വാഷിംഗ്ടണ്‍: ഉക്രെയ്നിനുള്ള സൈനിക സഹായം റദ്ദാക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാന ഉപദേഷ്ടാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. ബൈഡന്‍ ഭരണകൂടം അംഗീകരിച്ചതും പണം നല്‍കിയതുമായ സഹായം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഓപ്ഷനുകള്‍ ട്രംപ് പരിഗണിക്കുന്നതായാണ് സൂചന.
ഇതിനായി മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്സെത്ത് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉപദേഷ്ടാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ഉപദേശകരെ കാണുന്നത്.
ചില ഉപദേഷ്ടാക്കള്‍ സെലെന്‍സ്‌കിക്കും ഉക്രെയ്നിനുമെതിരെ 'തീവ്രമായ നിലപാടുകള്‍' സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം സമാധാന കരാറിലെത്തിയ ശേഷം സെലെന്‍സ്‌കി രാജി വെക്കുമെന്നാണ് മറ്റ് ചിലര്‍ പ്രതീക്ഷിക്കുന്നത്. ഇത് റഷ്യയുടെ പ്രധാന ഉപാധികളിലൊന്നാണ്. ഉക്രെയ്‌നിലെ പോരാട്ടം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള യൂറോപ്പിന്റെ പദ്ധതി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കെയര്‍ സ്റ്റാര്‍മറിനോടും ഇമ്മാനുവല്‍ മാക്രോണിനോടും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
റഷ്യയ്ക്ക് ഒരു ഉക്രേനിയന്‍ ഭൂമി പോലും നല്‍കാത്ത ഏക യു.എസ് പ്രസിഡന്റ് താനാണെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയുമായുള്ള ഭാവി സമാധാന ചര്‍ച്ചകളില്‍ കീവിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഉക്രെയ്‌നിലേക്ക് ആയുധങ്ങള്‍ അയയ്ക്കുന്നത് തുടരണമെന്ന് സെലെന്‍സ്‌കി യു.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം ഉക്രെയ്‌നിനായി പുതിയ ആയുധ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടില്ല. അതേസമയം ബൈഡന്‍ ഭരണകൂടത്തിന്റെ കീഴില്‍ പ്രഖ്യാപിച്ച സഹായം നിര്‍ത്തിവെച്ചിട്ടുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്