വോസൗ (വിസ്‌കോണ്‍സിന്‍): യു.എസ് ജനപ്രതിനിധി സഭാംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ടോം ടിഫാനിയും പൈലറ്റും സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തടാകത്തില്‍ അടിയന്തരമായി ഇറക്കി. ശനിയാഴ്ച രാത്രി 9 മണിയോടെ വിസ്‌കോണ്‍സിനിലെ ലേക്ക് വോസൗവിലാണ് സംഭവം. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇരുവര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമാണുള്ളത്.
ലാ ക്രോസ് കൗണ്ടിയില്‍ നടന്ന ലിങ്കണ്‍ ഡേ ഡിന്നറില്‍ പങ്കെടുത്ത ശേഷം വോസൗ ഡൗണ്ടൗണ്‍ എയര്‍പോര്‍ട്ടിലേക്ക് മടങ്ങുകയായിരുന്നു ടോം ടിഫാനി. എയര്‍പോര്‍ട്ടിന് തൊട്ടടുത്തെത്തിയപ്പോള്‍ വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് സമയോചിതമായി ഇടപെട്ട പൈലറ്റ് വിമാനം ലേക്ക് വോസൗ തടാകത്തിലേക്ക് അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു എന്ന് ടിഫാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ ഇരുവരും 911-ല്‍ വിളിച്ച് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചു. വിമാനം തടാകത്തില്‍ മുങ്ങാന്‍ തുടങ്ങിയതോടെ പുറത്തുകടന്ന ടിഫാനിയും പൈലറ്റും നീന്തി വെള്ളം കുറഞ്ഞ ഭാഗത്തേക്ക് നീങ്ങി രക്ഷാപ്രവര്‍ത്തകര്‍ക്കായി കാത്തുനിന്നു. തുടര്‍ന്ന് വോസൗ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ എത്തിയ രക്ഷാ സംഘം ബോട്ടിലെത്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്.
പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ അസ്പിറസ് വോസൗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകണ്ണിന് മുകളില്‍ പരിക്കേറ്റ ടിഫാനിയെയും പൈലറ്റിനെയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശനിയാഴ്ച രാത്രി തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സമയോചിതമായി പ്രവര്‍ത്തിച്ച് ജീവന്‍ രക്ഷിച്ച പൈലറ്റിനും, ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ വോസൗ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനും ഫസ്റ്റ് റെസ്പോണ്ടര്‍മാര്‍ക്കും ടിഫാനി നന്ദി രേഖപ്പെടുത്തി. വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് ടോം ടിഫാനി.
സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
