ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം രാജ്യത്തെ ഏറെ നേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ 5:36 ന് ഉണ്ടായത്. നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് ഏക ആശ്വാസം. എന്നാല്‍ ഭൂമി കുലുങ്ങിയതോടെ ആളുകള്‍ വീടുകളും ഫ്ളാറ്റുകളും വിട്ട് പുറത്തേക്കോടി. തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയുള്ളതിനാല്‍ അതീവ ജാഗ്രതയിലായിരുന്നു ഡല്‍ഹി. രാജ്യത്തെ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ള സ്ഥലങ്ങളിലൊന്നാണ് ഡല്‍ഹി.
വീടുകള്‍ക്കുള്ളിലാണെങ്കിലും വാഹനത്തിലാണെങ്കിലും ഭൂകമ്പമുണ്ടാകുമ്പോഴും അതിനു ശേഷവും എങ്ങനെ സുരക്ഷിതരായിരിക്കാം എന്നു നോക്കാം. ഈ സമയം എന്ത് ചെയ്യണമെന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കുകയാണ് ഭൂകമ്പത്തെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗം.
ഭൂകമ്പ സാധ്യതാ പ്രദേശത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ എല്ലായ്‌പ്പോഴും ഒരു ഡിസാസ്റ്റര്‍ എമര്‍ജന്‍സി കിറ്റ് തയാറാക്കി വയ്ക്കണം എന്നതാണ് ഏറ്റവും പ്രധാനം.
അതില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു എന്ന് നോക്കാം:
ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ടോര്‍ച്ചും കൂടുതല്‍ ബാറ്ററികളും, ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന റേഡിയോ, ഫസ്റ്റ് എയ്ഡ് കിറ്റ്, ഡ്രൈ ഫൂട്ട്സ്, കേടാകാത്ത ടിന്നിലടച്ച ഭക്ഷണം എന്നിവ കിറ്റില്‍ കരുതാം. സീല്‍ ചെയ്ത വെള്ളത്തിന്റെ ക്യാന്‍, മെഴുകുതിരികളും തീപ്പെട്ടികളും, കത്തി, വെള്ളം ശുദ്ധീകരിക്കാന്‍ ക്ലോറിന്‍ ഗുളികകള്‍, അവശ്യ മരുന്നുകള്‍, പണം, വണ്ണമുള്ള കയറുകള്‍, ഗ്രിപ്പുള്ള കട്ടിയുള്ള ഷൂസുകള്‍, രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഒരു വിസില്‍.
ഭൂകമ്പമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണം?
ചില ചെറിയ ഭൂകമ്പങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു വലിയ ഭൂകമ്പത്തിനുള്ള മുന്നറിയിപ്പായിരിക്കും. വെപ്രാളപ്പെട്ട് ഓടാന്‍ ശ്രമിക്കാതെ അടുത്തുള്ള സുരക്ഷിതമായ സ്ഥലം തേടുക. ഭൂമികുലുക്കം അവസാനിക്കുന്നതുവരെ അവിടെ തുടരുക. പുറത്തുകടക്കുന്നത് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം അതിന് മുതിരുക.
വീടിനുള്ളിലാണെങ്കില്‍
ഉറപ്പുള്ള ഒരു മേശയുടെയോ കട്ടിലിന്റെയോ അടിയില്‍ അഭയം പ്രാപിക്കുക. നിങ്ങളുടെ അടുത്ത് കട്ടിലോ മേശയോ ഇല്ലെങ്കില്‍, കെട്ടിടത്തിന്റെ അകത്തെ ഒരു മൂലയില്‍ മുഖവും തലയും കൈകള്‍ കൊണ്ട് മൂടി കുനിഞ്ഞിരിക്കുക. തലയിണ ഉപയോഗിച്ച് നിങ്ങളുടെ തല സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ജനലുകളില്ലാത്ത ബാത്റൂം പോലെയുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാം. ഭാരമുള്ള ഗ്ളാസ് വാതിലുകളുടെയും ജനലുകളുടെയും വീഴാന്‍ സാധ്യതയുള്ള ഫര്‍ച്ചറുകളുടെയും സമീപത്തു നില്‍ക്കരുത്. കുലുക്കം നിലയ്ക്കുന്നതു വരെ അകത്തു തുടരണം. എന്നിട്ട് പുറത്തേക്ക് പോയി സുരക്ഷിത സ്ഥലം തേടാം.
കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ആളുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ ശ്രമിക്കുമ്പോഴോ പുറത്ത് പോകാന്‍ ശ്രമിക്കുമ്പോഴോ ആണ് മിക്ക പരിക്കുകളും ആളപായങ്ങളും സംഭവിക്കുന്നതെന്ന് രാജ്യാന്തര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭൂമി കുലുക്കമുണ്ടാകുമ്പോള്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഫയര്‍ അലാറം ഓണാക്കുക.
പുറത്താണെങ്കില്‍
ഭൂകമ്പമുണ്ടാകുമ്പോള്‍ പുറത്താണെങ്കില്‍ കെട്ടിടങ്ങള്‍, മരങ്ങള്‍, തെരുവ് വിളക്കുകള്‍ എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക. തുറസായ സ്ഥലത്താണെങ്കില്‍ ഭൂകമ്പം അവസാനിക്കുന്നത് വരെ അവിടെ തന്നെ തുടരുക. ഭൂകമ്പവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത് മതിലുകള്‍ ഇടിഞ്ഞുവീണും മറ്റ് ഭാരമുള്ള വസ്തുക്കള്‍ ശരീരത്തില്‍ വീഴുമ്പോഴുമാണ്.
വാഹനത്തിലാണെങ്കില്‍
വേഗത്തില്‍ വാഹനം നിര്‍ത്തി വാഹനത്തില്‍ തന്നെ തുടരുക. കെട്ടിടങ്ങള്‍, മരങ്ങള്‍, മേല്‍പ്പാലങ്ങള്‍ എന്നിവയ്ക്കടുത്ത് പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക. ചലനം നിലച്ചാല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ള റോഡുകള്‍, പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍, റാമ്പുകള്‍ എന്നിവ ഒഴിവാക്കുക.
അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയാല്‍
തീപ്പെട്ടി കത്തിക്കുകയോ അവശിഷ്ടങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയോ അരുത്. ഒരു തൂവാലയോ വസ്ത്രമോ ഉപയോഗിച്ച് വായ മൂടുക. പറ്റുമെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ കഴിയുന്ന തരത്തില്‍ തൂവാലയിടുക. അവസാന ആശ്രയമായി നിലവിളിക്കുക. കാരണം നിലവിളിക്കുന്നത് അപകടകരമായ അളവില്‍ പൊടി ശ്വസിക്കാന്‍ കാരണമാകും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1