അറ്റ്ലാന്റാ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'ശൈനോ വ് ഹുല്‍മോനോ' എന്ന് നാമകരണം ചെയ്തിരിക്കുന്ന കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയം 2 കോരി. 5: 18-19 വാക്യങ്ങള്‍ ആസ്പദമാക്കിയുള്ളതാണ് (Reconciliation and Healing). ജൂലൈ 16 മുതല്‍ 19 വരെ അറ്റ്ലാന്റാ ഹൈയാത്ത് റീജന്‍സി ഹോട്ടലില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികനായി എത്തുന്നത് പ്രമുഖ വാഗ്മിയും ചിന്തകനുമായ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാസ് മാര്‍ സേവേറിയോസ് ആണ്. കോണ്‍ഫറന്‍സില്‍ വൈദീകര്‍ക്കും, സ്ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സമ്മേളനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഈ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ ഈവാനിയോസ് തിരുമേനിയോടൊപ്പം ഡോ. ഫാ. തിമോത്തി തോമസ്, ഫാ. മാറ്റ്. അലക്സാണ്ടര്‍, സീനാ മാത്യു എന്നീ പ്രഗത്ഭ വ്യക്തികള്‍ നേതൃത്വം നല്‍കും.
ഭദ്രാസനത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 500 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി കോണ്‍ഫറന്‍സ്. 16-ാം തീയതി വര്‍ണ്ണ ശബളമായ റാലിയോടെ ആരംഭിയ്ക്കുന്ന സമ്മേളനത്തില്‍ മറ്റ് സഭാ നേതാക്കളും ആശംസകള്‍ അര്‍പ്പിക്കും. ഭദ്രാസന ഗായകസംഘം സമ്മേളനങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കും.
'ഉല്ലാസവഞ്ചി' എന്ന പേരില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ കലാസന്ധ്യയും അരങ്ങേറും. സമാപന ദിവസമായ 19-ാം തീയതി ശനിയാഴ്ച വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സമാപന സമ്മേളനവും നടത്തപ്പെടും. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ക്രമീകരിച്ച ഭാഗ്യകൂപ്പണുകളുടെ നറുക്കെടുപ്പും, കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധികരിയ്ക്കുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും ഈ സമ്മേളനത്തില്‍വച്ച് നടത്തപ്പെടും.
സ്നേഹവിരുന്നോടെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് അറ്റ്ലാന്റാ 2025 ന് തിരശീല വീഴും. സമ്മേളനത്തിന്റെ വിജയത്തിനായി സൗത്ത് വെസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ ഈവാനിയോസിന്റെ പ്രധാന മേല്‍നോട്ടത്തില്‍ ഫാ. ജോര്‍ജ്ജ് ഡാനിയേല്‍ (ബെന്നി അച്ചന്‍) ഡയറക്ടറായും ഭദ്രാസന കൗണ്‍സില്‍ അംഗം പ്രസാദ് ജോണ്‍ കണ്‍വീനറായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്