എന്തിനു പറയുന്നു.., പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയവും അതിലേറെ പാരമ്പര്യവുമുണ്ടെങ്കിലും ഇന്നേവരെ അത്രയ്‌ക്കൊന്നും ശ്രദ്ധയിൽപ്പെടാത്തവളാണ് സൂസി വൈൽസ്. ഇതായിപ്പോൾ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മുതിർന്നവ്യക്തി എന്നതിനേക്കാൾ ഏറെ ഇരുത്തം വന്ന രാഷ്ട്രീയ തന്ത്രജ്ഞകൂടിയാണ് സൂസി വൈൽസ്. അമേരിക്കയുടെ ചരിത്രത്തിൽ തന്നവൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാകുന്ന ആദ്യ വനിതകൂടിയാണ് കക്ഷി. ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ നിർണായക പ്രഖ്യാപനമായിരുന്നു ഇത്.
'എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സൂസിയുടേത്. അമേരിക്കയുടെ ഉന്നമനത്തിനായി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ട്രംപിന്റെ ചരിത്രവിജയത്തിന്റെ പതാകവാഹകയായിരുന്നു. തന്റെ ഭരണകൂടത്തിൽ ആർക്കൊക്കെയാണ് സ്ഥാനമെന്നകാര്യത്തിൽ ട്രംപ് വരും ദിവസങ്ങളിൽ തന്നെ വ്യക്തത വരുത്തുമെന്ന സൂചനകൂടിയാണ് ഈ നിയമനം നടത്തിയിരിക്കുന്നത്.
ആരാണ് സൂസി വൈൽസ് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയിതാണ്. ഫ്‌ളോറിഡ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന വ്യക്തിയാണ് സൂസി വൈൽസ്. 1970കളിൽ ന്യൂയോർക്കിന്റെ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്ന ജാക്ക് കെമ്പിന്റെ വാഷിങ്ടൺ ഓഫീസിൽ പ്രവർത്തിച്ചാണ് കരിയറിന്റെ തുടക്കം. പിന്നീട് അമേരിക്കയുടെ 40-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൊണാൾഡ് റീഗന്റെ പ്രചാരണത്തിലും ഭാഗമായി. വൈറ്റ് ഹൗസിൽ റീഗന്റെ ഷെഡ്യൂളറായും പ്രവർത്തിച്ചു വൈൽസ്.
പിന്നീട് ഫ്‌ളോറിഡ രാഷ്ട്രീയത്തിലായിരുന്നു വൈൽസിന്റെ സാന്നിധ്യം കണ്ടത്. നിരവധി തിരഞ്ഞെടുപ്പുകളിൽ വിവിധ സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് നേതൃത്വം കൊടുത്തു. 2011ൽ റിക് സ്‌കോട്ട് ഫ്‌ളോറിഡയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിൽ വൈൽസ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2012ൽ യുറ്റാ ഗവർണർ ജോൻ ഹണ്ട്‌സ്മാന്റെ പ്രസിഡന്റ് പ്രചാരണത്തിലും വൈൽസ് മുൻനിരയിൽ നിന്ന് വോട്ടുപിടിച്ചിരുന്നു. എന്നാൽ, ഹണ്ട്‌സ്മാന്റെ പ്രചാരണത്തിന്റെ പൂർണ ഉത്തരവാദിത്തം വൈൽസിന്റെ കൈകളിലായിരുന്നില്ല.
അതിനുശേഷമാണ് വൈൽസ് ട്രംപുമായി ചേർന്ന് പ്രവർത്തിക്കുന്നത്. 2016ൽ ട്രംപിനായി ഫ്‌ളോറിഡയിൽ പ്രചാരണം കൈകാര്യം ചെയ്തത് വൈൽസായിരുന്നു. ഫ്‌ളോറിഡയിലെ വിജയം ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്ര വളരെയേറെ സുഗമമാക്കിത്തീർത്തു.
രണ്ട് വർഷത്തിന് ശേഷം റോൻ ഡി സാന്റിസ് ഫ്‌ളോറിഡയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈൽസിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു പിന്നിൽ. എന്നാൽ, ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2020ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി സാന്റിസും ട്രംപും നേർക്കുനേർ വന്നു. അന്ന് ട്രംപിനായി പ്രവർത്തിച്ച് സാന്റിസിന്റെ സാധ്യതകൾ ഇല്ലാതാക്കിയത് വൈൽസായിരുന്നു.
മൂന്നാം തവണ ട്രംപ് പ്രസിഡന്റ് കുപ്പായം ഉന്നമിട്ടപ്പോഴും പ്രചാരണത്തിന്റെ ഉത്തരവാദിത്തം വൈൽസിന് തന്നെ ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ട്രംപുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വൈൽസ്. ട്രംപിന്റെ വിവിധ ക്രിമിനൽ, സിവിൽ കേസുകളിൽ അഭിഭാഷകരുമായി നിർണായക തീരുമാനങ്ങൾ സ്വീകരിച്ചതും വൈൽസായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടാൻ തന്നെ സഹായിച്ചത് വൈൽസാണെന്നായിരുന്നു ട്രംപ് ഇടയ്ക്കും തലയ്ക്കും പറയാനും മടിച്ചിരുന്നില്ല.
രാഷ്ട്രീയ സമീപനങ്ങളിൽ കൂടുതൽ അച്ചടക്കത്തോടെ ട്രംപ് ഇന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ വൈൽസിന്റെ ഇടപെടലാണെന്ന് അമേരിക്കാക്കാർക്കെല്ലാം അറിയാം. അതായത് അതിശൂരനായ ട്രംപിനെ മൂക്കുകയറിട്ടു നിർത്തിയിരിക്കുന്നത് വാസ്തവത്തിൽ ഈ സൗമ്യയായ വനിതാരത്‌നമാണ്. ട്രംപിന്റെ കൂട്ടാളികൾക്കിടയിൽ മാത്രമല്ല എതിരാളികളും ഇതുതന്നെ ആവർത്തിക്കുന്നു. ലോകത്തിന് അപകടകരമായ കടുത്ത തീരുമാനങ്ങളെടുക്കാതിരിക്കാൻ മൂക്കുകയറിൽ ശക്തിയായി പിടിച്ചുനിർത്താനുള്ള ശക്തിയും ധൈര്യവും ഈശ്വരൻ ഈ മഹിളാമണിക്ക് നൽകട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്