യശ്വന്ത് വർമ എന്ന ജഡ്ജിയുടെ വസതിയിൽ നിന്നും കണ്ടെത്തിയ പണം തന്റേതല്ലെന്ന ന്യായമാണ് അദ്ദേഹം പറയുന്നത്. ഏതായാലും അങ്ങനെ തടിതപ്പി പോകാവുന്ന ചെറിയ കാര്യമല്ലിത്. അപ്രതീക്ഷിത തീപ്പിടിത്തം ജഡ്ജിയെ അക്ഷരാർത്ഥത്തിൽ സംശയനിഴലിലാക്കിയിരിക്കുകയാണ്.
മൈ ലോഡ് ഈ വാക്കുകൾക്ക് ഒരു രാഷ്ട്രത്തലവന്റേയോ, ചക്രവർത്തിയുടേയോ അധികാര ശക്തിയുണ്ട്. ഇന്ത്യയിൽ സുപ്രീം കോടതിയിലോ, ഹൈക്കോടതിയിലൊ ജില്ലാകോടതികളിലോ ജഡ്ജിമാരെ കോടതിക്കകത്തും പുറത്തും ആദരവോടെ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാൽ സമീപകാലത്തായി നടക്കുന്ന സംഭവം നീതിപീഠത്തിനാകമാനം കളങ്കം വരുത്തിവെച്ചിരിക്കുന്നു.
ഡൽഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വർമക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗുരുതരമായവയാണ്. അതുകൊണ്ടുതന്നെ അതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾ അനുദിനം ശക്തി കൂടി വരുകയുമാണ്. ഡൽഹിയിൽ യശ്വന്ത് വർമ എന്ന ഒരു ജഡ്ജിയുടെ വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ നിന്നാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇക്കഴിഞ്ഞ ഹോളി ദിനത്തിൽ അർദ്ധരാത്രിയോടെ ജഡ്ജി വീട്ടിലില്ലാത്ത നേരത്ത് പൊടുന്നനെയൊരു തീപിടുത്തമുണ്ടാകുന്നു. അദ്ദേഹത്തിന്റെ മകൾ ഫയർ ഫോഴ്‌സിനെ വിളിച്ചു.
അവർ തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. അതിനിടയിലാണ് ആ വീട്ടിലെ പല സ്റ്റോറൂമുകളിലായി വച്ചിരുന്ന കെട്ടുകണക്കിന് നോട്ടുകൾക്ക് തീ പിടിച്ചു. 500ന്റെ നോട്ടുകെട്ടുകൾക്കാണ് തീപിടിച്ചതത്രയും. എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ അഞ്ചു കോടി രൂപയിലധികമുണ്ടെന്ന് കണ്ടെത്തി. ഫയർ ഫോഴ്‌സ് ഈ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് ആഭ്യന്തര മന്ത്രാലയത്തെ നേരിട്ട് അറിയിക്കുകയും ചെയ്തു. എന്നാൽ, പിറ്റേന്ന് വൈകീട്ട് 4.50നാണ് പോലീസ് വിവരം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.
ജഡ്ജിയുടെ വീട്ടിൽ നിന്നും എത്ര രൂപ കണ്ടെത്തിയെന്ന കാര്യമൊക്കെ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് പിന്നെ കണ്ടത്. ഇതുവരെ പുറത്തുവന്ന വിവരങ്ങളൊന്നും അത്ര നിസ്സാരമല്ല. സുപ്രധാന കേസുകൾ കൈകാര്യം ചെയ്യുകയും വിധി പറയുകയും ചെയ്യുന്ന ഒരു ജഡ്ജിയുടെ വീട്ടിൽ നിന്നാണ് കണക്കിൽപെടാത്ത ഇത്രയും പണം ചാക്കിൽ കെട്ടിവച്ചിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഒരു ജഡ്ജി എന്തിനാണിത്രയും പണം വീട്ടിൽ രഹസ്യമായി സൂക്ഷിച്ചത്..? എവിടെ നിന്നാണ് ഇത്രയും കോടി രൂപ അദ്ദേഹത്തിന് ലഭിച്ചത്..? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്.
ജഡ്ജിമാരുടെ പ്രതിച്ഛായയിൽ കളങ്കം ഏൽപ്പിക്കുന്ന സംഭവം ഇത് ആദ്യത്തേതൊന്നുമല്ല. 2002ൽ കർണാടക ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർ ഒരു റിസോർട്ടിൽ മദ്യപിച്ച് ലക്ക് കെട്ട നിലയിൽ അവിടെ അതിഥികളായി എത്തിയ ചില സ്ത്രീകളോട് അപമര്യാധയായി പെരുമാറിയ ചരിത്രമുണ്ട്. അതേ മാസം തന്നെ രാജസ്ഥാനിൽ ഹൈക്കോടതിയിലെ ഒരു ജഡ്ജി നിയമവിരുദ്ധമായി ഗർഭചിത്രം നടത്തി കൊടുത്ത ജോധ്പൂരിലെ ഒരു വനിതാ ഡോക്ടറെ കേസിൽനിന്ന് രക്ഷിക്കുന്നതിന് പകരമായി ലൈംഗികവേഴ്ചകൾക്ക് നിർബന്ധിച്ചതായി പരാതി ഉണ്ടായി. കോടതിയിലെ തന്നെ ഒരു ഉദ്യോഗസ്ഥനും ഇതിൽ ജഡ്ജിയെ സഹായിക്കാൻ ഉണ്ടായിരുന്നു. ചാണ്ടിഗഡിലെ മൂന്നു ജഡ്ജിമാർ അക്കാലത്തെ പി.എസ്.സി നിയമനത്തിനായി കോഴ വാങ്ങിയ പഞ്ചാബ് പി.എസ്.സി ചെയർമാൻ രവീന്ദ്രൻ പാൽ സിംഗ് സിദ്ധുവുമായി ഒത്തുചേർന്ന് ക്രമക്കേടുകൾ കാട്ടി എന്നാണ് പരാതി ഉണ്ടായത്.
ഇതിനെല്ലാം പുറമേ രാജ്യത്തെ പല ഹൈക്കോടതികളിലും ആയി ഒട്ടേറെ ജഡ്ജിമാർക്ക് എതിരെ നടപടി ദൂഷ്യം ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പലതും വെറും ആരോപണങ്ങൾ മാത്രമാകാം. എന്നാലും ഒന്നിന് പിറകെ ഒന്നായി വരുന്ന ഇത്തരം ആരോപണങ്ങൾ നീതിപീഠത്തിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തും എന്നതിൽ തർക്കമില്ല. കാര്യങ്ങൾ നിയന്ത്രണവിധേയം അല്ലാത്ത രീതിയിൽ ആണോ പോകുന്നത്? കുറച്ച് കാലമായി നീതിന്യായ മേഖലയിൽ പ്രവർത്തിക്കുന്നവർ ജുഡീഷ്യറിയുടെ ഉന്നത തലയങ്ങളിൽ ഉള്ളവരോട് ആരോടും ഉത്തരവാദിത്വം പുലർത്തേണ്ടതില്ലാത്ത നിലയ്ക്ക് ശബ്ദമുയർത്തി വരുന്നുണ്ട്.
ഇതൊക്കെ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് നീതിന്യായരംഗത്തുള്ളവർ തന്നെ സമ്മതിക്കുന്നു. ഇപ്പോൾ ജഡ്ജിയുടെ വസതിയിൽ നിന്നും കണ്ടെത്തിയ പണം തന്റേതല്ലെന്ന ന്യായമാണ് യശ്വന്ത് വർമ പറയുന്നത്. ഏതായാലും അങ്ങനെ തടിതപ്പി പോവാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല. അപ്രതീക്ഷിത തീപ്പിടിത്തം ജഡ്ജിയെ അക്ഷരാർത്ഥത്തിൽ സംശയനിഴലിലാക്കിയിരിക്കുകയാണ്. പ്രത്യക്ഷത്തിൽ തന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്ന് വ്യക്തമായിട്ടും ആദ്യഘട്ടത്തിൽ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് അറിയാനിടയായത്.
ഇക്കഥയിലെ നായകൻ ഡൽഹി ഹൈക്കോടതി ജഡ്ജി വർമയെ തന്റെ പഴയ തട്ടകമായ അലഹബാദ് കോടതിയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. എന്നാൽ നീതിന്യായരംഗത്തുള്ളവരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നുതുടങ്ങിയതോടെ ശക്തമായ നടപടികൾ എടുക്കാൻ നിർബന്ധിതമായിരിക്കുകയാണ്. സുപ്രീം കോടതി കൊളീജിയമാണ് വർമയെ ട്രാൻസ്ഫർ ചെയ്യാനുള്ള തീരുമാനം ആദ്യം എടുത്തത്. നിലവിലുള്ള എല്ലാ കേസുകളുടെയും ചുമതലകളിൽ നിന്ന് വർമയെ നീക്കിയിരിക്കുകയാണ്. കേസ് അന്വേഷണം തുടങ്ങിയതോടെ വർമയ്ക്ക് അവധിയിൽ പോകേണ്ടിയും വന്നു.
പോലീസ് കണ്ടെത്തിയതായി പറയുന്ന നോട്ടുകെട്ടുകൾ ജഡ്ജിയുടെ വീട്ടിൽനിന്ന് ദുരൂഹമായി മാറ്റിയത് എന്തിനാണ് എന്ന ചോദ്യം നിലനിൽക്കുന്നു. മാത്രമല്ല, തുക എണ്ണിത്തിട്ടപ്പെടുത്തുകയോ കസ്റ്റഡിയിലേക്ക് മാറ്റുകയോ ചെയ്യാത്തതിൽ സംശയമുയരുന്നുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയമിച്ച സുപ്രീം കോടതി കൊളീജിയത്തിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.
ജഡ്ജി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇംപീച്ച് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. അദ്ദേഹം പരിഗണിച്ച കേസുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യം. ക്രമക്കേടുകളോ ഗുരുതര വീഴ്ചകളോ തെളിയിക്കപ്പെട്ടാൽ ജഡ്ജിമാരെ തൽസ്ഥാനത്തുനിന്ന് നീക്കുന്ന നിയമ നടപടിയാണ് ഇംപീച്ച്‌മെന്റ്. നടപടി സാധ്യമാകണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകണം. രാജ്യത്ത് ജഡ്ജിമാർക്കെതിരെ പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ ഇംപീച്ച്‌മെന്റ് ഉണ്ടായിട്ടില്ല. എന്നാൽ ഇതിനുള്ള നീക്കങ്ങൾ നേരിട്ട ജഡ്ജിമാരുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്‌മെന്റ് നീക്കം നടത്തിയതാണ് ഒടുവിലത്തേത്.
അലഹബാദ് സ്വദേശിയായ ജസ്റ്റിസ് വർമ 2014ലാണ് ഹൈക്കോടതി ജഡ്ജിയാവുന്നത്. 2021ൽ അദ്ദേഹം ഡൽഹി ഹൈക്കോടതി ജഡ്ജിയായും നിയമിതനായി. ജഡ്ജിയായി നിയമിതനാവുന്നതിന് മുമ്പ് തന്നെ ജസ്റ്റിസ് വർമക്കെതിരെ അഴിമതിക്കേസ് ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതായത് കൃത്യമായ അന്വേഷണം പോലും നടക്കാതെയാണ് അദ്ദേഹം ജഡ്ജിയായി നിയമിതനായത് എന്ന് ഈ ആരോപണങ്ങൾ സൂചിപ്പിക്കുന്നു.
ഇക്കണ്ട കാലമത്രയും അദ്ദേഹം വിധി പറഞ്ഞ കേസുകളിൽ എത്രത്തോളം നീതി ഉണ്ടായിരുന്നുവെന്ന് അഭിഭാഷകർ തന്നെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. പൊതുവിൽ തന്നെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസതയ്ക്ക് തന്നെ വലിയ കോട്ടം വരുത്തുന്നതാണ് ജസ്റ്റിസ് വർമക്കെതിരെ നടക്കുന്ന അന്വേഷണവും കണ്ടെത്തലുകളും. അതിനാൽ, വെറും നിയമനടപടികൾ മാത്രമെടുത്ത് ഈ വിഷയം അവസാനിപ്പിക്കാൻ സാധിക്കില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്ന തരത്തിലുള്ള നടപടികൾ തന്നെ ഉണ്ടാവേണ്ടതുണ്ട്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1