സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിൽ പ്രധാന പെരുന്നാളും ഇടവകയുടെ പത്താം വാർഷികവും

SEPTEMBER 30, 2025, 12:35 AM

സാക്രമെന്റോ: മഹാപരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിൽ പരിശുദ്ധന്റെ 340-ാം ഓർമ്മപ്പെരുന്നാളും ഇടവകയുടെ 10-ാം വാർഷികവും 2025 ഒക്ടോബർ 3, 4 (വെള്ളി, ശനി) ദിവസങ്ങളിൽ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും, പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനിയുടേയും വൈദീകരയുടേയും കാർമ്മികത്വത്തിൽ ഭംഗിയായി ആഘോഷിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.

1593ൽ മൂസലിന് സമീപം കൂദേശ് ഗ്രാമത്തിൽ ഹ്ദായി എന്ന പ്രസിദ്ധ കുടുംബത്തിൽ യൽദോ എന്ന നാമത്തിലായിരുന്നു ജനനം. നന്നെ ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തിൽ ആകൃഷ്ടനായി 'മോർ ബഹനാം' ദയറായിൽ ചേർന്ന് അറബി, സുറിയാനി ഭാഷകളിൽ അകാതമായ പാണ്ഡിത്യം നേടി. എഡി 1678ൽ അബ്ദേദ് മശിഹ പാത്രിയർക്കീസ് ബാവ യൽദോ മോർ ബസ്സേലിയോസ് എന്ന നാമത്തിൽ മഫ്രിയാനയായി വാഴിച്ചു. മർദ്ദീനിലെ ഒരു ദൈവാലയ മൂറോൻ കൂദാശ സമയത്ത് മലങ്കരയുടെ ശോചനീയസ്ഥകളെക്കുറിച്ച് പരിശുദ്ധ അബ്ദേദ് മശിഹ പാത്രിയർക്കീസ് ബാവ പ്രസംഗിച്ചു. ഇത് മനസ്സിലാക്കിയ 92 വയസ്സുകാരൻ യൽദോ മോർ ബസേലിയോസ് മൂസ്സാലിലെ തന്റെ ചുമതലകൾ ത്യജിച്ച് ഇടയനില്ലാതെ കഷ്ടപ്പെടുന്ന മലങ്കരയിലേക്ക് യാത്രയായി.

പായ്ക്കപ്പലിൽ ബസറ വഴി തലശ്ശേരിയിൽ വന്നിറങ്ങി. മലങ്കരയിൽ അന്നുണ്ടായിരുന്ന പറങ്കികളുടെ ആധിപത്യത്തെ ഭയന്ന് വേഷപ്രച്ഛന്നനായി വനാന്തരത്തിലൂടെ കാൽനടയായി പാണ്ടിയിലെ ദണ്ഡിക്കൽ, മൂന്നാർ വഴി പള്ളി വാസലിൽ എത്തിച്ചേർന്നു. യാത്രക്ലേശം മൂലം ക്ഷീണിതനായ ബാവ കോതമംഗലത്ത് എത്തിച്ചേർന്നതിന് ശേഷം 13 ദിവസം മാത്രാണ് മലങ്കരയിൽ ജീവിച്ചരുന്നത്. എഡി 1685 കന്നിമാസം 19-ാം തീയതി ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഈ ലോകത്തോട് യാത്ര പറഞ്ഞ് കർതൃസന്നിധിയിലേക്ക് യാത്രയായി, കോതമംഗലത്ത് മർത്തോമ്മ ചെറിയ പള്ളിയിൽ കബറടക്കി.

vachakam
vachakam
vachakam


1987ൽ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിച്ചു. 3-ാം തീയതി വൈകിട്ട് 6മണിക്ക് അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിക്ക് പള്ളി അങ്കണത്തിൽ സ്വീകരണം നൽകുന്നതും, തുടർന്ന് സന്ധ്യാപ്രാർത്ഥനയും റവ. ഫാദർ അനൂപ് ജേക്കബ് അച്ചന്റെ വചനശുശ്രൂഷയും സണ്ടേ സ്‌കൂൾ വാർഷികവും, അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

4-ാം തീയതി രാവിലെ 8.15ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടത്തപ്പെടുന്നു. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബ്ബാനാനന്തരം പ്രദിക്ഷിണം, ആശിർവാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഇടവകയുടെ 10-ാം വാർഷിക ആഘോഷങ്ങൾ ഇടവക മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

vachakam
vachakam
vachakam

യോഗത്തിൽ വച്ച് ഇടവകയുടെ 10-ാം വാർഷിക സുവനീർ 'തൈബൂസോ' അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്യും. യോഗത്തിൽ വിവിധ സഭാ സാമുദായിക നേതാക്കളും, വൈദീകരും പങ്കെടുത്ത് സംസാരിക്കും. വികാരി റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യും. ട്രഷറാർ പ്രതീഷ് അബ്രഹാം, യോഗത്തിന് നന്ദി രേഖപ്പെടുത്തും. തുടർന്നുള്ള സ്‌നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.


ഈ പെരുന്നാളിൽ നേർച്ചക്കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാൻ വികാരി റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി കർതൃനാമത്തിൽ ഏവരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് വിവാരി റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി 954-907-7154, വൈസ് പ്രസിഡന്റ് യൽദോസ് പാലക്കാടൻ 916-479-1507, സെക്രട്ടറി യൽദോസ് പി.ജി. 904-483-1679, ട്രഷറാർ പ്രതീഷ് എബ്രഹാം 916-846-8920 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

വർഗീസ് പാലമലയിൽ, നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam