സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും നിറച്ചാർത്തിൽ കരുണയുടെ വെളിച്ചം പകർന്നു - തണൽ സന്ധ്യ 2026 അവിസ്മരണീയമായി

JUNE 1, 2026, 11:59 PM

തണൽ കാനഡയുടെ മെഗാ മ്യൂസിക്കൽകൾച്ചറൽ പരിപാടിയായ തണൽ സന്ധ്യ 2026, മെയ് 30ന് സ്‌കാർബറോയിലെ സെന്റ് ജോൺ ഹെന്റി ന്യൂമാൻ കാത്തോലിക് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ അത്യുജ്ജ്വലമായും ഹൃദയസ്പർശിയായും അരങ്ങേറി. സംഗീതവും നൃത്തവും മാനവികതയും കൈകോർത്ത സായാഹ്നം കലാസ്വാദകർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കും ഒരുപോലെ അവിസ്മരണീയ അനുഭവമായി.

പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ തണൽ കാനഡ ജനറൽ സെക്രട്ടറി പോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പിക്കറിംഗ്-ബ്രൂക്ക്‌ലിൻ എം.പി. ജുവാനിറ്റ നാഥൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ടൊറോന്റോയെ പ്രതിനിധീകരിച്ച് കോൺസൽ കുൽജീത് സിംഗ് അറോറ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി എം.പി. ജുവാനിറ്റ നാഥൻ, കോൺസൽ കുൽജീത് സിംഗ് അറോറ, തണൽ കാനഡ പ്രസിഡന്റ് ജോസ് തോമസ്, ജനറൽ സെക്രട്ടറി പോൾ ജോസഫ്, മെഗാ സ്‌പോൺസർ പ്രശാന്ത് വിജയരാജൻ പിള്ള (RE/MAX Real Estate), ഗ്രാൻഡ് സ്‌പോൺസർ സിനോ ജോയ് നടുവിലേക്കൂറ്റ് (C-Nation & C-Nte), ഗോൾഡ് സ്‌പോൺസർമാരായ അലൻ ജോ മാത്യൂസ് (InsLife Insurance), സജി മംഗലത്ത് (Royal Kerala Foods), ഡിനി എലിസബത്ത് ജോസ് (LemFi) എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു. പ്രകാശത്തിന്റെ ആ ദീപശിഖകൾ തണൽ കാനഡയുടെ കരുണയും സേവനവും പ്രതിനിധീകരിക്കുന്ന പ്രതീകാത്മക നിമിഷമായി മാറി.

vachakam
vachakam
vachakam


ഉദ്ഘാടന പ്രസംഗത്തിൽ എം.പി. ജുവാനിറ്റ നാഥൻ, സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്കായി തണൽ കാനഡ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിക്കുകയും, ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രത്യാശയും ഐക്യവും വളർത്തുന്നതായി അഭിപ്രായപ്പെടുകയും ചെയ്തു.

തുടർന്ന് സംസാരിച്ച കോൺസൽ കുൽജീത് സിംഗ് അറോറ, തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും, സാംസ്‌കാരിക ആഘോഷങ്ങളിലൂടെ സമൂഹത്തെ ഒരുമിപ്പിക്കുന്ന സംഘടനയുടെ ദൗത്യത്തെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ സന്ദേശം സദസിന്റെ ഹൃദയങ്ങളെ സ്പർശിച്ചു.

vachakam
vachakam
vachakam

അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ജോസ് തോമസ്, തണൽ കാനഡയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. രോഗബാധിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ അനേകർക്ക് സംഘടന കഴിഞ്ഞ വർഷങ്ങളിലായി നൽകിയ സഹായങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യസ്‌നേഹത്തിന്റെ ഭാഷയിൽ സമൂഹത്തെ ബന്ധിപ്പിക്കുന്ന ഒരു പ്രസ്ഥാനമായാണ് തണൽ കാനഡ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് അരങ്ങേറിയ സംഗീതനൃത്ത വിരുന്ന് സദസിനെ ആനന്ദത്തിന്റെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചുയർത്തി. ഹൃദയത്തെ തൊടുന്ന ഗാനങ്ങളും ദൃശ്യവിസ്മയം തീർത്ത നൃത്താവിഷ്‌കാരങ്ങളും ഫ്യൂഷൻ സംഗീതവും വേദിയെ കലയുടെ ഉത്സവമാക്കി മാറ്റി. ഓരോ അവതരണവും പ്രേക്ഷകരുടെ നിറഞ്ഞ കൈയടികൾ ഏറ്റുവാങ്ങി. പരിപാടിയുടെ സമാപനത്തിൽ ട്രഷറർ റോബിൻസ് കുര്യാക്കോസ് നന്ദിപ്രസംഗം നടത്തി. തണൽ സന്ധ്യ 2026ന്റെ വിജയത്തിനായി സഹകരിച്ച വിശിഷ്ടാതിഥികൾക്കും സ്‌പോൺസർമാർക്കും കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും പങ്കെടുത്ത മുഴുവൻ അതിഥികൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഡയറക്ടർമാരായ ജോഷി കൂട്ടുമ്മേൽ, ജോസ് തോമസ്, ജനറൽ സെക്രട്ടറി പോൾ ജോസഫ് എന്നിവർ പരിപാടിയുടെ ആസൂത്രണത്തിനും ഏകോപനത്തിനും നേതൃത്വം നൽകി. വിവിധ കമ്മിറ്റികളുടെ സഹായത്തോടെ മാസങ്ങളായി നടത്തിയ പരിശ്രമഫലമാണ് വർണാഭമായ ഈ തണൽസന്തൃ. ഡയറക്ടർമാരായ ജോസഫ് തോമസ് ഒലേടം, ബിജോയ് വർഗീസ്, ജോൺസൺ ഇരിമ്പൻ എന്നിവരും ചടങ്ങിൽ സജീവ സാന്നിധ്യമായി. ഇവരുടെ കൂട്ടായ പരിശ്രമവും സമർപ്പണവും തണൽ സന്ധ്യ 2026ന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

vachakam
vachakam
vachakam

തുടർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ, പങ്കെടുത്തവർക്കെല്ലാം മലയാളിത്തത്തിന്റെ രുചിയും ആതിഥേയത്വത്തിന്റെ സ്‌നേഹവും സമ്മാനിച്ചു. തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, കഴിഞ്ഞ ഒരു വർഷത്തിനിടെ 78 വ്യക്തികൾക്കും കുടുംബങ്ങൾക്കും അടിയന്തര ചികിത്സാ സഹായം നൽകാൻ സംഘടനയ്ക്ക് സാധിച്ചു. ഇതിനായി ഏകദേശം 20 ലക്ഷം രൂപ (30,000ത്തിലധികം കനേഡിയൻ ഡോളർ) സഹായമായി വിതരണം ചെയ്തു.

ഈ വർഷം 100 കുടുംബങ്ങൾക്കെങ്കിലും സഹായഹസ്തം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണൽ കാനഡ മുന്നേറുന്നത്. ഈ മഹത്തായ ദൗത്യത്തിൽ സമൂഹത്തിന്റെ തുടർ പിന്തുണയും സഹകരണവും സംഘടന അഭ്യർത്ഥിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ രോഗത്താലും ദാരിദ്ര്യത്താലും വലയുന്നവർക്ക് ജാതിമതവർണ്ണ വ്യത്യാസമില്ലാതെ കൈത്താങ്ങാകുന്ന തണൽ കാനഡ, കാനഡയിലെ ശ്രദ്ധേയമായ സാമൂഹിക സേവന സംഘടനകളിൽ ഒന്നായി വളർന്നു കൊണ്ടിരിക്കുകയാണ്. കരുണയുടെ കൈകൾ കൂടുതൽ ദൂരങ്ങളിലേക്ക് നീട്ടുവാൻ എല്ലാ സന്മനസുകളുടെയും പിന്തുണ തണൽ കാനഡ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 647-856-9965/647-996-3707, -416-877-2763, 647-531-8115, 647-895-3078

Email: [email protected], Website: http://www.thanalcanada.com/

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam