. രാജ്യസ്നേഹം പ്രമേയമായ സിനിമകളില്‍ ഭാഗമായതോടെ ഭരത് കുമാര്‍ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പത്മശ്രീ, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.
1937 ലാണ് മനോജ് കുമാറിന്റെ ജനനം. ഹരികൃഷ്ണന്‍ ഗിരി ഗോസ്വാമി എന്നതാണ് യഥാര്‍ത്ഥ പേര്. 1957 ല്‍ 'ഫാഷന്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍, 'കാഞ്ചി കി ഗുഡിയ' എന്ന ചിത്രമാണ് അദ്ദേഹത്തിന് സിനിമയില്‍ ആദ്യ വഴിത്തിരിവ് നല്‍കിയത്. അഭിനയ രംഗത്തേക്ക് ഇറങ്ങുന്നതിന് മുന്‍പ് 'ഉപ്കാര്‍', 'ഷോര്‍', 'ജയ് ഹിന്ദി' തുടങ്ങിയ ക്ലാസിക്കുകള്‍ സംവിധാനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. 1965 ല്‍ പുറത്തിറങ്ങിയ ഗുംനാം ആ വര്‍ഷത്തെ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.
ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്, 2.6 കോടി രൂപയാണ് സിനിമ നേടിയത്. അതേ വര്‍ഷം തന്നെ സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഷഹീദ് (1965) എന്ന സിനിമയിലും മനോജ് കുമാര്‍ അഭിനയിച്ചു. ചിത്രം ഏറെ നിരൂപക പ്രശംസ നേടി. മനോജ് കുമാറിന്റെ വിയോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് അനുശോചനം രേഖപ്പെടുത്തി.
ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. 'ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഇതിഹാസമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മനോജ് കുമാര്‍ ഇനിയില്ല എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതില്‍ ദുഃഖമുണ്ട്. അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്,' മരണവാര്‍ത്ത പങ്കിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്