ഒട്ടാവ: കാനഡയില്‍ നിന്നുള്ള സഞ്ചാരികള്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് നടത്തുന്ന യാത്രകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായി പുതിയ കണക്കുകള്‍. ഇതോടെ നീണ്ട 15 മാസക്കാലമായി കനേഡിയന്‍ ജനത തുടര്‍ന്നുവന്ന യു.എസ് യാത്രാ ബഹിഷ്‌കരണം അവസാനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ രണ്ടാം മാസമാണ് അമേരിക്ക സന്ദര്‍ശിക്കുന്ന കാനഡക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം 1.9 ദശലക്ഷം കനേഡിയന്‍മാരാണ് യു.എസില്‍ പോയി മടങ്ങിയെത്തിയത്. 2025 മെയ് മാസത്തെ അപേക്ഷിച്ച് യാത്രാ നിരക്കില്‍ 9.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
അമേരിക്കയിലേക്കുള്ള യാത്രകളില്‍ ഭൂരിഭാഗവും റോഡ് മാര്‍ഗം വാഹനങ്ങള്‍ വഴി നടന്നിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള റോഡ് യാത്രകളില്‍ 15.1 ശതമാനത്തിന്റെ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍, വ്യോമപാത വഴിയുള്ള യാത്രകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.5 ശതമാനം ഇടിവാണ് മെയ് മാസത്തില്‍ ഉണ്ടായത്. നേരത്തെ ഏപ്രില്‍ മാസത്തിലും റോഡ് മാര്‍ഗമുള്ള യാത്രകളില്‍ 5.8 ശതമാനം വര്‍ധനവുണ്ടായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യു.എസ് ടൂറിസം മേഖലയിലേക്ക് കാനഡക്കാര്‍ ശക്തമായി തിരിച്ചെത്തുന്നതായാണ് സൂചന.
എന്തുകൊണ്ടായിരുന്നു ബഹിഷ്‌കരണം ?
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കാനഡയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ കടുത്ത വ്യാപാര നികുതികളും, കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനം എന്ന് ട്രംപ് പരിഹസിച്ചതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയത്. അതിര്‍ത്തിയിലെ കടുത്ത സുരക്ഷാ പരിശോധനകളും പലരെയും യു.എസ് യാത്രകളില്‍ നിന്ന് പിന്നോട്ട് വലിപ്പിച്ചു. ഇത് 2024 ഡിസംബറിന് ശേഷം കാനഡക്കാരില്‍ വലിയൊരു യു.എസ് യാത്രാ ബഹിഷ്‌കരണത്തിന് കാരണമാവുകയായിരുന്നു.
യുവാക്കള്‍ക്ക് പ്രിയം, മുതിര്‍ന്നവര്‍ക്ക് താല്പര്യമില്ല
ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ ഓഫ് കാനഡ നടത്തിയ സ്മാര്‍ട്ട് ട്രാവലര്‍ സര്‍വേ പ്രകാരം യാത്രകളുടെ കാര്യത്തില്‍ കാനഡയില്‍ വലിയൊരു തലമുറ വ്യത്യാസം പ്രകടമാണ്. കാനഡയിലെ യുവാക്കളില്‍ 45 ശതമാനം പേരും അടുത്ത വര്‍ഷം യു.എസ് സന്ദര്‍ശിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ഈ വര്‍ഷം യാത്ര ചെയ്യുന്ന യുവാക്കളില്‍ 61 ശതമാനം പേരുടെയും പട്ടികയില്‍ യു.എസ് ഉണ്ട്. ഇവര്‍ക്ക് പണച്ചെലവും അവധിയുടെ കുറവുമാണ് പ്രധാന തടസ്സങ്ങള്‍. എന്നാല്‍ പ്രായമായവരില്‍ വെറും 8 ശതമാനം പേര്‍ മാത്രമാണ് യു.എസ് യാത്രയ്ക്ക് താല്പര്യപ്പെടുന്നത്. മുതിര്‍ന്നവരില്‍ ഭൂരിഭാഗവും (51 ശതമാനം) രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് യു.എസ് യാത്രകള്‍ ഒഴിവാക്കുന്നത്.
നിലവില്‍ 36 ശതമാനം കാനഡക്കാരും വിദേശയാത്രകള്‍ക്ക് പകരം സ്വന്തം രാജ്യത്തിനകത്ത് യാത്ര ചെയ്യാനാണ് താല്പര്യപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ കാനഡക്കാരുടെ പ്രിയപ്പെട്ട യാത്രാ കേന്ദ്രമായി യു.എസിനെ മറികടന്ന് യൂറോപ്പ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യം യു.എസ് ടൂറിസം മേഖലയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
