ഗൾഫ് ബാങ്കിലെ വായ്പത്തട്ടിപ്പിൽ ഒട്ടേറെ മലയാളികൾ അറസ്റ്റിലേക്ക്; മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി

MAY 8, 2025, 2:24 AM

കൊച്ചി: ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ മറ്റ് രാജ്യങ്ങൾ വിട്ട മലയാളികൾക്കെതിരായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് തടയാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതോടെ, ഇവരെ ലക്ഷ്യമാക്കി കുവൈറ്റ് ഗൾഫ് ബാങ്ക് നടത്തിവരുന്ന നിയമവേട്ട നിർണായക ഘട്ടത്തിലേക്ക് കടന്നു. ഗൾഫ് ബാങ്കിന്റെ പരാതിയിന്മേലുള്ള രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ 'മെറിറ്റ് ഇല്ലാത്തത്' എന്ന നിരീക്ഷണത്തോടെയാണു ഹൈക്കോടതി തള്ളിയത്.

അന്താരാഷ്ട്ര വേരുകളുള്ള ഇത്തരം കേസുകളിൽ ഇന്ത്യാ ഗവൺമെന്റ് വിവേകപൂർണ്ണമായ നിലപാട് സ്വീകരിക്കുന്നുവെന്നതുൾപ്പെടെയുള്ള വാദങ്ങൾ പരിഗണിച്ചശേഷം കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ മൊത്തത്തിലുള്ള അന്തസ്സും ക്ഷേമവും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. സിവിൽ സ്വഭാവത്തിലൊതുങ്ങാത്ത കുറ്റകൃത്യമാണ് ഹർജിക്കാർക്കെതിരെ ആരോപിക്കപ്പെടുന്നതെന്ന വാദത്തോടും ഹൈക്കോടതി യോജിപ്പു പ്രകടിപ്പിച്ചു. 

വിദേശത്തെ ബാങ്കുകളിൽ നിന്ന് എഴുന്നൂറു  കോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ 1425 മലയാളികൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് 2024 ഡിസംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുവൈറ്റ്  ഗൾഫ് ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ തിരുവനന്തപുരത്ത് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ, ബാങ്കിന്റെ നിരവധി ഉപഭോക്താക്കൾ വായ്പ്പയുടെ തിരിച്ചടവു ഗഡുക്കൾ അടയ്ക്കാതെ നാട്ടിലേക്ക് മടങ്ങിയതായി ചൂണ്ടിക്കാട്ടി. തുടർന്ന്, ബാങ്കിനെ വഞ്ചിച്ച പ്രവാസി മലയാളികളുടെ വിവരങ്ങൾ സഹിതമുള്ള പരാതി വിലയിരുത്തിയ ശേഷം ഫലപ്രദമായ ക്രിമിനൽ നിയമനടപടി സ്വീകരിക്കാൻ പോലീസ് ആസ്ഥാനം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 

vachakam
vachakam
vachakam

1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമച്ച് വിശ്വാസ വഞ്ചന, സ്വത്ത് തട്ടിയെടുത്ത് കടന്നുകളയൽ  എന്നിവ പ്രകാരമുള്ളതാണു കുറ്റങ്ങൾ. പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി പോലീസ് സമർപ്പിച്ച നിരവധി എഫ്‌ഐആറുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി. പ്രതികളിൽ നല്ലൊരു ശതമാനവും സ്ത്രീകളാണ്.

കുമരകം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. 2021ൽ 33,777 കുവൈറ്റ് ദിനാർ വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മടങ്ങിയ കുമരകം സ്വദേശി ഇപ്പോൾ ഏകദേശം ഒരു കോടി പതിനൊന്ന് ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക തിരിച്ചടയ്ക്കാനുള്ളതായി ബാങ്ക് കണക്കാക്കുന്നു. മൂവാറ്റുപുഴ സ്വദേശി 35,555 കുവൈറ്റ് ദിനാർ ആണ് വായ്പയെടുത്തത്. ഗൾഫ് രാജ്യത്ത് താമസിക്കുമ്പോൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം പ്രതികൾ തട്ടിപ്പ് നടത്തിയതായി ബാങ്ക് ആരോപിക്കുന്നു. വായ്പ ലഭിച്ച ശേഷം അവർ രാജ്യം വിട്ടു. ഇതിനായി ചിലർ വ്യാജ രേഖകൾ പോലും നിർമ്മിച്ചു. 

മുൻകൂർ ജാമ്യാപേക്ഷയ്‌ക്കെതിരെ കേരള സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ, കസ്റ്റഡിയിലുള്ള ഹർജിക്കാരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വാദിച്ചു.ആദ്യം ഹൈക്കോടതിയെ സമീപിച്ച പ്രതികളിൽ  രണ്ട് പേർക്കും മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ, കീഴ്‌ക്കോടതികളിൽ മറ്റ് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകൾ അപ്രസക്തമായി. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ പ്രതിയായ വനിതാ നഴ്‌സ് 2024 നവംബറിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 14 തവണ മാറ്റിവച്ച് വാദം കേട്ട ശേഷം എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. കോടനാട്, വരാപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ നഴ്‌സുമാരുടെ മുൻകൂർ ജാമ്യാപേക്ഷകളും ഇതേ ജഡ്ജി നിരസിച്ചു. ഡിസംബർ മുതൽ ഈ ഹർജികൾ 11 തവണ മാറ്റിവച്ചിരുന്നു. 

vachakam
vachakam
vachakam

ഹൈക്കോടതിയിൽ ഗൾഫ് ബാങ്കിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു, പ്രതികളുടെ പ്രവർത്തനങ്ങൾ കാരണം വിദേശത്ത് മുഴുവൻ ഇന്ത്യൻ പ്രവാസി സമൂഹവും ഗുരുതര പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യമാണുള്ളതെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹർജിക്കാരെപ്പോലെ ആയിരക്കണക്കിന് മലയാളികൾ  ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ സ്വന്തം നാട്ടിലേക്ക് മടങ്ങി സ്വതന്ത്രമായി ജീവിക്കുന്നതായറിഞ്ഞതോടെ, ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് വായ്പ നൽകാൻ ബാങ്കുകൾ മടിക്കുന്നു. 

കുവൈറ്റ് ബന്ധമുള്ള മലയാളികൾക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് പുതിയ തടസ്സങ്ങൾ വന്നു. കുവൈറ്റിൽ നിന്ന് ബാങ്ക് വായ്പ എടുത്ത് കേരളത്തിൽ അന്വേഷണം നേരിടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശേഖരിച്ചുവരികയാണ്. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിലുള്ള ഹർജിക്കാരെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അത്തരം സാഹചര്യങ്ങളിൽ അവരെ ജാമ്യത്തിൽ വിടാൻ കഴിയില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

'വഞ്ചന വ്യക്തം ' 

vachakam
vachakam
vachakam

പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. ഹർജിക്കാർ വിദേശ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. തുക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വലിയ കുടിശ്ശികയുണ്ടെന്നും ഹർജിക്കാർ സമ്മതിക്കുന്നു. അവർ വിദേശ രാജ്യം വിട്ട് ഇപ്പോൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിരിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയോ ചെയ്തിട്ടുണ്ടെന്നതിൽ തർക്കമില്ല. ഇക്കാരണത്താൽ 'വഞ്ചനയുടെ ഘടകങ്ങൾ' ഉൾപ്പെടുന്നതാണ് ഈ കേസുകൾ.

ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് കുറ്റകൃത്യം ചെയ്താൽ, ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത അതേ നിയമനടപടി നേരിടണമെന്ന് വ്യവസ്ഥ ചെയ്യുന്ന സിആർപിസിയിലെ സെക്ഷൻ 188 പ്രകാരമാണ് കുവൈറ്റ് ഗൾഫ് ബാങ്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരായിരിക്കേ വായ്പ്പയെടുത്തു മുങ്ങിയവരിൽ വലിയൊരു വിഭാഗം ഇപ്പോൾ അയർലൻഡ്, യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണുള്ളത്. 

ഇതോടെ, ബാങ്ക് കേരളത്തിനു പുറമേ അതാത് രാജ്യങ്ങളിലും അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയ ജീവനക്കാർ കൂടാതെ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് വായ്പയെടുത്ത് സ്വന്തം നാട്ടിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പലായനം ചെയ്ത ബിസിനസുകാർക്കും മറ്റുമെതിരെയും ബാങ്ക് നടപടി സ്വീകരിച്ചുതുടങ്ങി. അത്തരം വായ്പാ തട്ടിപ്പുകൾ നടത്തിയ ശേഷം തിരിച്ചെത്തിയ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കെതിരെയും  ബാങ്കുകൾ  കേരളത്തിലെപ്പോലെ ക്രിമിനൽ കേസുകൾ ശക്തമാക്കുകയാണ്. 

കുടിയേറ്റം വർദ്ധിച്ചതോടെ, അന്താരാഷ്ട്ര തലത്തിൽ ഓരോ രാജ്യത്തിന്റെയും നിയമവ്യവസ്ഥകളെ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവെന്ന വാദത്തോട് ഹൈക്കോടതി യോജിച്ചു. സാമ്പത്തികമായോ അല്ലാതെയോ ആസൂത്രിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം, ആ രാജ്യത്തെ നിയമവ്യവസ്ഥയെ ഒഴിവാക്കി മറ്റ് രാജ്യങ്ങളിലേക്ക് മാറുന്നവരെ വേട്ടയാടാൻ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉപയോഗം പലപ്പോഴും ഫലപ്രദമല്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇന്ത്യയെ ഇത്തരത്തിൽ ദുഷ്‌കരമായ സാഹചര്യത്തിൽ എത്തിച്ചവരുടെ പട്ടികയിൽ വിജയ് മല്യ, നിരവ് മോദി, തഹാവർ റാണ എന്നിവരും ഉൾപ്പെടുന്നു.

അതേസമയം, ഗൾഫ് ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തി കുവൈറ്റിൽ നിന്ന് പോന്ന ഇന്ത്യക്കാർക്ക് സ്വന്തം നാട്ടിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ കഴിയില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അവർക്ക് സ്വയം പ്രതിരോധിക്കാൻ കഴിയുന്ന പോരായ്മകൾ ഉണ്ടെന്ന് തെളിഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യയുടെ പോലീസും കോടതികളും ആഭ്യന്തര നിയമങ്ങൾ പരിമിതപ്പെടുത്തുന്നപക്ഷം, രാജ്യത്തിന്റെ ലോകമെമ്പാടുമുള്ള പ്രശസ്തിക്ക് കോട്ടം സംഭവിക്കും. അത് സംഭവിക്കാൻ അനുവദിക്കരുതെന്ന് ദേശീയ നേതൃത്വം ദൃഢനിശ്ചയം ചെയ്തിരിക്കുന്നത് പ്രശംസനീയമാണ്.

ഏകദേശം 17 ലക്ഷം രൂപയുടെ സർവീസ് ചാർജ് നൽകി നഴ്‌സുമാർക്ക് കുവൈറ്റിൽ ആരോഗ്യ മന്ത്രാലയ ജോലികൾ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 2015 മുതൽ, മലയാളികൾ അവിടെ നിന്ന് വൻതോതിൽ വായ്പ എടുത്തിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ജോലി നേടാൻ അവരെ സഹായിച്ച ഏജൻസികളും വായ്പ നൽകാൻ മുന്നോട്ടുവന്നിരുന്നു. ഏജൻസികൾ വായ്പ തുക തന്നെ സർവീസ് ചാർജായി ഈടാക്കി. എംഒഎച്ച് ഉദ്യോഗം നേടിയവരിൽ ഭൂരിഭാഗവും രണ്ട് വർഷത്തിനുള്ളിൽ അവരുടെ ശമ്പളത്തിൽ നിന്ന് ഈ തുക അടച്ചു. 

ഇതോടെ, കൈവന്ന മികച്ച ക്രെഡിറ്റ് സ്‌കോർ ഉപയോഗിച്ച് ബാങ്കുകൾക്ക് മുന്നിൽ തിളങ്ങാൻ അവർക്ക് കഴിഞ്ഞു. മൂന്ന് കോടി രൂപ വരെ വരുന്ന വായ്പകൾ ലഭിക്കുന്നത് ഇതോടെ എളുപ്പമായി.
ആരോഗ്യമന്ത്രാലയത്തിലായാലും അല്ലെങ്കിലും ജോലിയിൽ തുടരുന്ന നല്ലൊരു ശതമാനം ആളുകളും കൃത്യസമയത്ത് തുക തിരിച്ചടയ്ക്കുന്നുണ്ട്.

എന്നിരുന്നാലും, ബാങ്കുകളെ അറിയിക്കാതെയും തിരിച്ചടവ് നടത്താതെയും അധിക വേതനത്തിൽ മറ്റ് രാജ്യങ്ങളിൽ ജോലിയിൽ പ്രവേശിച്ച നിരവധി പേരുണ്ട്. പലരും രണ്ട് മുതൽ മൂന്ന് കോടി വരെ രൂപയുടെ നിയമവിരുദ്ധ 'സമ്പാദ്യം' നാട്ടിലേക്കു കൊണ്ടുവന്ന് വലിയ വീടുകളും ഭൂസ്വത്തും വാങ്ങി. ബിസിനസുകൾക്കുള്ള മൂലധനമായി തുക ഉപയോഗിച്ചവരുമുണ്ട്. ഇവരിൽ വളരെ കുറച്ച് പേർ മാത്രമേ തിരിച്ചടവ് ഗൗരവമായി കാണുന്നുള്ളൂവെന്ന് ബാങ്കുകൾ വൈകിയാണ് കണ്ടെത്തിയത്. കുടിശ്ശിക വരുത്തിയവർ രാജ്യം വിട്ടതിനാൽ, തുടർന്നുള്ള നടപടികൾക്ക് കുവൈറ്റിൽ വിവിധ തടസ്സങ്ങൾ ആദ്യഘട്ടത്തിൽ ബാങ്കുകൾക്ക് നേരിടേണ്ടി വന്നിരുന്നു.

കുവൈറ്റിലെ ബാങ്കുകൾ എപ്പോഴും കേരളീയരെയാണ് തങ്ങളുടെ ഏറ്റവും നല്ല ഉപഭോക്താക്കളായി കണക്കാക്കുന്നത്. എന്നിരുന്നാലും, വായ്പകൾ തിരിച്ചടയ്ക്കുന്നില്ലെന്ന ആരോപണങ്ങൾ വർദ്ധിച്ചതോടെ, അവിടത്തെ ബാങ്കുകളിൽ മലയാളികൾക്കുള്ള വിശ്വാസവും സ്വീകാര്യതയും പൊതുവേ ദുർബലമായി. 

കുവൈറ്റിന് പുറമേ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവയുൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലെയും ബാങ്കുകൾ കഴിഞ്ഞ അഞ്ച് മുതൽ ആറ് വർഷത്തിനിടെ അഭൂതപൂർവമായ തോതിൽ വായ്പാ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്. ഈ രീതിയിൽ ബാങ്കുകൾക്കു കിട്ടാക്കടം വരുത്തിയ മലയാളികളുടെ എണ്ണം ആയിരക്കണക്കിന് വരും. ഇതുമൂലം കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതോടെ വന്നുപെട്ട പ്രതിസന്ധി മറികടക്കുന്നതിനായി നിയമവേട്ട കടുപ്പിക്കാൻ നിർബന്ധിതരാവുകയായിരുന്നു ബാങ്കുകൾ. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ, കുടിശ്ശിക ഈടാക്കൽ എന്നിവയും ഏഴ് വർഷം വരെ തടവ് ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന വകുപ്പുകളാണ് ഈ കേസുകളിൽ ഉൾപ്പെടുന്നത്.

വായ്പ്പാ തട്ടിപ്പ് നടത്തി കൈക്കലാക്കിയ 61.2 കോടി രൂപ തിരികെ നൽകാത്ത കണ്ണൂർ സ്വദേശി ഇസ്മായിൽ ചക്കരത്തിനെതിരെ ഖത്തറിലെ യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് സമർപ്പിച്ച പരാതിയെത്തുടർന്ന് കേരള സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഇസ്മായിലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണിപ്പോൾ.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam