303ൽനിന്ന് 370ലേക്ക്: ലക്ഷ്യം തൊടുമോ ടീം മോദി ഫോർമുല?

MARCH 20, 2024, 12:17 PM

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച ശേഷം മത്സരത്തിനിറങ്ങുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ. അതുകൊണ്ട് അവർ പുതിയ ലക്ഷ്യം കുറിച്ചു. 542 അംഗം ലോക്‌സഭയിൽ ഇക്കുറി ബി.ജെ.പിയുടെ നമ്പർ 370 വേണം. എൻ.ഡി.എയ്ക്ക് 400ഉം. 2019ൽ അത് യഥാക്രമം 303ഉം 354ഉം ആയിരുന്നു.

2019 പോലെയല്ല 2024. അന്ന് ഒരു ഭരണമാറ്റ പ്രതീതി മാധ്യമങ്ങളിലടക്കം നേരിയ തോതിൽ ഉണ്ടായിരുന്നു. മോദി പ്രഭാവത്തെ വെല്ലാൻ രാഹുൽ ഇഫക്ട് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചവരുണ്ടായിരുന്നു. തൊട്ടുമുമ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ ഞെട്ടിച്ച് കോൺഗ്രസ് അസാധ്യമെന്ന് കൽപ്പിച്ചിരുന്ന തിരിച്ചുവരവ് സാധ്യമാക്കിയിരുന്നു.

എന്നിട്ടും ഫലം വിപരീതമായി. ഇത്തവണ അതല്ല ചിത്രം. 10 വർഷത്തെ ഭരണത്തിൽ മോദി ബി.ജെ.പി സംഘം ഘടനാപരമായ കരുത്ത് നേടിയെന്ന തോന്നലുണ്ടാക്കുന്നു. അതുവച്ചാണ് 370400 എന്ന ലക്ഷ്യം.

vachakam
vachakam
vachakam

എന്താണ് ഫോർമുല?

1. മോദി, മോദി, മോദി.

2. ധനാഢ്യ കോർപ്പറേറ്റുകൾ കുചേലന് നൽകുന്ന കോർപ്പറേറ്റ് ഗിഫ്റ്റ്പണം

vachakam
vachakam
vachakam

3. സ്വാധീന വലയിലാക്കിയ മാധ്യമങ്ങൾ

4. ഭരണസംവിധാനങ്ങളുടെ നിയന്ത്രണം

5. പ്രതിപക്ഷ പിളർത്തൽ/വിലയ്ക്കുവാങ്ങൽ

vachakam
vachakam

6. ദേശീയത, രാമക്ഷേത്രം, സിഎഎ ...

ദേശീയത, രാമക്ഷേത്രം, സിഎഎ തുടങ്ങിയ നയപരമായ കാര്യങ്ങൾ ഒടുവിലേ വരൂ എന്ന് സംശയിച്ചേക്കാം. പ്രചാരണ രംഗത്ത് അതിന് മുൻതൂക്കം ഉണ്ടാകുമെങ്കിലും അണിയറയിൽ മുൻഗണന മറ്റുള്ളതിനായിരിക്കും. അതിന് ഒറ്റ ഉത്തരമേയുള്ളൂ. ഹിന്ദുത്വ നയങ്ങൾ മാത്രം മതി ജയിക്കാനെങ്കിൽ പിന്നെന്തിനാണ് ആദ്യം പറഞ്ഞ മറ്റ് കാര്യങ്ങളിൽ അത്രമേൽ ബി.ജെ.പി നേതൃത്വം ഊന്നൽ കൊടുക്കുന്നത്?

എളുപ്പമാകുമോ ലക്ഷ്യം?

തന്ത്രങ്ങളും കണക്കുകൂട്ടലും തെരഞ്ഞെടുപ്പിൽ യാഥാർഥ്യമാകണം എന്ന് ഉറപ്പില്ല. അവിടെ യഥാർഥ നമ്പർ തന്നെയാണ് പ്രധാനം. ബി.ജെ.പിക്ക് നല്ല സ്വാധീനമുള്ള ഹിന്ദി മേഖലയിൽ കഴിഞ്ഞ തവണ തന്നെ പരമാവധി സീറ്റുകൾ അവർ നേടിയിട്ടുണ്ട്. അധികമായി നേടേണ്ട 70 സീറ്റുകൾ പിന്നെ എവിടെ നിന്ന് ലഭിക്കും. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് മറ്റെല്ലാ മാർഗങ്ങളും ബി.ജെ.പി പയറ്റുന്നത്.
ഓരോ മേഖല തിരിച്ച് 2019ൽ നേടിയ കണക്ക് നോക്കാം. ബി.ജെ.പിക്ക് ലഭിച്ചതും ബ്രാക്കറ്റിൽ കൊടുത്ത ആകെ സീറ്റുകളും ഒരു ചിത്രം നൽകും. ഉത്തരേന്ത്യ: 159 (220), പശ്ചിമേന്ത്യ 75 (103), വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ 14 (25),  കിഴക്കേഇന്ത്യ 26 (64), തെക്കേയിന്ത്യ 29 (131).

സംസ്ഥാനങ്ങളുടെ നിലയാണെങ്കിൽ കൂടുതൽ സീറ്റുള്ള യുപിയിൽ 80ൽ 62ഉം ബി.ജെ.പിക്ക് ലഭിച്ചു. മഹാരാഷ്ട്രയിലെ 48ൽ സംഖ്യം 41 നേടി. ബിഹാറിൽ 40ൽ 17, ഗുജറാത്തിൽ 26ഉം, കർണാടകത്തിൽ 28ൽ 25ഉം, മധ്യപ്രദേശിൽ 29ൽ 28ഉം, രാജസ്ഥാനിൽ 25ൽ 24ഉം ബി.ജെ.പി സ്വന്തമാക്കി. അതായത് ഈ സംസ്ഥാനങ്ങളിൽ അതേ വിജയം ആവർത്തിച്ചാലും സീറ്റുകളുടെ എണ്ണത്തിൽ വലിയ മാറ്റം ഉണ്ടാകില്ല.

അതേസമയം എല്ലായിടത്തും വെല്ലുവിളികൾ ഉണ്ടുതാനും. ദേശീയ, മോദി എന്നതിതിനൊപ്പം തന്നെ പ്രാദേശിക പ്രശ്‌നങ്ങൾ, വിമത ഭീഷണികൾ, നിലവിലെ എം.പിമാരോടുള്ള അസംതൃപ്തി, രാജിവെച്ച് വന്നവരെ സിംഹാസനത്തിൽ ഇരുത്തുന്നതിനോടുള്ള പ്രതിഷേധങ്ങൾ. അങ്ങനെ പോകുന്നു അടിത്തട്ടിലെ വികാരം. കിട്ടിയ സീറ്റുകൾ കൈവിടാൻ ഇതെല്ലാം ചിലപ്പോൾ കാരണമായേക്കാം എന്ന് ബി.ജെ.പി ഭയക്കുന്നു.

മോദിയെന്ന ഒറ്റനേതാവിന്റെ പ്രതിച്ഛായയിൽ തെരഞ്ഞെടുപ്പ് നേരിടുകയെന്ന തന്ത്രം പാർട്ടിയിലെ ഘടനാപരമായ വെല്ലുവിളികളെ മറികടക്കാനാണ്. സംസ്ഥാന ഘടകങ്ങളിൽ എല്ലായിടത്തും വിമത പ്രശ്‌നങ്ങളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷം മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ചു. ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയുടെ പേര് പെട്ടെന്ന് ആർക്കും ഓർമ വരില്ല. മധ്യപ്രദേശിലും  അങ്ങനെ തന്നെ. പുതിയ നേതൃത്വത്തെ കൊണ്ടുവന്നത് പഴയവരോടുള്ള എതിർപ്പുകളെ ഇല്ലാതാക്കുകയാണ് അതിന്റെ ലക്ഷ്യം. പക്ഷെ തഴഞ്ഞവർ നിരാശരാണ്. നീരസം അവർ പ്രകടിപ്പിക്കുന്നു.

വലിയ വെല്ലുവിളി അടർത്തിമാറ്റിയെടുക്കുന്ന നേതാക്കൾക്ക് ഉടൻ വലിയ പരിഗണന നൽകുന്നതാണ്.സിറ്റിങ് എംപിമാരിൽ എത്രപേർക്ക് വീണ്ടും നിലയുറപ്പിക്കാൻ കഴിയും. ആ ഭയം ബി.ജെ.പിക്കുണ്ട്. അധികാര ഹുങ്ക് പ്രകടമാക്കിയ എംപിമാരെ ജനം സ്വീകരിക്കില്ലെന്ന ഭയം. പാർട്ടി രൂപീകരണം മുതൽ രാമക്ഷേത്രം ഒരു വികാരമായി മുന്നോട്ടുവെച്ചു. അത് യാഥാർഥ്യമായി. അതുകൊണ്ടുമാത്രം ഇനിയും വൈകാരിക നേട്ടം സാധ്യമാകുമോ? ഉറപ്പില്ല. വിജയ ഫോർമുലകളിൽ ഒന്ന് വീണാൽ മറ്റൊന്ന് വേണം എന്നതിനാലാണ് ബി.ജെ.പിയുടെ കാടിളക്കിയുള്ള കളി. കക്ഷത്തിലുളളത് കൈവിടാനും പാടില്ല, ഉത്തരത്തിലുള്ളത് കിട്ടുകയും വേണം.

സ്വാധീന മേഖലയിൽ ഒന്നുപോലും നഷ്ടമാകാതിരിക്കുക. അവശേഷിക്കുന്നത് കൂടി പിടിക്കുക. ഇതര മേഖലയിൽ സ്വാധീന ശക്തിയാവുക. ഇതാണ് ബി.ജെ.പിയുടെ നോട്ടം. ബംഗാളിൽ 42ൽ 18 സീറ്റ് കഴിഞ്ഞ തവണ നേടി. ഇത്തവണ മമതയെ വീഴ്ത്തി സമ്പൂർണ വിജയം സ്വപ്‌നം കാണുന്നു. ബിഹാറിൽ 40ൽ 17 കഴിഞ്ഞ തവണ കിട്ടി. ഇത്തവണ അതിലും ക്ലീൻ സ്വീപ്പ് ലക്ഷ്യമിടുന്നു. നീതിഷിനെ തട്ടിക്കളിച്ച് ആ പാർട്ടിയുടെ ഘടന തന്നെ തകർത്തത് അതിനായിരുന്നു.

അപ്പോഴും വെല്ലുവിളി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ തന്നെയാണ്. 131 സീറ്റിൽ 39 മാത്രമേ ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതിൽ തന്നെ 25ഉം കർണാടകത്തിൽ ആയിരുന്നു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര, കേരളം. മരീചികയായി തുടരുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെയും എൻ.സി.പിയെയും അടിമുടി തകർത്ത് നില ഭദ്രമാക്കിയിട്ടുണ്ട് ബി.ജെ.പി. പക്ഷെ തെക്കേ ഇന്ത്യൻ സംസ്ഥാനിങ്ങളിൽ അനുകൂലമായ പ്രത്യക്ഷ ഘടകങ്ങൾ ഒന്നുമില്ല.

മറ്റ് പാർട്ടികളിൽനിന്ന് നേതാക്കളെ കൊണ്ടുവന്ന അത്ഭുതങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. കോൺഗ്രസ് മുക്ത ഭാരതം പറഞ്ഞ്, കോൺഗ്രസ് മുക്ത ബി.ജെ.പി എന്ന് മാറ്റി പറയേണ്ട സ്ഥിതി വരുന്നു എന്ന് ബി.ജെ.പിയുടെ  കേരളത്തിലെ മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭന്റെ പരാമർശം ഒരു അളവുകോലാണ്. കൂടുമാറിയെത്തുന്ന നേതാക്കളെ അത്രവേഗം ഉൾക്കൊള്ളാൻ പരമ്പരാഗത ബി.ജെ.പിക്കാർക്ക് കഴിയില്ലെന്ന സൂചന. ഫോർമുലകൾ വിജയം മാത്രമല്ല, ചിലപ്പോൾ ബൂമറാങ്ങുമാകും.

ചൗക്കിദാർ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam