വാഷിംഗ്ടണ്‍: അറബിക്കടലില്‍ യു.എസ് നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരില്‍ ഒരാളെ കാണാതായി. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
അപകടത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവര്‍ നിലവില്‍ യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷില്‍ ചികില്‍സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് നാവികസേനാ വക്താക്കള്‍ അറിയിച്ചു. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തില്‍ മേഖലയില്‍ കടുത്ത ജാഗ്രത തുടരുന്നതിനിടയിലാണ് ഈ സംഭവം. എന്നാല്‍, ശത്രുക്കളുടെ ആക്രമണം മൂലമല്ല ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാറാണ് അടിയന്തിര ലാന്‍ഡിംഗിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ യു.എസ് അഞ്ചാം ഫ്‌ളീറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷില്‍ നിന്ന് പറന്നുയര്‍ന്ന എംഎച്ച്-60S സീ ഹോക്ക് (MH-60S Sea Hawk) എന്ന ഹെലികോപ്റ്ററാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തടയുക, ചരക്കുകളും സൈനികരെയും സുരക്ഷിതമായി എത്തിക്കുക തുടങ്ങിയ നിര്‍ണായക ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണിത്. അപകടം നടക്കുമ്പോള്‍ ഇവര്‍ ഏത് തരത്തിലുള്ള ദൗത്യത്തിലായിരുന്നുവെന്ന് വ്യക്തമാക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം അമേരിക്കന്‍ സൈന്യത്തിന് വന്‍ വ്യോമനഷ്ടമാണ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഫെബ്രുവരിക്ക് ശേഷം തകരുകയോ ശത്രുക്കളുടെ ആക്രമണത്തിന് ഇരയാവുകയോ ചെയ്ത നാല്‍പ്പതിലധികം വിമാനങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. കഴിഞ്ഞ മാസം ഇറാന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നിരുന്നു.
ഏപ്രിലില്‍ തകര്‍ന്നുവീണ എഫ് 15ഇ യുദ്ധവിമാനത്തിലെ ജീവനക്കാരെ ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍ കയറിയാണ് യു.എസ് സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയത്. മാര്‍ച്ച് മാസത്തില്‍ ഇറാഖില്‍ വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നുവീണ് ആറ് സൈനികര്‍ മരണപ്പെട്ടിരുന്നു. വന്‍ സുരക്ഷാ ഭീഷണികള്‍ക്കിടയിലും കാണാതായ സൈനികനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കാണ് നിലവില്‍ നാവികസേന മുന്‍ഗണന നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
