വാഷിങ്ടണ്‍: കഴിഞ്ഞ ജൂലൈയില്‍ ജോര്‍ദാനിലെ യു.എസ് സൈനിക താവളത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് സ്ഥാപനങ്ങള്‍ നല്‍കിയ ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളുമാണെന്ന് കണ്ടെത്തല്‍. ദ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ആണ് അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് ഈ നിര്‍ണ്ണായക വിവരം പുറത്തുവിട്ടത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ ജോര്‍ദാനിലെ മുവഫാഖ് സാല്‍തി എയര്‍ ബേസിനുള്ളിലെ യു.എസ് സൈനികരുടെ വിശ്രമമുറികള്‍ ലക്ഷ്യമാക്കിയാണ് ജൂലൈ 17 ന് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേറ്റ നാലുപേരെ വ്യോമമാര്‍ഗ്ഗം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന യുദ്ധവിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് അതീവ സുരക്ഷിതമായ ഈ താവളത്തിന് നേരെ മിസൈല്‍ വര്‍ഷമുണ്ടായത്.
അതേസമയം അമേരിക്കയുടെ കണ്ടെത്തലിനെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ ചൈന, തങ്ങളുടെ കമ്പനികളൊന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. ഇറാനുമായി പുലര്‍ത്തുന്ന സഹകരണം പൂര്‍ണ്ണമായും രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമാണെന്നും, നിലവിലെ സംഘര്‍ഷ സാഹചര്യത്തെ ദുരുപയോഗം ചെയ്ത് ചിലര്‍ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യു.എസിലെ ചൈനീസ് എംബസി ആരോപിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ചൈനയുടെ നീക്കങ്ങള്‍ യുദ്ധത്തിന്റെ ദിശയെ മാറ്റിമറിച്ചിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഇറാന്റെ പ്രവര്‍ത്തനങ്ങളില്‍ ചൈനീസ് സഹായങ്ങള്‍ക്ക് പുറമെ അവരുടെ ആഭ്യന്തര ഉപഗ്രഹങ്ങളും റഷ്യ നല്‍കുന്ന വിവരങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ യു.എസ് നാവിക കപ്പലുകളെ നിരീക്ഷിക്കാന്‍ ചൈനയോ റഷ്യയോ ഇറാനെ ഇനിയും സഹായിച്ചേക്കാമെന്ന ആശങ്കയിലാണ് അമേരിക്ക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
