40 വര്‍ഷത്തെ ദുരൂഹതയ്ക്ക് ഡിഎന്‍എ പൂട്ട്; വിര്‍ജീനിയ ലൈബ്രറി ജീവനക്കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

MAY 20, 2026, 8:55 PM

വിര്‍ജീനിയ ബീച്ച്: കൃത്യം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അമേരിക്കയിലെ വിര്‍ജീനിയയില്‍ 22 കാരിയായ ലൈബ്രറി ജീവനക്കാരി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട കേസില്‍ പൊലീസ് പ്രതിയെ പിടികൂടി. ആധുനിക ഡിഎന്‍എ സാങ്കേതിക വിദ്യയുടെയും ഫോറന്‍സിക് ജീനിയോളജിയുടെയും സഹായത്തോടെയാണ് 40 വര്‍ഷം പഴക്കമുള്ള ഈ 'കോള്‍ഡ് കേസ്' വിര്‍ജീനിയ ബീച്ച് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് തെളിയിച്ചത്.

കണക്റ്റിക്കട്ടിലെ ന്യൂവിംഗ്ടണില്‍ താമസിക്കുന്ന 66 കാരനായ ചാള്‍സ് റാന്‍ഡല്‍ ബെറി ആണ് കേസില്‍ അറസ്റ്റിലായത്. കണക്റ്റിക്കട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി. നിലവില്‍ 2 മില്യണ്‍ ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്ന പ്രതിയെ വിര്‍ജീനിയയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ പ്രതിക്കെതിരെ ഗ്രാന്‍ഡ് ജൂറി കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

1986 മെയ് 15 ന് രാവിലെയാണ് വിര്‍ജീനിയ ബീച്ചിലെ ഓള്‍ഡ് ഡൊണേഷന്‍ എലിമെന്ററി സ്‌കൂളിന് പിന്നിലെ വിജനമായ വയലില്‍ റോബര്‍ട്ട വാള്‍സ് (22) എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയുടെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകളും ഉണ്ടായിരുന്നു. കൊലപാതകം നടക്കുന്നതിന് തലേദിവസം രാത്രി, സംഭവ സ്ഥലത്തിന് എതിര്‍വശത്തുള്ള ബേസൈഡ് പബ്ലിക് ലൈബ്രറിയിലാണ് റോബര്‍ട്ടയെ അവസാനമായി ജീവനോടെ കണ്ടത്. അവിടെ ജീവനക്കാരിയായിരുന്ന അവര്‍ സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെയാണ് കാണാതാകുന്നത്.

പതിറ്റാണ്ടുകളായി പൊലീസിനെ കുഴക്കിയ കേസില്‍ പല ഘട്ടങ്ങളിലായി മുപ്പതിലധികം ആളുകളെ ചോദ്യം ചെയ്യുകയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്‌തെങ്കിലും എല്ലാവരെയും അന്ന് ഒഴിവാക്കേണ്ടി വന്നു. കൊലപാതകം നടക്കുമ്പോള്‍ പ്രതി യു.എസ് നാവികസേനയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും റോബര്‍ട്ടയുമായി ഇയാള്‍ക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

2017 ല്‍ ശരീരത്തില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിയുടെ ഏകദേശ രൂപരേഖ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2023 ല്‍ 'സെക്ഷ്വല്‍ അസാള്‍ട്ട് കിറ്റ് ഇനിഷ്യേറ്റീവ്' (SAKI) വഴി പൊലീസിന് ലഭിച്ച പ്രത്യേക ഫണ്ടാണ് കേസില്‍ നിര്‍ണായകമായത്. അത്യാധുനിക ഫോറന്‍സിക് ജീനിയോളജി വഴി പ്രതി ചാള്‍സ് ബെറിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സെര്‍ച്ച് വാറണ്ടിലൂടെ ഇയാളുടെ ഡിഎന്‍എ നേരിട്ട് ശേഖരിച്ച് ഒത്തുനോക്കിയതോടെയാണ് 100% കൃത്യതയോടെ പ്രതിയെ പൊലീസ് ഉറപ്പിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറവും തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ചതെന്ന് വിര്‍ജീനിയ ബീച്ച് പൊലീസ് ചീഫ് പോള്‍ നുഡിഗേറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam