അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലൈ മാസം 16 (ബുധൻ) മുതൽ 19 (ശനി) വരെയുള്ള ദിവസങ്ങളിൽ വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച്, വൈവിധ്യമാർന്ന പ്രോഗ്രാമുകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജനറൽ കൺവീനർ റവ. ഫാ. ജെറി ജേക്കബ്, ജോ. കൺവീനർ ജോജി കാവനാൽ എന്നിവർ അറിയിച്ചു.
ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടേയും വന്ദ്യ വൈദീകരുടേയും ഭദ്രാസന കൗൺസിൽ അംഗങ്ങളുടേയും നേതൃത്വത്തിൽ പുതുമയാർന്ന ആശയങ്ങൾ കൊണ്ടും ആത്മീയത നിറഞ്ഞു നിൽക്കുന്ന വിവിധ പ്രോഗ്രാമുകൾ കൊണ്ടും, അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ കുടുംബസംഗമത്തിന്റെ ചീഫ് ഗസ്റ്റായി ഡോ. സാറാ നൈറ്റും അഭിവന്ദ്യ മാത്യൂസ് മോർ അന്തീമോസ് മെത്രാപോലീത്താ, അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപോലീത്താ എന്നിവർ ഗസറ്റ് സ്പീക്കർമാരായും റവ. ഫാ. ഏലിജാ എസ്തഫാനോസ് യൂത്ത് സ്പീക്കറായും സംബന്ധിക്കുന്നു.
''വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാൻ 11.40'' എന്നതായിരിക്കും ഈ കുടുംബമേളയുടെ ചിന്താവിഷയം. സുറിയാനി സഭയുടെ അടിസ്ഥാന വിശ്വാസത്തിന്റെ പ്രതീകമായ നിഖ്യാസുന്നഹദോസിന്റെ 1700-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സുറിയാനി സഭയുടെ ചരിത്രവും പാരമ്പര്യവും പഠിക്കുവാനും ചർച്ച ചെയ്യുവാനുമുള്ള അവസരമൊരുക്കുന്നുവെന്നത് ഈ വർഷത്തെ കുടുംബമേളയുടെ പ്രത്യേകതയാണ്.
കോൺഫറൻസിന്റെ ആദ്യദിനമായ ജൂലൈ 16 (ബുധൻ) വൈകിട്ട് 5 മണിക്ക് പതാക ഉയർത്തുന്നതോടെ, ഈ വർഷത്തെ കുടുംബമേളക്ക് തുടക്കം കുറിക്കും. വൈകിട്ട് 6.30 മുതൽ അതിഭദ്രാസനത്തിലെ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികളുടെ ''പ്രതിനിധി യോഗം'' ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെടും.
17-ാം തിയതി (വ്യാഴം) രാവിലെ 9.15ന് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ, അഭിവന്ദ്യ പിതാക്കന്മാരും മറ്റു വിശിഷ്ട വ്യക്തികളും പങ്കുചേരും. കുടുംബമേളയോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ''മലങ്കര ദീപം 2025''ന്റെ പ്രകാശന കർമ്മവും തദവസരത്തിൽ നടത്തും. വൈകിട്ട് 7 മണിക്ക് ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തുന്ന 'അവാർഡ് നൈറ്റ്' ഈ കുടുംബമേളയുടെ തിളക്കമാർന്ന പ്രോഗ്രാമായിരിക്കും.
ആതുരസേവന രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ നിന്നും തെരഞ്ഞെടുക്കപ്പട്ടവരേയും ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സണ്ടേ സ്‌കൂൾ പ്രസ്ഥാനത്തിൽ 25 വർഷത്തിലധികം സ്തുത്യർഹമാംവിധം സേവനമനുഷ്ഠിച്ചവരേയും ഈ അവസരത്തിൽ ആദരിക്കുന്നതായിരിക്കും.
18-ാം തിയതി (വെള്ളി) വിശിഷ്ട വ്യക്തികൾ നേതൃത്വം കൊടുക്കുന്ന പഠന ക്ലാസുകൾക്ക് പുറമേ ഭക്ത സംഘടനകളുടെ പ്രത്യേക യോഗങ്ങളും വിവിധ ഹാളുകളിൽ ക്രമീകരിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് ക്ലർജി മീറ്റിംഗും ഉണ്ടായിരിക്കും. വൈകിട്ട് 4.15ന് ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരളീയ തനിമ വിളിച്ചറിയിക്കും വിധത്തിലുള്ള വേഷവിദാനങ്ങളുമായി വിശ്വാസികൾ അണിനിരന്ന് നടത്തപ്പെടുന്ന വർണശബളമായ ഘോഷയാത്ര കുടുംബമേളക്ക് കൊഴുപ്പേകും.
ഭദ്രാസനാംഗങ്ങളുടെ ആത്മീയ കൂട്ടായ്മക്കൊപ്പം തന്നെ കലാരംഗത്തെ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും അംഗങ്ങളുടെ മാനസിക ഉല്ലാസത്തിനുമായി വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് ക്രമീകരിക്കുന്ന കൾച്ചറൽ പ്രോഗ്രാം ഏറെ ആകർഷകമായിരിക്കും.
19-ാം തിയതി (ശനി) രാവിലെ 8 മണിക്ക് അഭിവന്ദ്യരായ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വി. ബലിയോടു കൂടി ഈ വർഷത്തെ കുടുംബമേളക്ക് തിരശ്ശീല വീഴും.
കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി അഹോരാത്രം പരിശ്രമിക്കുന്ന ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വന്ദ്യ വൈദീകർ, ഭക്തസംഘടനാ പ്രതിനിധികൾ, മറ്റു പ്രവർത്തകർ എന്നിവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കുന്നതായും ഈ കുടുംബമേളയുടെ വിജയത്തിനായി എല്ലാ സഭാ അംഗങ്ങളും പ്രാർത്ഥിക്കണമെന്നും അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്