കാനഡയില്‍ നയതന്ത്ര പോര്: യു.എസ് അംബാസഡര്‍ പീറ്റ് ഹൂക്സ്ട്രയെ നാടുകടത്താന്‍ വന്‍ ജനകീയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു

AUGUST 12, 2026, 10:10 PM

ഒട്ടാവ: യു.എസ് അംബാസഡര്‍ പീറ്റ് ഹൂക്സ്ട്രയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയില്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് വഴിയൊരുങ്ങുന്നു. ബുധനാഴ്ച രാവിലെയോടെ ഏതാണ്ട് 60,000 ഒപ്പുകള്‍ ശേഖരിച്ച ഹര്‍ജി, വരും ശരത്കാല സമ്മേളനത്തില്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് എലിസബത്ത് മേയ് ഹൗസ് ഓഫ് കോമണ്‍സില്‍ സമര്‍പ്പിക്കും. ഹൂക്സ്ട്രയെ പെര്‍സോണ നോണ്‍ ഗ്രാറ്റ (സ്വീകാര്യനല്ലാത്ത വ്യക്തി) ആയി പ്രഖ്യാപിച്ച് തിരിച്ചയക്കാന്‍ കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

കാനഡ-യു.എസ് നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന രീതിയില്‍ ഹൂക്സ്ട്ര നിരന്തരം പരസ്യ പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്നാണ് പ്രധാന ആരോപണം. 2025 ലെ കനേഡിയന്‍ പൊതുതിരഞ്ഞെടുപ്പിനെ അമേരിക്കന്‍ വിരുദ്ധം എന്ന് വിശേഷിപ്പിച്ചത്, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേര്‍ക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികളെ സ്വാഭാവികവല്‍ക്കരിക്കാന്‍ ശ്രമിച്ചത്, കാനഡ യു.എസ് ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് ആരോപിച്ചുകൊണ്ട് തന്നെ കനേഡിയന്‍ രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ആല്‍ബെര്‍ട്ടയിലെ വിഘടനവാദി ഗ്രൂപ്പായ സെഞ്ചൂറിയന്‍ പ്രോജക്റ്റ് ഉപയോഗിച്ച മിഷിഗണ്‍ അധിഷ്ഠിത വോട്ടര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പുമായി ഹൂക്സ്ട്രക്ക് ബന്ധമുണ്ടെന്നും എന്നാല്‍ ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടെന്നും ഹര്‍ജി ആരോപിക്കുന്നു. ആല്‍ബെര്‍ട്ട പ്രോസ്‌പെരിറ്റി പ്രോജക്റ്റ് എന്ന വിഘടന വാദി സംഘടന 2025 ഏപ്രിലിനും 2026 ജനുവരിക്കുമിടയില്‍ മൂന്ന് തവണ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും തനിക്ക് അറിവില്ലെന്നാണ് ഹൂക്സ്ട്ര നിലപാടെടുത്തത്.

കാല്‍ഗറിയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഈ ഹര്‍ജിക്ക് തുടക്കമിട്ടത്. വിഷയത്തില്‍ പ്രതികരണത്തിന് ഓട്ടവയിലെ യു.എസ് എംബസി പ്രതിനിധി തയ്യാറായില്ലെങ്കിലും ഹര്‍ജിയെക്കുറിച്ച് അറിയാമെന്ന് വ്യക്തമാക്കിയതായി സി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കാനഡയെ യു.എസിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന വിഷയം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ചയ്ക്ക് നല്ലൊരു വിഷയമാണെന്ന് ജൂണില്‍ ഹൂക്സ്ട്ര പ്രസ്താവിച്ചിരുന്നു.

1993 മുതല്‍ 2011 വരെ വെസ്റ്റേണ്‍ മിഷിഗണില്‍ നിന്നുള്ള ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് അംഗമായിരുന്ന ഹൂക്സ്ട്ര, ട്രംപിന്റെ ആദ്യ ഭരണകാലത്ത് സ്വന്തം ജന്മദേശമായ നെതര്‍ലാന്‍ഡ്‌സിലെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഏപ്രിലിലാണ് അദ്ദേഹത്തെ കാനഡയിലെ യു.എസ് അംബാസഡറായി നിയമിച്ചത്.

മുമ്പും വിദേശ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് എം.പി മൈക്കല്‍ ചോങ്ങിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2023 ല്‍ ചൈനീസ് നയതന്ത്രജ്ഞന്‍ ഷാവോ വെയ്യെ കാനഡ പുറത്താക്കിയിരുന്നു. തൊട്ടടുത്ത വര്‍ഷം, കനേഡിയന്‍ പൗരന്മാരെ ലക്ഷ്യമിട്ടെന്ന റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പുറത്താക്കി. 2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സൂറിയില്‍ സിഖ് ആക്ടിവിസ്റ്റ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടെന്നായിരുന്നു കനേഡിയന്‍ പൊലീസിന്റെ ആരോപണം. നിലവില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam