ന്യൂയോര്‍ക്ക്: ഒന്റാറിയോ പ്രവിശ്യ സംപ്രേഷണം ചെയ്ത താരിഫ് വിരുദ്ധ ടെലിവിഷന്‍ പരസ്യം കാരണം കനേഡിയന്‍ സാധനങ്ങളുടെ ഇറക്കുമതിക്ക് 10% അധിക തീരുവ വര്‍ദ്ധിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ശനിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് താരിഫുകളെ വിമര്‍ശിക്കാന്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ വാക്കുകള്‍ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നു. കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതിനെതിരെയുള്ള പ്രകോപനപരമായ പ്രവര്‍ത്തിയായിട്ടാണ് യു.എസ് ഭരണകൂടം സംഭവത്തെ വിലയിരുത്തിയത്. വാരാന്ത്യത്തിന് ശേഷം പരസ്യം പിന്‍വലിക്കുമെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞെങ്കിലും വേള്‍ഡ് സീരീസിന്റെ ആദ്യ ഗെയിമിനിടെ വെള്ളിയാഴ്ച രാത്രി അത് പ്രദര്‍ശിപ്പിക്കുകയായിരുന്നു.
''അവരുടെ പരസ്യം ഉടന്‍ പിന്‍വലിക്കേണ്ടതായിരുന്നു, പക്ഷേ അത് ഒരു പറ്റിക്കലാണെന്ന് വ്യക്തമാക്കിക്കൊണ്ട് അവര്‍ ഇന്നലെ രാത്രി വേള്‍ഡ് സീരീസിനിടെ അത് പ്രക്ഷേപണം ചെയ്യാന്‍ അനുവദിച്ചു,'' ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മലേഷ്യയിലേക്ക് പറക്കുമ്പോള്‍ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ നടപടി സ്വീകരിക്കുകയും ചെയ്തതിനാല്‍, കാനഡയുടെ തീരുവ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ 10% വര്‍ദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അധിക ഇറക്കുമതി നികുതി ചുമത്താന്‍ ട്രംപ് ഏത് നിയമപരമായ അധികാരമാണ് ഉപയോഗിക്കുകയെന്ന് വ്യക്തമല്ല.
അതേസമയം പുതിയ 10% വര്‍ദ്ധനവ് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നോ, എല്ലാ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാകുമോ എന്നത് സംബന്ധിച്ച വൈറ്റ് ഹൗസ് ഉടന്‍ മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
