യു.എസിന്റെ ഇറക്കുമതി തീരുവ; കാനഡയിലും മെക്‌സിക്കോയിലും ഇന്ന് മുതല്‍ പ്രാബല്യത്തില്‍

MARCH 4, 2025, 12:59 AM


വാഷിംഗ്ടണ്‍: കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേല്‍ യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇരുരാജ്യങ്ങള്‍ക്കും 25 ശതമാനം തീരുവയാണ് ചുമത്തിയത്. ഇത് നേരത്തേ നിശ്ചയിച്ചതാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

അധികാരമേറ്റതിന് തൊട്ട് പിന്നാലെയായിരുന്നു കാനഡ മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് തീരുവ ഏര്‍പ്പെടുത്തിയത്. അനധികൃത കുടിയേറ്റം, ലഹരിക്കെതിരായ നടപടികള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും വിട്ടുവീഴ്ച നടത്തിയെന്നും യുഎസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ചൈനയ്ക്ക് 10 ശതമാനം അധിക താരിഫും പ്രഖ്യാപിച്ചിരുന്നു.

മെക്‌സിക്കോയും കാനഡയും നികുതി ഒഴിവാക്കണമെന്ന് യുഎസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും ട്രംപുമായി നേരിട്ട് സംസാരിക്കുകയും അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പുതിയ പദ്ധതികള്‍ തയ്യാറാക്കുമെന്ന് ട്രംപിന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തീരുവ 30 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും തീരുവ നല്‍കണമെന്നും ട്രംപ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

അതേസമയം തീരുവ നടപ്പാക്കാനുള്ള തീരുമാനം കനത്ത പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും അയല്‍ രാജ്യങ്ങളുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വ്യാപാര ബന്ധങ്ങളെ തകിടം മറിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം യു.എസ് നടപടിക്ക് പിന്നാലെ, യുഎസില്‍ നിന്നുള്ള 107 ബില്യണ്‍ ഉത്പന്നങ്ങള്‍ക്ക് തങ്ങളും തീരുവ ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ഈ അന്യായ നടപടിക്ക് കാനഡ മറുപടി നല്‍കാതിരിക്കില്ലെന്നും ട്രൂഡോ വ്യക്തമാക്കി.

30 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ (20.6 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള യു.എസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തും. ഇന്ന് അര്‍ധരാത്രി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍, കാറുകള്‍, ട്രക്കുകള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയുള്‍പ്പെടെ 125 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തും. യുഎസ് തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാതെ തങ്ങളും തീരുവയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ട്രൂഡോ പറഞ്ഞു. കടംപിടുത്തം യുഎസ് തുടര്‍ന്നാല്‍ മറ്റ് പ്രവിശ്യകളുമായി ആലോചിച്ച് കൂടുതല്‍ കടുത്ത നടപടികള്‍ തങ്ങളും കൈക്കൊള്ളുമെന്നുമാണ് ട്രൂഡോയുടെ പ്രതികരണം. അതേസമയം യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം തീരുവ ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam