കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസിന്റെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവ് കൂടുതൽ വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത യാത്രക്കാരുമായി ഇന്ന് പുറപ്പെടാനിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 ന്റെ വിക്ഷേപണം മാറ്റി.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്.
അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. അടുത്ത ശ്രമം എന്ന് നടത്തുമെന്ന് സ്പേസ് എക്സും നാസയും അറിയിച്ചിട്ടില്ല. സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം വൈകുന്നതിന് അനുസരിച്ച് സുനിത വില്യംസ് അടക്കം ക്രൂ 9 സംഘാംഗങ്ങളുടെ തിരിച്ചുവരവും വൈകും.
10 മണിക്കൂര്‍ നേരത്തെ യാത്രയ്ക്കൊടുവില്‍ സ്പേസ് എക്സിന്‍റെ ക്രൂ–10 ബഹിരാകാശത്തെത്തിച്ചേരുമെന്നാണ് നാസ പ്രതീക്ഷിച്ചിരുന്നത്. രണ്ട് ദിവസത്തെ 'ഹാന്‍ഡ് ഓവര്‍' പ്രക്രിയകള്‍ക്ക് ശേഷം 16–ാം തീയതിയോടെ സുനിതയെയും സംഘത്തെയും തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും നാസ വിശദീകരിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിച്ചാലും നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 17 വരെ പേടകത്തിന്‍റെ യാത്ര ഉണ്ടാവില്ലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
2024 ജൂൺ മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ജൂൺ 5 ന് ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ഐഎസ്‌എസിലേക്ക് പുറപ്പെട്ടത്. എന്നിരുന്നാലും, സ്റ്റാർലൈനറിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ തകരാർ, ചോർച്ച, എന്നിവ കാരണം, എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം ഇരുവർക്കും കൃത്യസമയത്ത് ഭൂമിയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല.
നാസ പലതവണ അവരെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു, പക്ഷേ സ്റ്റാർലൈനറിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കാരണം മടക്കയാത്ര മാറ്റിവച്ചു. തുടർന്ന് 2024 സെപ്റ്റംബർ 7 ന് ഒരു ക്രൂ ഇല്ലാതെ നാസയും ബോയിംഗും ന്യൂ മെക്സിക്കോയിൽ സ്റ്റാർലൈനർ ഇറക്കി. ഇതോടെ, സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്‌എസിൽ തന്നെ തുടരേണ്ടിവന്നു. അതേസമയം, ഒരു സ്ത്രീ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തത്തിനുള്ള ലോക റെക്കോർഡ് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്