ആരു വാഴും, ആരു വീഴും.. പിണറായി വിജയന്റെ തുടർഭരണ സ്വപ്‌നം തകർന്നാൽ പിന്നെ കേരള രാഷ്ട്രീയത്തിന്റെ ചിത്രമെന്ത്? ഓരോ കമ്മ്യൂണിസ്റ്റുകാരനും ആശങ്കയോടെയും ഓരോ കോൺഗ്രസുകാരനു പ്രത്യാശയോടെയും എൻ.ഡി.എ ക്യാമ്പ് കൗതുകത്തോടെയും കാത്തിരിക്കുന്ന ആ ദിവസം വരാൻ ഇനി മാസങ്ങൾ മാത്രം. തൽക്കാലം തുടർഭരണ സ്വപ്‌നം മാറ്റിവയ്ക്കാം എന്ന സൂചനകളാണ് രാഷ്ട്രീയ മാപിനിയിൽ തെളിയുന്നത്.
കോവിഡ് പോലെ, പ്രളയം പോലെ, മനുഷ്യരെ ഒന്നാകെ ഒറ്റപ്പെടുത്തുന്ന പ്രകൃതി പ്രതിഭാസങ്ങൾ ഒരു ഭരണകൂടത്തെ തുടർ ഭരണത്തിന് സഹായിച്ചുവെന്ന തിയറി കേരളത്തിന് സ്വന്തമായുണ്ട്. അത്തരം ഒന്നല്ല, നൂറുകണക്കിന് ജനകീയ വിഷയങ്ങളാണ് പരിഹാരം തേടി രണ്ടാം പിണറായി സർക്കാരിനു മുന്നിൽ എത്തിയതും മറുപടി കിട്ടാതെ കാങ്ങു കിടക്കുന്നതും.
ഒരു പതിറ്റാണ്ട് ഭരണത്തിന്റെ ശീതളിമയിൽ നിന്ന് മാറി നിന്ന യു.ഡി.എഫിന്, പ്രധാന കക്ഷിയായ കോൺഗ്രസിന് ഇനിയൊരു ഭരണനഷ്ടം ദുഃസ്വപ്‌നങ്ങളിൽ പോലുമില്ല. ക്ലിഫ് ഹൗസിലേക്ക് ഒരു നേതാവിനെ വേണം. നേതാക്കൾക്ക് ക്ഷാമമില്ലാത്തതാണ് കോൺഗ്രസിന്റെ ഗുണവും ദോഷവും. കഴിവുകൊണ്ടും അനുഭവ പരിജ്ഞാനം കൊണ്ടും സമ്പന്നരായ വലിയ നേതൃനിര കോൺഗ്രസിന്റെ സ്വത്താണ്. അര ഡസൻ നേതാക്കളെങ്കിലും മുഖ്യമന്ത്രി പദത്തിന് പാകമായി സാദ്ധ്യതാ നിരയിൽ നിലവിലുണ്ട്. അപ്പോഴാണ് ആ വലിയ ചോദ്യം ഉയർന്നു വരുന്നത്.
ആരു നയിക്കും?
ആരു നയിക്കണമെന്നായിരിക്കും ഹൈക്കമാൻഡിന്റെ മനം. തിയറികൾ പലതാണ്.
ശശി തരൂരും കെ. സുധാകരനും കെ.സി. വേണഗോപാലും നിരയിലുള്ളപ്പോൾ തന്നെയാണ് സാക്ഷാൽ ചെന്നിത്തലയും വി.ഡി.സതീശനും ആ കസേരക്ക് തൊട്ടരികിൽ നിൽക്കുന്നത്. ഭരണ വിരുദ്ധ വികാരവും മുസ്ലിം സമുദായത്തിന്റേത് ഉൾപ്പെടെയുള്ള എതിർപ്പുകളും വോട്ടായി മാറിയാൽ ഇതര സമുദായ വോട്ടുകൾ നിർണായകമാവുന്ന ഒരു ഘട്ടത്തിലാണ് എൻ.എസ്.എസും എസ്.എൻ.ഡി.പിയും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് അവിചാരിതമെന്ന വണ്ണം തിരനോട്ടം നടത്തിയിരിക്കുന്നത്.
ദീർഘ കാലത്തെ പിണക്കം മറന്ന് എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ സുകുമാരൻ നായർ ക്ഷണിച്ചതോടെ കോൺഗ്രസ് ക്യാമ്പിൽ അതൊരു തീപ്പൊരിയായി. ഭരണമാറ്റം പ്രതീക്ഷിക്കുന്ന കാലത്ത് ആ ക്ഷണത്തിന് സവിശേഷമായ അർത്ഥം കൽപ്പിക്കപ്പെട്ടു.
ഈ നായർ സ്‌നേഹം എന്തിനാണ്?
ഹരിപ്പാട്ടെ നായരും കൊച്ചി നെട്ടൂരെ നായരും എൻ.എസ്.എസിനു ഒരു പോലെയല്ല എന്നുണ്ടോ? എൻ.എസ്.എസ് പിന്തുണ ചെന്നിത്തലയ്‌ക്കെങ്കിൽ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാമെന്നോ? ശശി തരൂരും നായരല്ലേ! പ്രത്യേക രാഷ്ട്രീയ മാനങ്ങളൊന്നുമില്ലാതെ അവസാനിക്കേണ്ടിയിരുന്ന ആ മന്നം വേദി ക്ഷണം വഴിതിരിച്ചു വിട്ടത് സാക്ഷാൽ വെള്ളാപ്പള്ളി നടേശനാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഈ നേരത്ത് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി ആക്രമണം അഴിച്ചുവിട്ടത് എന്തിനാണ്?
അത് നിഷ്‌കളകമായ ഒരു നീക്കമായി കാണാൻ കഴിയുമോ എന്ന ചോദ്യം ഉയർന്നു. മറുവശത്ത് ചെന്നിത്തലയെ സഹായിക്കാനൊരു രഹസ്യ അജണ്ഡ അതിലുണ്ടെന്ന് സംശയിക്കപ്പെട്ടു. താൻ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ല എന്ന വർഷങ്ങൾ പഴക്കമുള്ള സതീശന്റെ പ്രസ്താവനയുടെ കലിപ്പ് തീർക്കാൻ പറ്റിയ സമയം ഇതല്ലെന്ന് ശ്രീനാരായണീയർ പോലും സമ്മതിക്കും. സതീശനേക്കാൾ ഭേദമാണ് ചെന്നിത്തല എന്ന പരാമർശം പോരാഞ്ഞിട്ട്, സതീശൻ ഒരു അഹങ്കാരിയാണ് എന്ന വെടി പൊട്ടിക്കൽ കൂടി വന്നതോടെ അജണ്ട ഒന്നു കൂടി തെളിഞ്ഞു. ഈഴവ വോട്ട് ചോരുമെന്ന ഭീതി കോൺഗ്രസിൽ പടർത്തുക എന്നതാണ് ആ അജണ്ഡ. ഇതിൽ വ്യക്തി വൈരാഗ്യത്തിന്റെ കണിക പോലുമില്ല.
ഇതേ സമയം, ഒരു സമുദായത്തിന്റെ വക്താവ് എന്ന് ബ്രാന്റ് ചെയ്യപ്പെടുന്നത് ദോഷകരമാണെന്ന് ചെന്നിത്തലയോളം അറിയാവുന്ന മറ്റൊരു നേതാവ് കേരളത്തിലില്ല. ഇതിനൊരു മറുവശമുണ്ട്. വെള്ളാപ്പള്ളി നടേശൻ എതിർത്താൽ ആ നേതാവ് തോൽക്കണമെന്ന് നിർബന്ധമില്ല. അതിന്റെ ഏറ്റവും മികച്ച തെളിവാണ് സാക്ഷാൽ പിണറായി വിജയൻ. തുടർഭരണത്തെയും പിണറായിയേയും ഏറ്റവും എതിർത്തിരുന്നത് ആരാണെന്നതിന് തെളിവ് മാധ്യമങ്ങളുടെ ആർക്കവൈസിലല്ല, പക്ഷെ വോട്ടർമാരുടെ മനസിലുണ്ടാവും. എന്നിട്ട് പിണറായിയെ വോട്ടർമാർ എന്തു ചെയ്തു. വെള്ളാപ്പള്ളി എതിർത്തതുകൊണ്ടാണ് തോറ്റത് എന്നു പറയാൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തെളിവൊന്നുമില്ല. തന്നെയുമല്ല പിന്തുണച്ചവർ തോറ്റ ചരിത്രവുമുണ്ട്.
ബി.ഡി.ജെ.എസിനെ ഒരു കാരണവശാലും യു.ഡി.എഫിലേക്ക് അടുപ്പിക്കില്ല എന്ന സതീശന്റെ നിലപാട് സാമുദായിക അന്തർധാര തകർന്നതിന്റെ മാത്രം തെളിവായി കുറച്ചു കാണുന്നത് അബദ്ധമാണ്. പ്രത്യേകിച്ച് രാഷ്ട്രീയവും ബിസിനസും ഇടകലർത്തി ചിന്തിക്കുമ്പോൾ. 2021ലെ പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തെ തുടർന്ന് രമേശ് ചെന്നിത്തലക്ക് പകരം വി.ഡി. സതീശൻ യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവായി. 2021ലെ പതിനഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തെ തുടർന്ന് രമേശ് ചെന്നിത്തലക്ക് പകരം യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റയാളാണ് സതീശൻ.
1990 മുതൽ 1993 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റായിരുന്ന ചെന്നിത്തല 1994 മുതൽ 1997 വരെ എ.ഐ.സി.സി. ജോയിന്റ് സെക്രട്ടറിയായിരുന്നു. 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ കോട്ടയത്ത് നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും സി.പി.എംമ്മിലെ കെ. സരേഷ് കുറുപ്പ്‌നോട് പരാജയപ്പെട്ടു. 2014ൽ അഭ്യന്തര വകുപ്പ് മന്ത്രിയായി നിയമിതനായ ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. 2016ൽ പതിനാലാം കേരള നിയമസഭയിൽ യു.ഡി.എഫ്‌ന്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായിരുന്ന കെ.സി.വേണുഗോപാൽ ഇന്ന് കേന്ദ്രത്തിൽ പിടിയുള്ള അപൂർവം കേരള നേതാക്കളിൽ ഒരാളാണ്. എ.കെ. ആന്റണി മോഡലിൽ ഏതു നിമിഷവും വേണുഗോപാൽ മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് പറന്നിറങ്ങാം എന്നു കരുതുന്നവർ ധാരാളമാണ്. ഒരു ഒത്തു തീർപ്പ് വ്യവസ്ഥയിൽ, തർക്കം മൂത്താൽ.
2009ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിറ്റിംഗ് എം.പിയായിരുന്ന ഡോ. കെ.എസ്. മനോജിനെ തോൽപ്പിച്ച് ആദ്യമായി ലോക്‌സഭയിൽ അംഗമായ വേണുഗോപാൽ 2011 മുതൽ 2014 വരെ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു.
2014ൽ എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2014ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ആലപ്പുഴയിൽ നിന്ന് പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടാതിരുന്ന വേണുഗോപാലിനെ കോൺഗ്രസ് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു.
അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് വലുതാണ്. 2017 ൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി. 2012 ൽ വ്യോമയാന സഹമന്ത്രിയായി. കേന്ദ്ര ഊർജ്ജ സഹമന്ത്രിയായി. കേരളത്തിലും പയറ്റിയിട്ടുണ്ട്. ടൂറിസം, ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് അടുത്ത യു.ഡി.എഫ് മുഖ്യമന്ത്രി ആരെന്ന കോടി വിലയുള്ള ചോദ്യത്തിന് ഉത്തരം കിട്ടാൻ ഏറെ കാത്തിരിക്കേണ്ടിവരില്ല എന്നു കരുതാം. ഹൈക്കമാന്റിന് സ്തുതി !
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1