ഫോമാ കേരള കൺവൻഷൻ നെറ്റിൽ മാസ്മരിക പ്രകടനവുമായി വിവേകാനന്ദനും അഖില ആനന്ദും സുധീർ പറവൂരും

DECEMBER 29, 2025, 7:53 AM

കോട്ടയം: ജനുവരി 9-ാം തീയതി മലയാളത്തിന്റെ അക്ഷര നഗരിയായ കോട്ടയത്തെ വിൻഡ്‌സർ കാസിൽ ഹോട്ടലിൽ ഫോമാ കേരള കൺവൻഷൻ നെറ്റ് ആനന്ദകരമാക്കാൻ എത്തുന്നത് ഐഡിയ സ്റ്റാർ സിങ്ങറിന്റെ ടൈറ്റിൽ വിജയിയായ പ്രശസ്ത പിന്നണി ഗായകൻ വിവേകാനന്ദനും അനുഗ്രഹാത ഗായിക അഖില ആനന്ദും പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് സുധീർ പറവൂരുമാണ്. ഇവരുടെ മാസ്മരിക കലാവിരുന്ന് സംഗീതത്തിന്റെയും കോമഡിയുടെയും പുത്തൻ അനുഭവമായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. കൺവൻഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാവുന്നായി നാട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം അറിയിച്ചു.

ആലാപനത്തിലും വയലിൻ വാദനത്തിലും ഒരുപോലെ  വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള വിവേകാനന്ദൻ 2008ൽ ഐഡിയ സ്റ്റാർ സിങ്ങറിന്റെ ടൈറ്റിൽ വിജയിയായിരുന്നു. ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ് അദ്ദേഹത്തിന് അന്ന് സമ്മാനമായി ലഭിച്ചത്. ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തു. എം.എസ് ബാബുരാജ്, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരുടെ ക്ലാസിക് ഗാനങ്ങൾ അവതരിപ്പിക്കാറുണ്ട്.

'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...', 'ഇരു ഹൃദയങ്ങളിൽ ഒന്നായ്...' എന്നിവ വിവേകാനന്ദന്റെ പ്രശസ്ത ഗാനങ്ങളിലുൾപ്പെടുന്നു. യൂട്യൂബ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സജീവമാണ്. വയലിൻ വായനയും ആലാപനവും ഒരുമിച്ച് അവതരിപ്പിച്ച് സദസിനെ കൈയിലെടുക്കാറുള്ള വിവേകാനന്ദന് ക്ലാസിക്കൽ മ്യൂസിക്കിലും അവഗാഹമുണ്ട്. 2009ൽ സുബ്രഹ്മണ്യപുരത്തിലെ 'കൺമണിയാൽ...' എന്ന ഗാനത്തിലൂടെയാണ് വിവേകാനന്ദൻ മലയാള സിനിമയിലെ പിന്നണിഗാന രംഗത്ത് അരങ്ങറ്റം കുറിച്ചത്.

vachakam
vachakam
vachakam


ടെലിവിഷൻ ഷോകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കലാകാരി അഖില ആനന്ദ്, അവതാരകയും പിന്നണി ഗായികയുമായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത 'അശ്വാരൂഢൻ' എന്ന ചിത്രത്തിലെ 'അഴകാലില മഞ്ഞച്ചരടിലെ പൂത്താലി...' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിലൂടെയാണ് അഖില ആനന്ദിന്റെ സിനിമാ ഗാന കരിയറിന് തുടക്കമിട്ടത്. ജാസി ഗിഫ്റ്റാണ് അതിന് സംഗീതം ഒരുക്കിയത്. പിന്നീട് വിവിധ മലയാള സിനിമകൾക്കായി നാൽപ്പതിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. സീ കേരളം ചാനലിലെ 2021ലെ സംഗീതാധിഷ്ടിത മൽസര പരിപാടിയായ 'സരിഗമപ കേരളം ലിറ്റിൽ ചാംസി'ന്റെ ജൂറി മെമ്പർമാറിൽ ഒരാൾ അഖില ആയിരുന്നു. വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ് അഖില ആനന്ദ്.

കഴിഞ്ഞ 25 വർഷമായി മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കലാരംഗത്ത് സജീവമായി തുടരുന്ന വ്യക്തിയാണ് സുധീർ പറവൂർ. ട്രോളുകളിൽ അടക്കം സ്റ്റാറായ 'കേശവൻ മാമൻ' എന്ന കഥാപാത്രം ആയിരുന്നു സുധീർ പറവൂരിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചത്. ഫ്‌ളവേവ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്ത നാടോടിക്കാറ്റ് എന്ന ഹാസ്യ പരിപാടിയിൽ സ്‌കൂൾ കലോത്സവം ആസ്പദമാക്കി അവതരിപ്പിച്ച കോമഡി സ്‌കിറ്റിൽ സുധീർ സ്വന്തമായി എഴുതി ആലപിച്ച 'ക്‌ളിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സുള്ള തത്തേ...' വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു... അതേ പരിപാടിയിൽ അവതരിപ്പിച്ച സംഘഗാനവും (തുഞ്ചന്റെ തത്തെ..) സുധീർ തന്നെ ആയിരുന്നു ചിട്ടപ്പെടുത്തിയത്. തുടർന്ന് ശ്രദ്ധേയമായ പാരഡി പാട്ടുകൾ എഴുതി.

vachakam
vachakam
vachakam

സ്‌കിറ്റുകളിലൂടെയും പാരഡി ഗാനങ്ങളിലൂടെയും ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന സമയത്താണ് സിനിമയിൽ എത്തുന്നത്. ഭാസ്‌കർ ദി റാസ്‌ക്കൽ, പുതിയ നിയമം, മാർഗ്ഗംകളി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് കട്ടപ്പനയിലെ ഋതിക്ക് റോഷൻ,  യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഒ.പി 160/18 കക്ഷി: അമ്മിണിപിള്ള എന്ന സിനിമയിൽ അഭിനയിച്ചതിന് പുറമെ ചിത്രത്തിൽ ഒരു പാട്ട് എഴുതുകയും അദ്ദേഹം തന്നെ അത് ആലപിക്കുകയും ചെയ്തു.

ഫോമാ കേരള കൺവൻഷനിലെ ഈ എന്റർടെയ്ൻമെന്റ് പ്രോഗ്രാമിലേയ്ക്ക് ഏവരെയും നിറമനസോടെ ക്ഷണിക്കുന്നുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

എ.എസ് ശ്രീകുമാർ, ഫോമാ ന്യൂസ് ടീം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam