ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ വെച്ച് ഐവിഎഫ് ചികിത്സയ്ക്കിടെ ഭ്രൂണം മാറിപ്പോയതിനെ തുടര്‍ന്ന് തങ്ങളുടേതല്ലാത്ത കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത. കുഞ്ഞിനെ തങ്ങളുടെ സ്വന്തം മകളായിത്തന്നെ വളര്‍ത്താന്‍ ജൈവിക മാതാപിതാക്കളുമായി ദമ്പതികള്‍ നിയമപരമായ ധാരണയിലെത്തി. ഒര്‍ലാന്‍ഡോയിലെ ഓറഞ്ച് കൗണ്ടി കോടതിയിലാണ് ജൂണ്‍ 12 ന് ഇത് സംബന്ധിച്ച സംയുക്ത കസ്റ്റഡി കരാര്‍ ഫയല്‍ ചെയ്തത്.
ടിഫാനി സ്‌കോര്‍, സ്റ്റീവന്‍ മില്‍സ് എന്നീ ദമ്പതികള്‍ക്ക് 2025 ഡിസംബറിലാണ് ഷിയാ എന്ന പെണ്‍കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ ശാരീരിക രൂപത്തില്‍ ദമ്പതികള്‍ക്ക് സംശയം തോന്നിയിരുന്നു. വെളുത്ത വര്‍ഗക്കാരായ ടിഫാനിക്കും സ്റ്റീവനും ജനിച്ച കുഞ്ഞിന് മറ്റൊരു വംശീയ വിഭാഗത്തിന്റെ (ദക്ഷിണേഷ്യന്‍ വംശജരുടെ) ശാരീരിക സവിശേഷതകളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് തങ്ങളുടേതല്ലെന്നും ലാബില്‍ ഭ്രൂണം മാറിപ്പോയതാണെന്നും ദമ്പതികള്‍ തിരിച്ചറിഞ്ഞത്.
ഇതേത്തുടര്‍ന്ന് തങ്ങളുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ 'ഐവിഎഫ് ലൈഫ് ഇന്‍ക്' (ഫെര്‍ട്ടിലിറ്റി സെന്റര്‍ ഓഫ് ഒര്‍ലാന്‍ഡോ) എന്ന ക്ലിനിക്കിനും ഡോ. മില്‍ട്ടണ്‍ മക്‌നിക്കോളിനുമെതിരെ ജനുവരിയില്‍ ദമ്പതികള്‍ നിയമപോരാട്ടം ആരംഭിച്ചു. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെയാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ ജൈവിക മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞത്.
നിലവിലെ പുതിയ കരാര്‍ പ്രകാരം ഷിയായുടെ പൂര്‍ണ്ണ സംരക്ഷണ ചുമതല ടിഫാനിക്കും സ്റ്റീവനും ആയിരിക്കും. അതേസമയം കുഞ്ഞിന്റെ യഥാര്‍ത്ഥ ജൈവിക മാതാപിതാക്കളുമായി സൗഹൃദത്തിലും വിശ്വാസത്തിലുമുള്ള ഒരു നല്ല ബന്ധം കെട്ടിപ്പടുക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ദമ്പതികള്‍ വ്യക്തമാക്കി. സ്വകാര്യതാ ലംഘനവും സുരക്ഷയും മുന്‍നിര്‍ത്തി ജൈവിക മാതാപിതാക്കളുടെ വിവരങ്ങള്‍ നിലവില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
കുഞ്ഞിന്റെ കസ്റ്റഡി കാര്യത്തില്‍ അന്തിമ തീരുമാനമായെങ്കിലും ദമ്പതികളുടെ ആശങ്കകള്‍ പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല. തങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ബാക്കി മൂന്ന് ഭ്രൂണങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നതില്‍ ദമ്പതികള്‍ക്ക് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. തങ്ങളുടെ ഭ്രൂണം മറ്റേതെങ്കിലും ദമ്പതികള്‍ക്ക് മാറി നല്‍കിയിട്ടുണ്ടോ എന്ന ഭയവും ഇവര്‍ പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ ക്ലിനിക്കില്‍ നിന്നും ഐവിഎഫ് വഴി കുട്ടികളുണ്ടായ എല്ലാ ആളുകളുടെയും ജനിതക പരിശോധന ക്ലിനിക്കിന്റെ ചെലവില്‍ നടത്തണമെന്നും തങ്ങളുടെ ഭ്രൂണങ്ങളുടെ കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ദമ്പതികള്‍ നിയമപോരാട്ടം തുടരുകയാണ്. വിവാദങ്ങളെ തുടര്‍ന്ന് ഈ ഫെര്‍ട്ടിലിറ്റി ക്ലിനിക് കഴിഞ്ഞ മെയ് മാസത്തില്‍ പൂട്ടിയിരുന്നു. ലാബിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ക്ലിനിക്കിനെതിരെ ശക്തമായ നഷ്ടപരിഹാര നടപടികളുമായി മുന്നോട്ട് പോകുമെന്നും ദമ്പതികളുടെ അഭിഭാഷകന്‍ ജാക്ക് സ്‌കരോള അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
