മക്കൾ തിലകം എംജിആർ തമിഴ് ജനതയെ സംബന്ധിച്ച് സിനിമാ താരമോ മുഖ്യമന്ത്രിയോ അല്ല മറിച്ച് അവരുടെ പൂജാമുറിയിലെ ദൈവ സമാനമായ ആൾരൂപമാണ്. ആ ആൾ രൂപത്തിന്റെ മനസിലേക്ക് വിണ്ടും ചേക്കേറാൻ കിണഞ്ഞുശ്രമിക്കുകയാണ് കുമാരി ജയലളിത.
എങ്ങിനേയും എംജിആറിന്റെ മനസിൽ കയറിപ്പറ്റിയെ തീരൂ, ഒരു മന്ത്രം പോലെ ജയലളിത അത് ആവർത്തിച്ചുകൊണ്ടിരുന്നു. ജയലളിത രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു പ്രധാന കാരണം എന്തായിരുന്നു, തന്നെക്കുറിച്ച് അവർ സ്വയം കരുതിയ ഇമേജ്തന്നെയായിരുന്നു. വെറും മൂന്നാംകിട സിനിമാക്കാരിയായി അറിയപ്പെടാൻ അവർ ആഗ്രഹിച്ചില്ല.
അവരുടെ സ്വപ്‌നങ്ങൾക്കു വലുപ്പം ഏറെ കൂടുതലായിരുന്നു. വായനയിലൂടെയും മറ്റും അവർ ആർജിച്ച വിശാലമായ കാഴ്ചപ്പാട് അവർക്കു നാടിനുവേണ്ടി കൂടുതലെന്തെങ്കിലും ചെയ്യണമെന്നു തോന്നിച്ചു. അവർതന്നെ പറയാറുള്ളതുപോലെ ജനസേവനമായിരുന്നു അവരുടെ സ്വപ്‌നം. ഗോസിപ്പുകളുടെ ലോകമായ സിനിമാരംഗത്തുനിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു അവർക്കു രാഷ്ട്രീയം.
എംജിആർ രണ്ടാമതും തമിഴ്‌നാടിന്റെ ചീഫ് മിനിസ്റ്ററായി. പത്തുവർഷമായി അകന്നു കഴിഞ്ഞിരുന്ന എംജിആറുമായുള്ള ബന്ധത്തിൽ മാറ്റം വരുത്താൻ ജയലളിത തീരുമാനിച്ചു. താനാഗ്രഹിക്കുന്ന വഴി തുറന്നുതരാൻ എംജിആറിനേ കഴിയൂ എന്നവർക്കു ബോധ്യമായി. എംജിആർ-ജയലളിത പുനർബന്ധത്തിൽ ഞെട്ടിയത് ആർ.എം.വീരപ്പനാണ്. എംജിആർ അമേരിക്കയിലേക്കു പോയപ്പോൾ ജയലളിതയും അവിടെ ചികിൽസയിലായിരുന്നു. അവിടെ അവർ കണ്ടുമുട്ടി.
എംജിആർ എന്ന നായകന്റെ ഇദയക്കനിയാകാൻ ആ ഒരു നിമിഷത്തെ കണ്ടുമുട്ടൽ മതിയായിരുന്നു.രാഷ്ട്രീയത്തിന്റെ ആകാശത്തിൽ പറന്നുകളിക്കുന്ന ചിത്രശലഭത്തെപ്പോലെയേ വീരപ്പൻ ആദ്യമൊക്കെ ജയലളിതയെ കണ്ടുള്ളൂ. പക്ഷേ, പാർട്ടിയിലെ ഗ്ലാമർ വേദികളിൽ തുള്ളിച്ചാടാൻ ജയ ആഗ്രഹിച്ചില്ല. അതിനപ്പുറം വേരുറപ്പിക്കുക അവരുടെ ലക്ഷ്യമായിരുന്നു. തന്റെ കഴിവുകളിൽ പൂർണവിശ്വാസമുണ്ടായിരുന്നു ജയലളിതയ്ക്ക്. ഇംഗ്ലീഷ് ദേശീയ പത്രത്തിനു നൽകിയ ഇന്റർവ്യൂവിൽ ജയലളിത പറഞ്ഞു:
''എന്നെ അത്ര ലാഘവത്തിലെടുക്കാൻ കഴിയില്ല. അത്തരത്തിലുള്ള ഒരു വ്യക്തിയല്ല ഞാൻ.'' അറിഞ്ഞോ അറിയാതെയോ എംജിആറിന്റെ പിൻഗാമിയുടെ കസേര അവർക്കു നേരെ നീങ്ങിവരികയായിരുന്നു. അതിൽ അസഹ്യത പൂണ്ട ആർ.എം.വീരപ്പൻ, ജയലളിതയുടെ റെപ്യൂട്ടേഷനിൽ ചെളി വാരിയെറിയാൻ ആവതു ശ്രമിച്ചു.
രാഷ്ട്രീയത്തിൽ ഒരു ക്രൗഡ് പുള്ളിങ് നേതാവുണ്ടെങ്കിൽ പകുതി വിജയിച്ചു. മുഖ്യമന്ത്രിയുടെ ഭാരിച്ച ഉത്തരവാദിത്തം മൂലം പൊതുമീറ്റിങ്ങുകളിൽ പങ്കെടുക്കാൻ എം.ജി.ആറിനു പലപ്പോഴും കഴിയാറില്ല.
ആ സ്ഥലങ്ങളിലൊക്കെ അദ്ദേഹം ജയലളിതയെ പറഞ്ഞയച്ചു. തമിഴ്‌നാട് രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളറായിരുന്നു ജയലളിത. അവരുടെ മുൻപിൽ വീരപ്പനോ കരുണാനിധിപോലുമോ ഒന്നുമായിരുന്നില്ല. എല്ലാ പാർട്ടി സെക്രട്ടറിമാരും അവരുടെ കൂടെയായിരുന്നു. തലൈവർക്കുശേഷം അമ്മ അതു തമിഴരുടെ വിശ്വാസമായിരുന്നു. അവരുടെ ജനസ്വാധീനത്തിൽ ഡിഎംകെ നേതാക്കൾ പതറി. എംജിആർ ജയലളിതയെ പാർട്ടിയുടെ പ്രൊപ്പഗൻഡാ സെക്രട്ടറിയാക്കി.
അതിൽ രോഷം പൂണ്ട വീരപ്പനും സംഘവും അവർക്കുനേരെ തോക്ക് തിരിച്ചുവച്ചു. എഐഎഡിഎംകെയുടെ സാധാരണനേതാക്കളും ഒട്ടുമിക്ക അണികളും ഒന്നടങ്കം ജയയുടെ കൂടെയായിരുന്നു. അതുകൊണ്ട് ആ കൊടുങ്കാറ്റ് ചായക്കോപ്പയ്ക്കുള്ളിലൊതുങ്ങി. എംജിആർ അവരെ പാർട്ടിയുടെ പ്രൊപ്പഗൻഡാ സെക്രട്ടറിയാക്കുമ്പോൾ ജയലളിതയുടെ പാർട്ടിയിലെ സ്ഥാനവും മാന്യതയും കൂടി.
അവരുടെ ഗ്ലാമർ മേക്കപ്പ് ഒരു തടസ്സമായി നിന്നു. എങ്ങിനേയും ഒരു സിനിമാനടിയുടെ ലുക്ക് മാറ്റണം. ഒരു ഇരുത്തം വന്ന രാഷ്ട്രീയ നായികയുടെ ഡീഗ്ലാമറൈസ്ഡ് ലുക്ക് വരുത്തണം. സ്വർണാഭരണങ്ങൾ ഏറെക്കുറെ ഉപേക്ഷിച്ചു. ലളിതമായ വെള്ള സാരി ധരിക്കാൻ തുടങ്ങി. പക്ഷേ, അവർ എത്രത്തോളം സൗന്ദര്യരൂപത്തിൽനിന്ന് അകന്നുനിന്നോ അത്രത്തോളം സൗന്ദര്യവതിയായിരുന്നു.
ജയലളിതയിൽ സഹജമായ ഒരു മാന്ത്രിക സാന്നിധ്യം പാർട്ടി മീറ്റിങ്ങുകളിൽ അവർക്കു തുണയായി. കരുണാനിധി അവർക്കെതിരെ പ്രസംഗവേദികളിൽ മൂർച്ചയേറിയ കല്ലുകൾ എറിയുമ്പോൾ കയ്യടിക്കുന്ന അതേ ജനംതന്നെ ജയലളിതയുടെ പ്രസംഗം കേൾക്കുമ്പോൾ കയ്യടിച്ചു. ജനത്തെ കയ്യിലെടുക്കാനുള്ള വാഗ്വിലാസം ജയലളിതയ്ക്കു വേണ്ടുവോളമുണ്ടായിരുന്നു. പ്ലാറ്റ്‌ഫോമിൽനിന്ന് 'ജന മനഃശാസ്ത്രം' അവർ ഭംഗിയായി പഠിച്ചു. ജനം തിങ്ങിനിറഞ്ഞ ഒരു വേദിയിൽനിന്നവർ പറഞ്ഞതിങ്ങനെയായിരുന്നു: ''പറയൂ, നിങ്ങൾ പുരട്ചി തലൈവരോടൊപ്പമാണോ? ആയിരക്കണക്കിനു വിശന്നുവലയുന്ന ആൾക്കാരുടെ പട്ടിണി മാറ്റുന്ന പുരട്ചി തലൈവരോടൊപ്പമാണോ പറയൂ.''
ഇടിവെട്ടുന്ന കയ്യടി. ആ ഇടിവെട്ടിനിടയ്ക്ക് ആരെങ്കിലും അല്ല എന്നുപറഞ്ഞാൽ പിന്നെ എന്തും സംഭവിക്കാം. അതാണ് തമിഴ് ജനത..! 1984ൽ ജയലളിത രാജ്യസഭാ മെംബറായി നോമിനേറ്റ് ചെയ്യപ്പെട്ടകാര്യം ജയ ഓർത്തെടുത്തു. മുപ്പത്തിയാറാം വയസ്സിൽ ആ സ്ഥാനത്തെത്തിയ അപൂർവം വനിതകളിലൊരാളായിരുന്നു ജയലളിത. എവിടെച്ചെന്നാലും ആളുകളുടെ ശ്രദ്ധ തന്നിലേക്കു കേന്ദ്രീകരിക്കത്തക്ക ഒരുതരം മാസ്മരികത ജയലളിതയ്ക്കുണ്ടായിരുന്നു. രാജ്യസഭയിലെ കന്നിപ്രസംഗം ആൾക്കാരുടെ കണ്ണും കരളും കവർന്നു. സഹമെമ്പറായ കുശ്വന്ത് സിങ് ജയലളിതയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: 'തലച്ചോറുള്ള സുന്ദരി.'
അവരുടെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്ന ഒരാളുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി! ജയലളിതയോടു ഇന്ദിരാഗാന്ധിക്കു നല്ല മതിപ്പുണ്ടായിരുന്നു. അവർ തമ്മിൽ കണ്ടുമുട്ടണമെന്ന് എംജിആർ ആഗ്രഹിച്ചു. അതിനായി ഒരു ദൂതനെ ഡൽഹിയിലേക്ക് അയച്ചു. ഇന്ദിരാഗാന്ധി പത്തു മിനിറ്റ് സമയം അനുവദിച്ചു. അവരുടെ സംസാരം അരമണിക്കൂർ നീണ്ടു. പിരിയുമ്പോൾ തമിഴ്‌നാട്ടിൽ ശോഭയുള്ള ഒരു നേതാവിനെ ഇന്ദിരാഗാന്ധി കണ്ടു. സാധാരണ എംജിആർ ഒരു കാര്യത്തിനു നിയോഗിച്ചാൽ അതുകഴിഞ്ഞ് അദ്ദേഹത്തിനോട് ഉടൻ റിപ്പോർട്ട് ചെയ്യുക പതിവായിരുന്നു.
ഇന്ദിരാഗാന്ധിയുമായുള്ള മീറ്റിങ്ങിന്റെ ഫലം അറിയാൻ എംജിആർ സ്വാഭാവികമായും ആകാംക്ഷാഭരിതനുമായിരുന്നു. മീറ്റിങ് അറേഞ്ച് ചെയ്ത ദൂതൻ ജയലളിതയോടു ചോദിച്ചു: 'മാഡം, തലൈവനുമായി ഇക്കാര്യത്തെക്കുറിച്ചു സംസാരിച്ചോ?' ജയ ഉദാസീനയായി പറഞ്ഞു: 'ഞങ്ങൾ നേരിൽ കാണാൻ പോവുകയല്ലേ, പിന്നെന്തിന് അതിനു മുമ്പേ ഫോണിലും മറ്റും അറിയിക്കണം..? ദൂതൻ ഈ വിവരം ഉടൻതന്നെ എംജിആറിന്റെ ചെവിയിലെത്തിച്ചു.
അതുകേട്ടപ്പോൾ എംജിആറിനു നീരസം തോന്നി. ജയലളിതയുടെ കാൽ ഷൂസിനപ്പുറം വളർന്നു. അത് എംജിആർ ഭക്തരെ പ്രകോപിപ്പിച്ചു. അവരെ തൃപ്തിപ്പെടുത്താനായിരിക്കണം അദ്ദേഹം ജയലളിതയെ പ്രൊപ്പഗൻഡാ സെക്രട്ടറി സ്ഥാനത്തുനിന്നും ഉടൻ തന്നെ നീക്കി. അവിടം മുതലാണ് ജയലളിതയുടെ ശനിദശ ആരംഭിച്ചതെന്നു പറയാം. അതിവൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നവരാണ് തമിഴൻ. അവന്റെ ഓരോ പ്രവർത്തിയിലും ഈ വൈകാരികതയുടെ ദ്രാവിഡോർജ്ജം നിറഞ്ഞുനിൽക്കുന്നുണ്ട്.
ഏതൊരു തമിഴ് സിനിമയെടുത്ത് നോക്കിയാലും ഒരു ഡയലോഗിൽ, അല്ലെങ്കിൽ പാട്ടിലെ ഒരു വരിയിൽ തമിഴ് മണ്ണിനെയും തമിഴ് മക്കളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ടാവും. വെള്ളിത്തിരയിൽ തങ്ങളെനോക്കി, ഉടൽ മണ്ണുക്ക്, ഉയിർ തമിഴർക്ക് എന്നുപാടുന്ന നായകൻ/നായിക; പ്രേക്ഷകരിലേക്ക്(തമിഴരിലേക്ക്) പകർത്തിവിടുന്നത് ഈ വൈകാരികതയാണ്. അവർക്കറിയാം ഇന്നത്തെ നിക്ഷേപം നാളെ തങ്ങളെ തുണയ്ക്കുമെന്ന്.
മരത്തൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്ന വ്യക്തിക്ക് മൂന്നുവട്ടക്കാലം തമിഴ്‌നാട് ഭരിക്കാൻ വഴിയൊരുക്കിയത് സിനിമയല്ലാതെ മറ്റെന്താണ്?
ദ്രാവിഡരാഷ്ട്രീയം പറയുന്നതിലെ പൊരുത്തക്കേടുകൾ അന്വേഷിക്കാതെ തങ്ങളുടെ തലൈവരെ തലയിലേറ്റാനായിരുന്നു തമിഴ് മക്കൾ ഉത്സാഹിച്ചത്. എംജിആർ സിനിമയിലൂടെ തമിഴരുടെ മനസ്സിൽ അത്രമേൽ സ്ഥാനമാണ് നേടിയെടുത്തത്.
തമിഴ്‌നാട്ടിലെ ദരിദ്രരുടെ അനിഷേധ്യനായ ദൈവമായിട്ടാണ് എംജിആർ കൊണ്ടാടപ്പെട്ടത്.
ദൈവനിഷേധികളായ ദ്രാവിഡപ്രസ്ഥാനത്തിന്റെ പരിണാമകാലത്താണ് എംജിആർ ആ പ്രസ്ഥാനത്തിന്റെ പുതിയ നേതാവായി ഉയർന്നുവന്നത് എന്നത് പുതിയ ദൈവത്തിന്റെ സൃഷ്ടിയായും വിലയിരുത്തപ്പെട്ടു. വ്യക്തിപരമോ, രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രതിസന്ധിയിൽ അദ്ദേഹം ചെന്നു പെടുമ്പോൾ, ജീവൻ വെടിഞ്ഞാണ് അണികളിൽ കുറെപ്പേർ അദ്ദേഹത്തോട് ഐക്യദാർഢ്യം അഥവാ സ്‌നേഹം പ്രകടിപ്പിച്ചത്.
ഇതെല്ലാം എങ്ങിനെ സംഭാവ്യമാകും എന്ന് ഒരു പരിധി വരെ നാം അത്ഭുതപ്പെടും. കാരണം, നമ്മളങ്ങനെയൊന്നും ചെയ്യാറില്ല. ഭാഷാഭ്രാന്ത്, പ്രാദേശിക വികാര വിജൃംഭണം എന്നിവയാൽ വിലയിരുത്തപ്പെടാറുള്ള തമിഴരുടെ കൺകണ്ട ദൈവമായി എംജിആർ വളർന്നു വലുതായി എന്നതിന്റെ പിറകിലെ വിസ്മയം എന്തായിരിക്കും? അതിന് ഇനിയും ഉത്തരമില്ല.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1