സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലും കാര്യമായ ചലനം സിനിമയ്ക്ക് ഉണ്ടാക്കാനാകുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്.
റിലീസ് ചെയ്തു മൂന്ന് ദിവസം കഴിയുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിലും ഓവർസീസ് മാർക്കറ്റിലും സിക്കന്ദർ കിതയ്ക്കുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. മൂന്നാം ദിവസമായ ഇന്നലെ വെറും 19.5 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആദ്യ രണ്ട് ദിവസത്തെക്കാൾ കളക്ഷനിൽ 32.76 ശതമാനം ഇടിവാണ് സിക്കന്ദറിന് ഉണ്ടായിരിക്കുന്നത്. ആദ്യ ദിനം 26 കോടി നേടിയ സിനിമ ഈദ് ദിനത്തിൽ 29 കോടി വാരിക്കൂട്ടി. അതേസമയം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട പോസ്റ്റിൽ പറയുന്നത്. 105.89 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. പ്രേക്ഷകരില്ലാത്തതിനാൽ സിക്കന്ദറിന്റെ ചില ഷോകൾ റദ്ദാക്കപ്പെട്ടതായി ചലച്ചിത്ര നിരൂപകൻ അമോദ് മെഹ്‌റ റിപ്പോർട്ട് ചെയ്തിരുന്നു.
സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്