ബിംസ്റ്റക്കില്‍ എന്താണ് ഇന്ത്യയുടെ താത്പര്യം?

APRIL 8, 2025, 10:08 AM

ബാങ്കോക്കില്‍ എത്തിയ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ബംഗാള്‍ ഉള്‍ക്കടലിന് ചുറ്റുമുള്ളതും സമീപത്തുള്ളതുമായ രാജ്യങ്ങള്‍ക്ക് പൊതുവായ ചില താത്പര്യങ്ങളും പൊതുവായ ആശങ്കകളുമുണ്ടെന്ന് ഉച്ചകോടിയില്‍ പങ്കെടുക്കവെ എസ് ജയ്ശങ്കര്‍ വ്യക്തമാക്കുകയുണ്ടായി.

ഇന്ന് നമ്മള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നതിനെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധമുള്ളവരായിരിക്കുക, നമ്മുടെ ശ്രമങ്ങളില്‍ ആത്മവിശ്വാസം പുലര്‍ത്തുക, വരാനിരിക്കുന്ന സാധ്യതകളെക്കുറിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്തുക എന്നിവയാണ് നമ്മുടെ കടമ. ബിംസ്റ്റെക്കിലെ ഇന്ത്യയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. അതിന്റെ ഭാഗമായ മിക്ക രാജ്യങ്ങളുമായും ഇന്ത്യ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്താണ് ബിംസ്റ്റക്ക്?

ബംഗാള്‍ ഉള്‍ക്കടലിന് ചുറ്റുമുള്ള ഏഴ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക സംഘടനയാണ് ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍(ബിംസ്റ്റക്). 1997 ജൂണ്‍ ആറിന് ബാങ്കോക്കില്‍ വെച്ച് നടന്ന പ്രഖ്യാപനത്തിലൂടെയാണ് ഈ ഉപ-പ്രാദേശിക സംഘടന സ്ഥാപിതമായത്. ഏഴ് അംഗ രാജ്യങ്ങളില്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ള അഞ്ച് രാജ്യങ്ങളും-ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക-തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള രണ്ട് രാജ്യങ്ങളും-മ്യാന്‍മര്‍, തായ്ലന്‍ഡ്- എന്നിവയും ഉള്‍പ്പെടുന്നു.

തുടക്കത്തില്‍ സാമ്പത്തിക കൂട്ടായ്മയായ 'ബിസ്റ്റ്-ഇസി'-ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, തായ്ലന്‍ഡ് ഇക്കണോമിക് കോര്‍പ്പറേഷന്‍ എന്ന പേരിലാണ് ആരംഭിച്ചത്. വ്യാപാരം, നിക്ഷേപം, വികസനം, കൃഷി, മത്സ്യബന്ധനം, കന്നുകാലി, ടൂറിസം, സുരക്ഷ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ബിംസ്റ്റെക് അംഗരാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ബിംസ്റ്റെക്കില്‍ 1.67 ബില്ല്യണ്‍ ആളുകള്‍ ഉള്‍പ്പെടുന്നു. മൊത്തം ജിഡിപി 2.88 ട്രില്ല്യണ്‍ ഡോളറാണ്. ബിംസ്റ്റെക്കിനുള്ളിലെ വ്യാപാരം 2000ല്‍ അഞ്ച് ബില്ല്യണ്‍ ഡോളറായിരുന്നത് 2023ല്‍ 60 ബില്ല്യണ്‍ ഡോളറായി വര്‍ധിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെ ഒരു പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിന് ബിംസ്റ്റക്ക് അന്തിമരൂപം നല്‍കിയിട്ടില്ല. അംഗരാജ്യങ്ങളുടെ ഇംഗ്ലീഷ് പേരുകളെ അടിസ്ഥാനമാക്കി അക്ഷരമാല ക്രമത്തിലാണ് ബിംസ്റ്റെക്കിന്റെ അധ്യക്ഷസ്ഥാനം മാറുന്നത്.

ബിംസ്റ്റെക് ഇന്ത്യയ്ക്ക് നിര്‍ണായകമാകുന്നത് എന്തുകൊണ്ട്?

വാഷിംഗ്ടണ്‍-ബെയ്ജിംഗ് ശത്രുതയ്ക്കിടയില്‍ ചൈന അതിന്റെ സമുദ്രശേഷിയും നാവിക സാന്നിധ്യവും വികസിപ്പിക്കുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടല്‍ വീണ്ടും ഒരു മത്സര മേഖലയായി മാറുകയാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ നേരിടുന്നതിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബിംസ്റ്റെക്ക് നിര്‍ണായകമാണ്.

പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന 'സാര്‍ക്ക്' വളരെക്കാലമായി നിഷ്‌ക്രിയമായി തുടരുകയാണ്. ചൈനയുടെ കടബാധ്യതകളാല്‍ വലയുന്ന ശ്രീലങ്ക ബെയ്ജിംഗില്‍ നിന്ന് അകന്നു തുടങ്ങിയിട്ടുണ്ട്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിതനായ മുഹമ്മദ് യൂനുസ് ദേശീയ തിരഞ്ഞെടുപ്പ് 2026 വരെ വൈകിപ്പിക്കുമെന്ന് ഇതിനോടകം പറഞ്ഞിട്ടുണ്ട്. ധാക്കയിലെ ബിംസ്റ്റെക് സെക്രട്ടറിയേറ്റിനെ മുന്‍ ബംഗ്ലാദേശ് സര്‍ക്കാരുകള്‍ സജീവമായി പിന്തുണച്ചിരുന്നു. പാകിസ്ഥാന്‍ ചൈനയുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ബെയ്ജിംഗുമായുള്ള ബംഗ്ലാദേശിന്റെ പുതിയ സൗഹൃദം ഇന്ത്യയ്ക്കും മറ്റ് ബിംസ്റ്റെക് രാജ്യങ്ങള്‍ക്കും മേല്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയുടെ മൂന്ന് നിര്‍ണായക സംരംഭങ്ങളായ ആക്ട് ഈസ്റ്റ് നയം, നെയ്ബര്‍ഹുഡ് ഫസ്റ്റ് സമീപനം, മഹാ-സാഗര്‍ വീക്ഷണം എന്നിവയുടെ ത്രിരാഷ്ട്ര ഘടകത്തെയാണ് ബിംസ്റ്റെക് പ്രതിനിധീകരിക്കുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല, ബിംസ്റ്റെക്കിന്റെ ബന്ധിപ്പിക്കുന്ന കേന്ദ്രമായി ഉയര്‍ന്നുവരികയാണെന്നും ഐഎംടി ത്രിരാഷ്ട്ര ഹൈവേ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ പസഫിക് സമുദ്രം വരെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam