സബാഷ്..! കണ്ടുപിടിച്ചുകളഞ്ഞു രവ്‌നീത് സിംഗ് ബിട്ടുച്ചാർ..! ഇക്കണ്ടകാലമത്രയും കോൺഗ്രസ്സിന്റെ കൂടാരത്തിൽ ഉണ്ടുറങ്ങി നടന്നിട്ടും കിടന്നിട്ടും പലപണികൾ നോക്കിയിട്ടും പിടികിട്ടാത്ത സംഗതി ബി.ജെ.പിയിലെത്തി ഒരു വർഷം തികയുമുമ്പേ, മൂപ്പർ കണ്ടെത്തി എന്നത് ചില്ലറക്കാര്യമല്ല..!
രാഹുൽ ഗാന്ധി ഒന്നാം നമ്പർ ഭീകരവാദിയെന്നാണ് രവ്‌നീത് സിംഗ് ബിട്ടു എന്ന മന്ത്രിവര്യൻ വിളിച്ചുകൂകി നടക്കുന്നത്. ഇന്നദ്ദേഹം കേന്ദ്ര റെയിൽവെ സഹമന്ത്രിയാണ്. അങ്ങ് അമേരിക്കയിൽ രാഹുൽ നടത്തിയ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ബിട്ടുവിന്റെ നെടുനെടുങ്കൻ വാക്ക്ശരം.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ കോൺഗ്രസ്സ് എന്ന വടവൃക്ഷത്തിൽ നിന്നും ചോരയും നീരും ആവുന്നത്ര ഊറ്റിക്കുടിച്ച് ചീർത്ത വീർത്ത പഞ്ചാബ് കുളയട്ടയാണിദ്ദേഹമെന്നൊക്കെ കോൺഗ്രസ് പ്രേമികൾ പറഞ്ഞേക്കാം. അതൊക്കെ ആരും ഗവനിക്കാൻ പോകുന്നില്ലെന്ന് ആർക്കാണറിയാത്തത്. ബിട്ടൂച്ചാരെപ്പോലുള്ള സ്വയം വികസന കുതുകികളുടെ കൂടാരമായിരുന്നു ഇക്കണ്ട കാലമത്രയും കോൺഗ്രസ്സ് കൂടാരം. അതിൽ നിന്നും അടിച്ചുമാറ്റാവുന്നതും ഊറ്റിയെടുക്കാവുന്നതും അതിനപ്പുറവും കൈക്കലാക്കിയ കുറെ രാജ്യസ്‌നേഹികൾ ബി.ജെ.പിയിലേക്കും ഇതര പാർട്ടികളിലേക്കും വലിഞ്ഞുകയറിയിട്ടുണ്ട്. അവിടെ നിന്നും കിട്ടാവുന്നത്ര സ്ഥാനമാങ്ങൾ കൈക്കലാക്കി, ഊറ്റാവുന്നത്ര ഊറ്റിയെടുത്തേ ഇത്തരക്കാർ കളം കാലിയാക്കുകയുള്ളു വെന്നു കോൺഗ്രസ് പ്രേമം തലക്കുപിടിച്ച ചിലർ കുശുമ്പു പറഞ്ഞേക്കാം. അതൊക്കെ ഈ രാജ്യസ്‌നേഹികൾ സഹിച്ചും ക്ഷമിച്ചും രാജ്യത്തെസേവിച്ചുകഴിയും. അതിലൊന്നും അവർക്ക് തെല്ലും പരിഭവം പോലുമില്ലതാനും.
ദോഷം പറയരുതല്ലോ, മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് അദ്ദേഹം. അധികാരത്തിന്റെ രുചിയും മണവും ഗുണവും ഗുണിച്ചും ഗണിച്ചും അറിഞ്ഞിട്ടുള്ളവൻ. 2009 ൽ ആനന്ദ്പൂർ സാഹിബിൽ നിന്നും ലുധിയാനയിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവൻ.
2014 ലും, 2019 ലും വിജയം ആവർത്തിച്ചു. 2021 മാർച്ച് 11 മുതൽ 2021 ജൂലൈ 18 വരെ ലോക്‌സഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായി തിമിർത്താടിയതിന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കാത്തതിൽ പഞ്ചാബ് മാത്രമല്ല, ഇന്ത്യ മൊത്തം ഇപ്പോൾ വ്യസനിക്കുന്നുണ്ടാകും.
ഇതുകൊണ്ടൊന്നും തീർന്നില്ല, ലോക്‌സഭയിലെ പാർട്ടി വിപ്പായി നിയമിച്ചു. അതുവരെ കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി 2021 പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തിരക്കിലായിരുന്നപ്പോൾ അദ്ദേഹത്തെ ലോക്‌സഭയിലെ കോൺഗ്രസ് നേതാവായി വാഴിച്ചിരുത്തുകയും ചെയ്തു. ഇനി ഗതി ബി.ജെ.പിയിലാണെന്നാരോ കൈനോക്കിപ്പറഞ്ഞതോടെ 2024 മാർച്ച് 24ന് ശുഭമുഹൂർത്തം നോക്കി അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ ചെന്നു ചേർന്നു. പിന്നെ രാജ്യസ്‌നേഹിയായി രൂപാന്തരം പ്രാപിച്ചു. കാവിത്തലപ്പാവുചുറ്റി കർമ്മധീരനായി നിൽക്കുന്നു പഞ്ചാബിന്റെ ഈ കാരിരുമ്പൻ..! അധികാരമോഹിയെന്നോ, കുതികാലുവെട്ടിയെന്നോ ഒക്കെ കാലം മുപ്പരെ അഭിസംബോധന ചെയ്‌തേക്കാം. അതിൽ ആർക്കെന്തു നഷ്ടം. നമുക്കും കിട്ടണം പണവും പരിഗണനയും പദവിയും അല്ലപിന്നെ...!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്